രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തുടക്കം ഗംഭീരമായി. അതിന്‍റെ ഉദ്ഘാടന ചിത്രം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്‍കുന്ന ഒരു സന്ദേശമുണ്ട്. രാഹുല്‍ ഗാന്ധിതന്നെ കോണ്‍ഗ്രസില്‍ പിടിമുറുക്കും. അധ്യക്ഷനായാലും അല്ലെങ്കിലും. നശിച്ചാലും നന്നായാലും.
കോണ്‍ഗ്രസിലെ പദവികളൊന്നും ജി 23 ക്കാര്‍ കരുതുംപോലെ രാഹുല്‍ ഗാന്ധി ഉപേക്ഷിക്കില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ പിന്തുണക്കുന്നയാളായിരിക്കും ജയിക്കുക. ഇനി അല്‍പ്പം ജനാധിപത്യമായിക്കളയാമെന്നു കരുതിയാണ് തെരഞ്ഞെടുപ്പ് അനുവദിച്ചതുതന്നെ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. അതിന്‍റെ നേട്ടം കേരളത്തില്‍ മാത്രമാണു ലഭിച്ചത്.
അതും ശബരിമലയും കൂടിയായപ്പോള്‍ 19 സീറ്റു നല്‍കി ജനം യു.ഡി.എഫിനെ അങ്ങനുഗ്രഹിച്ചു കളഞ്ഞു. പക്ഷെ രാഹുലിനെ ഹിന്ദിബല്‍റ്റ് കൈവിട്ടുകളഞ്ഞു. അവര്‍ക്കു വേണ്ടതു കാവിയും ഹൈന്ദവത്വവും അതുവഴി മോഡിയുമായിരുന്നു.
ക്ഷേത്രത്തില്‍ പോയിട്ടും കൈയ്യില്‍ ചരട് ജപിച്ചുകെട്ടിയിട്ടും അയോധ്യാ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചിട്ടും രാഹുലിനെ ഹിന്ദു സംരക്ഷകനായി ഹിന്ദിക്കാര്‍ കരുതിയില്ല.
ക്രിസ്ത്യാനിയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നതുകൊണ്ടു കൂടിയാണോ എന്നറിയില്ല, ഭരണം കൈയ്യാളുന്ന രാജസ്ഥാനിയും ചത്തിസ്ഖട്ടിലും പോലും അന്നു നില മെച്ചപ്പെടുത്തിയില്ല. അങ്ങനെയാണ് കോണ്‍ഗ്രസിലെ ദേശീയ തിരുത്തല്‍ വാദികള്‍ ജി 23 എന്നപേരില്‍ പുറത്തുവന്നത്.
അവരുമായി പേരിനു ചില ചര്‍ച്ചകള്‍ നടത്തിയതൊഴിച്ചാല്‍ അവരെ ഉള്‍ക്കൊള്ളുന്നതിനൊന്നും സോണിയാ ഗാന്ധിയോ രാഹുലോ ശ്രമിച്ചതുമില്ല. ഇപ്പോള്‍ ജി 23 ല്‍ എത്രപേര്‍ അവശേഷിക്കുന്നു എന്നറിയില്ല.
ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി അടുക്കാന്‍ പോകുന്നു. ബാക്കിയുള്ളവരും ഒടുവില്‍ ചെന്നുചേരുക ബി.ജെ.പി പാളയത്തില്‍ തന്നെയായിരിക്കും. കാരണം ഇന്ത്യയില്‍ ദേശീയതലത്തില്‍ ഒരു മൂന്നാം ബദലിനു പ്രസക്തിയില്ല എന്നതു തന്നെ.
സംസ്ഥാന കക്ഷികളെയും ഇടതു പക്ഷത്തെയും എയ്ച്ചുകെട്ടിയുണ്ടാക്കുന്ന മൂന്നാം മുന്നണി ഒരു തട്ടിക്കൂട്ട് മുന്നണിയാകുമെന്നും ആയുസേറെയില്ലാതെ തവിടുപൊടിയാകുമെന്നുമാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ ഇടതുപക്ഷവും മൂന്നാം ബദലിനെക്കുറിച്ചു പറയുന്നില്ല.
ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളിലെ പ്രബല കക്ഷികളെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു പതിവ്. കേരളത്തില്‍ കെ. കരുണാകരന്‍ എല്ലാ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി. ഈ ബുദ്ധി രണ്ടിടങ്ങളിലേയും കോണ്‍ഗ്രസു നേതാക്കള്‍ക്കുദിക്കാതെ പോകുന്നു.
സ്വതവേ ദുര്‍ബലമായ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തില്‍ ജി 23 കാര്‍ക്കു പുറത്തേക്കുള്ള വാതില്‍ തുറന്നു വച്ചിരിക്കുകയാണു സോണിയയും രാഹുലും. പോകുന്നെങ്കില്‍ പോകട്ടെ. വിശ്വസ്തരുടെ ഒരു കൂട്ടം മാത്രമായി കോണ്‍ഗ്രസിനെ മാറ്റാനാണ് രാഹുലിന്‍റെ ശ്രമം.
തങ്ങളുടെ നേതൃത്വത്തെ അംഗീകരിക്കുന്നവരെ എങ്ങനെയും ഒപ്പം നിര്‍ത്തുകയെന്ന ഇന്ദിര - കരുണാകരന്‍ രീതികള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. പുകഞ്ഞ കൊള്ളി പുറത്ത് - എന്നതാണിപ്പോഴത്തെ ലൈന്‍.
പണ്ട് കോണ്‍ഗ്രസ് ബുദ്ധിരാക്ഷസന്‍മാരുടെ ഒരു കൂടാരമായിരുന്നു. ഇപ്പോള്‍ ആ ദുഷ്പേരു മാറികിട്ടി. എറാന്‍മൂളികളും പെട്ടിയെടുപ്പുകാരും യെസ് മാഡം കാരും മാത്രം മതിയെന്നാണോ ? പാര്‍ട്ടി സ്വത്തുക്കളും സ്വന്തം ജീവിത സുരക്ഷയും സൗകര്യങ്ങളുമായിരിക്കാം സോണിയ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്. അതിനേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നവര്‍ ചിന്തിക്കേണ്ടതല്ലേ.
ബി.ജെ.പിയെ നോക്കൂ. അവര്‍ പാര്‍ട്ടിക്കു ഫണ്ടുണ്ടാക്കുന്നു. ഓഫീസുകള്‍ നവീകരിക്കാനും സംസ്ഥാനങ്ങളില്‍ താമര വിരിയിക്കാനുമാണ് പണമെറിയുന്നത്. 20 കോടിയാണ് ഒരു എം.എല്‍.എയുടെ വില. അത്ര കൊടുത്താലെന്താ എത്ര സംസ്ഥാനങ്ങളിലാണ് അവര്‍ ഭരണം പിടിച്ചത്. കെജ്രിവാള്‍ തലനാരിഴക്കാണു രക്ഷപെട്ടത്.
കേരളത്തില്‍ 25 കോടി വരെ വില പറഞ്ഞതായാണ് വിവരം. കടത്തില്‍ മുങ്ങി നില്‍ക്കുന്നവര്‍ക്കും ഒരു തവണകൂടി ജയിക്കുമെന്നു പ്രതീക്ഷയില്ലാത്തവര്‍ക്കും ഒരു കൈ നോക്കാവുന്നതാണ്. താമര വല രണ്ടു പേരുടെ തലക്കുമേല്‍ കിടന്നു കറങ്ങുന്നതായാണ് വിവരം.
സോണിയ കുടുംബം മാറിനില്‍ക്കുമെന്നും മറ്റൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടാണ് രാഹുല്‍ യാത്ര പ്രഖ്യാപിച്ചത്. 150 ദിവസം, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ. ഇതിനിടക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കും. (ചിലപ്പോള്‍) ജയിക്കുന്നതു രാഹുലായിരിക്കും. മല്‍സരിച്ചാലും മറ്റൊരാളെ നിര്‍ത്തിയാലും.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പൊളിഞ്ഞു പാളീസായി നില്‍ക്കുകയാണെങ്കിലും കേരളത്തില്‍ ചില സാധ്യതകള്‍ കാണുന്നുണ്ട്. കിറ്റിന്‍റെയും കോവിഡിന്‍റെയും തിളക്കമൊക്കെ മങ്ങി തുടങ്ങി. പുതിയ തന്ത്രങ്ങളിറക്കാന്‍ പണവുമില്ല.
അപ്പോള്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമൊന്നും ഇടതുപക്ഷത്തിനു നേടാനാവുമെന്നു തോന്നുന്നില്ല. എന്തു കിട്ടിയാലും നേട്ടമെന്നതാണിപ്പോഴത്തെ സ്ഥിതി. കാരണം ഒന്നിനു മുകളിലെത്രയായാലും നേട്ടം തന്നെ.
കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കൈ പൊക്കി നില്‍ക്കുന്നവരില്‍ ഒരു മലയാളി മാത്രമേയുള്ളു. കെ.സി വേണുഗോപാല്‍. അതു നല്‍കുന്ന സന്ദേശം വ്യക്തമാണ്.
ദേശീയ നേതാവായി കേരളത്തില്‍ നിന്നു കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുക വേണുഗോപാലിനെത്തന്നെയാണ്. വിരമിച്ചതിനാല്‍ എ.കെ ആന്‍റണിയേയും രോഗാവസ്ഥയിലായതിനാല്‍ ഉമ്മന്‍ ചാണ്ടിയേയും ഇനി ഉയര്‍ത്തിക്കാട്ടിയിട്ടു പ്രയോജനമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം.
പിന്നെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാവുന്നത് രമേശ് ചെന്നിത്തലയെയാണ്. ചെന്നിത്തലയെ ഗുജറാത്തിലേക്കൊതുക്കിക്കളഞ്ഞു. മുമ്പ് എ.കെ ആന്‍റണിക്കു കിട്ടാത്ത പ്രാധാന്യമാണിപ്പോള്‍ വേണുവിനു കൈവന്നിരിക്കുന്നത്.
മുമ്പ് മന്‍മോഹന്‍ സിംഗിനും പ്രണാബ് കുമാര്‍ മുഖര്‍ജിക്കും ഇപ്പുറമായിരുന്നു ആന്‍റണിയുടെ സ്ഥാനം. ഇപ്പോള്‍ വേണുവിന് രാഹുല്‍ ഗാന്ധിയുടെ വലതു വശത്ത് (തൊട്ടടുത്ത്) തന്നെ സ്ഥാനം ലഭിച്ചു. യഥാര്‍ത്ഥ വലം കൈ. രാഹുലിനിപ്പുറം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടാണെന്നോര്‍ക്കുക.
അതു നമ്മോടുപറയുന്നതെന്താണ് ? വേണുഗോപാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള ഏക ദേശീയ നേതാവ് എന്നതു തന്നെ. കുറഞ്ഞ കാലം കൊണ്ട് ഈ പദവി നേടിയ വേണുഗോപാലിനെ അഭിനന്ദിക്കാം. ഒപ്പം രമേശിനോടും സതീശനോടും സുധാകരനോടും അഭ്യര്‍ത്ഥിക്കാം. കടിപിടി കൂടി അടുത്ത തെരഞ്ഞെടുപ്പില്‍ ലഭിക്കാനിടയുള്ള മുന്‍തൂക്കം കളഞ്ഞു കുളിക്കരുത്.