ഇടയ്ക്കിടെ പേപിടിക്കുകയും ഇടയ്ക്കിടെ സ്വബോധത്തിലേക്ക് തിരിച്ചുവന്ന് ജീവനുവേണ്ടിയും യാചിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ ഓര്‍ത്ത് നോക്കൂ? അഭിരാമിയുടെ മരണം ഒരു തീരാവേദനയാണ്; ആ കുഞ്ഞിന്റെ മരണത്തിലെ ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കള്‍ക്ക് പഞ്ചായത്ത് സംരക്ഷണം ഒരുക്കണം, അതിന്‌ അടിച്ചുമാറ്റുന്നതിന്റെ ഒരംശം മാത്രം മതി! പേവിഷ ബാധയെക്കുറിച്ച് വിദഗ്ധ സമിതി പഠിച്ചുതീരുമ്പോഴേക്കും എത്ര പേര്‍ മരിക്കേണ്ടി വരും? - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അഭിരാമി എന്ന 12 കാരി നമ്മുടെ നെഞ്ചിലെ തീരാനീറ്റലായി മാറുന്നു. അവള്‍ ജീവിതത്തെ കണ്ടറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളു. പട്ടിയെയും പേപ്പട്ടിയെയും തിരിച്ചറിയാനുള്ള മാപിനികളൊന്നും അവള്‍ക്കാരും നല്‍കിയിരുന്നില്ല. തെരുവുപട്ടികള്‍ സാധാരണ കാഴ്ചകളാകുമ്പോള്‍ അപകടം എവിടെന്നവള്‍ ചിന്തിച്ചിരിക്കില്ല.

ദൈവത്തെ മൈനറാക്കി സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിച്ച കോടതികളുടെ നാടാണിത്. അനാഥരുടെ ഉടമസ്ഥന്‍ സര്‍ക്കാരാണ്. മൈനറെന്ന ദൈവത്തിന്‍റെ അവകാശത്തിനുടമയാണ് അഭിരാമി. അവളും മൈനറാണ്. രക്ഷാകര്‍ത്താക്കളെക്കാള്‍ അവളെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. കാരണം അവള്‍ മൈനറാണ്.

പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ഭരണകൂടത്തിന്‍റെ പ്രാഥമിക കര്‍ത്തവ്യം. അതിനു വിഘ്നമുണ്ടാകുമ്പോഴാണ് നാം കോടതിയെ സമീപിക്കുന്നത്. അങ്ങനെ നിയമങ്ങളുള്ള നാട്ടില്‍ അഭിരാമിയുടെ ജീവന്‍റെ ചുമതല ആര്‍ക്കായിരുന്നു. അവളെ തെരുവുനായ കടിച്ചതിന് അവളാണോ ഇത്തരവാദി ? അവളുടെ മുഖത്താണു കടിച്ചത്.

മുഖത്തു പേപ്പട്ടി കടിച്ചാല്‍ വേഗത്തില്‍ വൈറസുകള്‍ തലച്ചോറിലെത്തുമെന്ന ശാസ്ത്രം ഈ 12 കാരിക്കറിയാമായിരുന്നില്ല. കടിച്ചത് പേപ്പട്ടിയാണെന്നുപോലും അവള്‍ക്കറിയില്ലായിരുന്നു. കടിച്ചോളൂ എന്നു പറ‍ഞ്ഞ് അവള്‍ പേപ്പട്ടിക്കു മുമ്പില്‍ മുഖം കൊണ്ടു വച്ചു കൊടുത്തതാകാന്‍ തരമില്ലല്ലോ.


ന്യായീകരണ തൊഴിലാളികള്‍ ഇനി അതും പറയുമായിരിക്കും. മറുപടി പറയാന്‍ അഭിരാമിയില്ലല്ലൊ.


പേപ്പട്ടികളെ കൊല്ലണം. വളര്‍ത്തു നായ്ക്കളെ വാക്സിന്‍ നല്‍കി സംരക്ഷിക്കണം. അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കളെ പഞ്ചായത്തുകള്‍ സംരക്ഷിക്കണം. ഒരു പഞ്ചായത്തില്‍ 50 സെന്‍റു സ്ഥലം സംഘടിപ്പിച്ച് തെരുവു നായ്ക്കള്‍ക്കൊരു ഭവനം തീര്‍ത്തുകൂടെ ? അടിച്ചുമാറ്റുന്നതിന്‍റെ ഒരംശം മതിയല്ലോ ഇതിനൊക്കെ ! ഹോട്ടല്‍ വേസ്റ്റ് കൊടുത്താല്‍ അവ തിന്നോളും. ചിക്കനും മട്ടണും വേണമെന്നവ നിര്‍ബന്ധം പിടിക്കില്ല. കാരണം അവയ്ക്കു കുരയ്ക്കാനും കരയാനുമേ അറിയൂ.


അഭിരാമി മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷ് കുമാറിന്‍റെയും കെ.ആര്‍. രജനിയുടെയും മകളാണ്. (അശ്രദ്ധയോടെ മകളെ പുറത്തിറക്കി വിട്ടതിന് ഇനി ഇവരുടെ പേരില്‍ കേസെടുക്കരുത് പോലീസേ)


അഭിരാമിയെ ആദ്യം എത്തിച്ചത് ളാഹ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ആരോഗ്യ വകുപ്പിന്‍റെ കൃത്യനിഷ്ട കാരണം അവിടം തുറന്നിരുന്നില്ല. പക്ഷേ അവിടെ കാവലിന് പോലീസുകാരുണ്ടായിരുന്നത്രെ. അവര്‍ പറഞ്ഞതനുസരിച്ച് പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്ക്ക് അഭിരാമിയെ കൊണ്ടുപോയി. പേപ്പട്ടി കടിച്ചത് അവര്‍ക്ക് ഗുരുതരമായി തോന്നിയില്ല. പരിശോധനക്കും പ്രതിരോധ കുത്തിവയ്പ്പിനുമായി കുറെ കാത്തുനില്‍ക്കേണ്ടി വന്നു. അപ്പോഴാണ് ഗുരുതരമായ പ്രശ്നം ഉടലെടുത്തത്. മുറിവ് കഴുകി വൃത്തിയാക്കേണ്ടതല്ലേ ? ആരതു ചെയ്യും. മാത്രമല്ല ജില്ലാ ആശുപത്രിയില്‍ അലക്കു സോപ്പില്ല. അലക്കു സോപ്പ് തുണി കഴുകാന്‍ മാത്രമല്ല പട്ടി കടിക്കുന്ന മുറിവു കഴുകാനും ഉപയോഗിക്കാം. അതിലെന്താ തെറ്റ്.

മാതാപിതാക്കള്‍ അലക്കുസോപ്പിനായി ഓടി. സോപ്പുമായി വന്നപ്പോള്‍ വിശാലഹൃദയനായ ഡോക്ടര്‍ നഴ്സിനോട് മുറിവു വൃത്തിയാക്കാന്‍ ആജ്ഞാപിച്ചു.


എന്തു നല്ല ഡോക്ടര്‍ ! ഡോക്ടര്‍ നഴ്സിനോട്. നഴ്സ് അറ്റന്‍ഡറോട് ആജ്ഞാപിച്ചു. അറ്റന്‍ഡര്‍ മാതാപിതാക്കളോട്. അതാണെല്ലോ സര്‍ക്കാര്‍ മുറ.


മാതാപിതാക്കള്‍ മുറിവു കഴുകാന്‍ തുടങ്ങി. കണ്ണിന്‍റെ താഴെയാണു മുറിവ്. എങ്ങിനെ കഴുകണമെന്ന് ആ മണ്ടര്‍ക്കറിയില്ലായിരുന്നു. അതു പഠിക്കാതിരുന്നതവരുടെ കുറ്റം. എങ്കിലും കഴുകി. വേറെ എവിടേക്കെങ്കിലും കൊണ്ടുപോകണോ ? ചോദ്യം അധികൃതര്‍ക്കു രസിച്ചില്ല. ഇവിടെ മതി. ഉത്തരമെത്തി.

ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ വീട്ടിലേക്കു പോന്നു. പിന്നീട് അതിരാവിലെയോടെ നില വഷളായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും അവര്‍ തള്ളിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

സ്രവ പരിശോധന രക്ഷാകര്‍ത്താക്കളുടെ ചുമതലയാണെന്ന് ആ പാവങ്ങള്‍ക്കറിയില്ലായിരുന്നു. മൂന്നു പോസ്റ്റ് ഓഫീസുകളില്‍ കയറിയിറങ്ങി. ഇതൊക്കെ അറിയില്ലാത്തവര്‍ രക്ഷാകര്‍ത്താക്കളാകാന്‍ പാടുണ്ടോ ? അതു നടന്നില്ല. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജിനു കരുണ തോന്നി. സ്രവം അവര്‍ പൂനക്കയച്ചു. പക്ഷെ അവര്‍ നിയമം നോക്കി. പൂനയിലെ ഫലം അറിയാതെ ചികിത്സിക്കാനാവില്ല.

പേപ്പട്ടി വിഷം അതുവരെ കാത്തുനില്‍ക്കുമെന്നവര്‍ കരുതി. ആര്‍ക്കും വേണ്ടി കാത്തുനിന്നില്ല. അഭിരാമി പേപ്പട്ടിയേപ്പോലെ കിതച്ചും കുരച്ചും കരഞ്ഞും നുരയും പതയും ഒഴുക്കി മരിച്ചു. പേപിടിച്ചുള്ള മരണം ഹൃദയഭേദകമായ കാഴ്ചയാണ്. ഇടയ്ക്കിടെ പേപിടിക്കുകയും ഇടയ്ക്കിടെ സ്വബോധത്തിലേയ്ക്കു തിരിച്ചുവന്ന് ജീവനുവേണ്ടി യാചിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ ഓര്‍ത്തു നോക്കൂ. അവളെ ഒടുവില്‍ അവര്‍ പൂട്ടിയിട്ടിട്ടുണ്ടാകും. ആ നിലയില്‍ കിടന്നുകൊണ്ടാണ് രോഗി ജീവനുവേണ്ടി യാചിച്ചിട്ടുണ്ടാവുക.


ആരാണ് പ്രതി ? സര്‍ക്കാരല്ലാതെ മറ്റാരാണ് ? തെരുവു നായ്ക്കളെ യഥേഷ്ടം വിഹരിക്കാന്‍ വിടാന്‍ പൊതുജനം പറഞ്ഞോ ? അവയെ വന്ധ്യംകരിക്കേണ്ടെന്നു ജനം പറഞ്ഞോ ?


അവരെ സുരക്ഷിതമായി സംരക്ഷിക്കേണ്ടന്നു ജനം പറഞ്ഞോ ? പിന്നെന്തിനു ജനത്തെ പഴിക്കണം ? വാക്സിനുണ്ടല്ലോ. ഗ്യാരന്‍റി ഇല്ലാത്ത നാടാണിത്.

എവിടെയാണ് രക്ഷ ? വിദഗ്ദ്ധ സമിതിയെ നിയമിക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി തടിയൂരി. അതും വൈകി. ഇനി വിദഗ്ദ്ധ സമിതി പഠിച്ചു തീരുമ്പോഴേക്കും എത്രപേര്‍ കുരച്ചു കുരച്ചു മരിക്കേണ്ടിവരും ? കേന്ദ്രത്തെ പഴിചാരി രക്ഷപെടാനാകുമോ ? പേവിഷ വാക്സിന്‍ എങ്ങും കിട്ടാത്തതൊന്നുമല്ലല്ലൊ. കോവിഡ് കാലത്ത് കിറ്റു വാങ്ങാന്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ വേഗതകാട്ടിയ സര്‍ക്കാരല്ലേ ?

അഭിരാമിയുടെ ജീവനാരു മറുപടി പറയും ? അവളുടേതല്ലാത്ത കുറ്റത്തിന് സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന്‍റെ അനാസ്ഥകൊണ്ടുണ്ടായ മരണത്തിന് ആരാണുത്തരം പറയുക ?

Advertisment