സിദ്ധിഖ് കാപ്പൻ സംഭവത്തിൽ തെറ്റുകളും വീഴ്ചകളും പോലീസിന്റെ ഭാഗത്തുണ്ട്, കാപ്പന്റെ ഭാഗത്തുമുണ്ട്. കാപ്പൻ പോപ്പുലർ ഫ്രണ്ട് യോഗത്തിൽ പങ്കെടുത്തെന്നതോ ലഘുലേഖകൾ കണ്ടെത്തിയതോ കോടതിയിൽ നിലനിൽക്കുന്ന വാദങ്ങളല്ല. എന്നാൽ, ഹസ്രാത്തിലേയ്ക്ക് പോയ കാപ്പനൊപ്പം കാറിലുണ്ടായിരുന്നവരൊക്കെ ഏതെങ്കിലും ഒരു മുൻ കലാപ കേസുകളിലെ പ്രതികളായിരുന്നു. ഇവര്‍ എങ്ങനെ കാറിലുണ്ടായി ? കാപ്പന് ഇവരുമായുള്ള ബന്ധം എന്ത് ? കാപ്പന്‍ വിശുദ്ധനാകണമെങ്കിൽ മറ്റുള്ളവർക്ക് ബോധ്യമാം വിധം ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം- 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ബി.ജെ.പി അനുകൂലികളും എതിരാളികളും തമ്മിലുള്ള വലിയ സൈബര്‍ യുദ്ധത്തിനു കളമൊരുക്കിയിരിക്കുകയാണ്. സന്ദീപ് വാര്യര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

ഹസ്രത് സംഭവസ്ഥലക്കേയ്ക്ക് കാറുമുഴുവന്‍ കലാപകാരികളെയും കൊണ്ടുപോയ കാപ്പന്‍ വിശുദ്ധനല്ലെന്നാണ് ശ്രീജിത് വാര്യര്‍ പറഞ്ഞത്. കാപ്പനെതിരെ മനോരമ ലേഖകന്‍ ബിനു നല്‍കിയ മൊഴിയാണ് പോലീസിന് മുഖ്യ തെളിവായത്.

publive-image

അഴിമുഖം പോര്‍ട്ടലിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയതെന്നാണ് കാപ്പന്‍ പറഞ്ഞത്. കൂടെ ആരൊക്കെ യാത്രചെയ്തുവെന്ന കാര്യം മലയാള മാധ്യമങ്ങളും കാപ്പനും മറച്ചുവയ്ക്കുകയാണ്.

ബിനുവിനെതിരെ കൊലവിളിയുമായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടക്കുകയാണ്. സ്വദേശാഭിമാനിക്കു ശേഷം മാധ്യമങ്ങള്‍ വാഴ്ത്തുന്നത് കാപ്പനെയാണല്ലോ എന്ന പരിഹാസവും ബി.ജെ.പി വക്താവ് നടത്തിയിരിക്കുന്നു ഫേസ്ബുക്കില്‍.


മലയാള മാധ്യമങ്ങള്‍ പൊതുവേ ബി.ജെ.പി വിരുദ്ധരാണെന്നതു ശരിയാണ്. കാരണം വായനക്കാരും കാഴ്ചക്കാരുമാണല്ലൊ അവര്‍ക്കു പ്രധാനം. യു.ഡി.എഫ്, എല്‍.ഡി.എഫ്, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവെ ബി.ജെ.പി വിരുദ്ധരാണ്.


ഇവര്‍ തന്നെ കേരള ജനതയുടെ 75 ശതമാനത്തിലധികം വരും. അപ്പോള്‍ പിന്നെ 19 ശതമാനമുള്ള ബി.ജെ.പിയെ പിന്തുണച്ചാല്‍ പച്ചതൊടാനാവില്ലെന്നവര്‍ക്കറി യാം . അതാണിതിന്‍റെ പ്രേഷകശാസ്ത്രം.

സിദ്ദിഖ് കാപ്പന്‍ കേസിലെ സത്യാവസ്ഥ ?

ഹസ്രാത് എന്ന സ്ഥലത്ത് ഒരു താഴ്ന്ന ജാതിക്കാരി പെണ്‍കുട്ടിയെ ഉന്നത ജാതിക്കാരനായ പ്രമാണിമാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതാണ് സംഭവം. വലിയ പ്രക്ഷോഭങ്ങള്‍ നടന്നു.

പ്രതികളെ പിടിക്കുകയും 25 ലക്ഷവും ജോലിയും വീടും ആശ്രിതര്‍ക്കു നല്‍കുകയും ചെയ്തു യോഗി സര്‍ക്കാര്‍. രണ്ടു വര്‍ഷം ജയിലില്‍ കിടന്ന കാപ്പനുവേണ്ടി കപില്‍ സിബിലും സര്‍ക്കാരിനു വേണ്ടി മഹേഷ് ജത്‌മലാനിയുമാണ് ഹാജരായത്.

അണ്‍ലോഫുള്‍ അക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്റ്റ് (യു.എ.പി.എ) ആണ്  കാപ്പനെ അകത്താക്കിയത്. 2020 ഒക്ടോബര്‍ 5 ന് കാപ്പന്‍റെ സംഘത്തെ മധുരയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹത്രാസിലേക്കു പോവുകയായിരുന്നു അവര്‍.

സിദ്ദിഖ് തേജസ് എന്ന പത്രത്തിന്‍റെ ലേഖകനായിരുന്നു (പത്രം നിര്‍ത്തി). അതിന്‍റെ അക്രെഡിറ്റേഷനാണ് കാണിച്ചതെന്ന വാദം സുപ്രീം കോടതി തള്ളി. കാരണം പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയല്ല. തേജസ് പത്രം ഉണ്ടായിരുന്നപ്പോള്‍ ലഭിച്ച അക്രെഡിറ്റേഷന്‍ കാര്‍ഡാണ്. ( തേസജിന്‍റെ ഉത്ഘാടനത്തിനു ആശംസാ പ്രസംഗകനായിരുന്നു ഞാനും ).


കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മീറ്റിംഗില്‍ പങ്കെടുത്തു എന്നതായിരുന്നു അടുത്ത വാദം. ജന്മഭൂമി പത്രത്തിലുള്ളവര്‍ ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കാറില്ലെ ? പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലെ അത് നിയമവിരുദ്ധമാകൂ എന്നാര്‍ക്കാണറിയാത്തത് ?


45000 രൂപ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നല്‍കിയെന്നതാണ് മറ്റൊരാരോപണം. ഇത്രയും രൂപകൊണ്ടാര്‍ക്കാണ് കലാപം ആസൂത്രണം ചെയ്യാന്‍ കഴിയുന്നത് ? ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ കാറില്‍ ഉണ്ടായിരുന്നില്ല. ചില ലഘുലേഖകള്‍ ഉണ്ടായിരുന്നു.

ലഘുലേഖകള്‍ കാപ്പനെ സ്വാധീനിച്ചിരുന്നു എന്നതിനു തെളിവായി കൂട്ടുപ്രതികളുടെ മൊഴികളാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. അതു നിയമപരമല്ല.

ഒരു മാപ്പുസാക്ഷിയെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ജത്‌മലാനി (സര്‍ക്കാര്‍ അഭിഭാഷകന്‍ ) പറഞ്ഞത്. ( ദിലീപ് കേസില്‍ ദിലീപിനു അനുകൂലമായി നില്‍ക്കുന്ന ഘടകവും ഇതാണ്. ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ നല്‍കുന്ന മൊഴി നിലനില്‍ക്കില്ല ).

publive-image

ലഘുലേഖ തന്നെ ഹത്രാസിലെ പെണ്‍കുട്ടിക്കു നീതി നല്‍കൂ എന്ന തരത്തിലുള്ളതായിരുന്നു. അതും കാപ്പനെ കുരുക്കാന്‍ പര്യാപ്തമായിരുന്നില്ല. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ചില വിവരങ്ങള്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയ കലാപസംഭവങ്ങളെ ഉദ്ദേശിച്ചായിരുന്നു.

അതും പ്രൊസിക്യൂഷനു വിനയായി. തങ്ങളുടെ ഒരു പെണ്‍കുട്ടിയെ മേല്‍ജാതിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്നതിനെതിരെ കലാപം ആസൂത്രണം ചെയ്തപ്പോള്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ കൊണ്ടുവന്നു താരതമ്യം ചെയ്ത് പരിഹാസ്യമാവുകയും ചെയ്തു.

ഒരു മാപ്പുസാക്ഷിയെപ്പോലും ഈ രണ്ടു വര്‍ഷത്തിനിടക്ക് കണ്ടെത്താനാവാത്ത പ്രൊസിക്യൂഷന് എന്നത്തേക്ക് വിചാരണ തുടങ്ങുമെന്നു പറയാന്‍ പോലും കഴിയുമായിരുന്നില്ല.

publive-image


കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുകയായിരുന്നു യു.പി. പോലീസ്. മേല്‍ജാതിക്കാരുടെ തെമ്മാടിത്തത്തെ ഒരു ഹൈന്ദവ - മുസ്ലിം പ്രശ്നമാക്കി മാറ്റി പാവം ഹിന്ദുക്കളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് യു.പി പോലീസ് നടത്തിയത്.


പക്ഷേ ഗുരുതരമായ ഒരു കുറ്റം സിദ്ദിഖിനു സംഭവിച്ചു. അത് എത്ര വിശദീകരിച്ചാലും ശുദ്ധീകരിക്കപ്പെടുന്നതുമല്ല. അതായിരിക്കും വിചാരണ വേളയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുക.

സിദ്ദിഖിനെ അറസ്റ്റു ചെയ്തപ്പോള്‍ കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെയാണ്. മുസാഫര്‍ നഗര്‍ വര്‍ഗീയകലാപ കേസില്‍ പ്രതിയായ കാമ്പസ് ഫ്രണ്ടി (പോപ്പുലര്‍ ഫ്രണ്ട്) ന്‍റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ ദേശീയ ട്രഷറര്‍ അതിഖ് ഉര്‍ റഹ്‍മാൻ, ബഹ്റായിച്ച് വര്‍ഗീയ കലാപകേസില്‍ പ്രതിയായ കാമ്പസ് ഫ്രണ്ട് ഡല്‍ഹി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മസൂദ് അഹമ്മദ് പിന്നെ ഡല്‍ഹി കലാപക്കേസില്‍ ബന്ധമുള്ള ഡാനിഷ് ഖാന്‍റെ അളിയന്‍ ആലമായിരുന്നു ഡ്രൈവര്‍.


ഇവര്‍ എങ്ങനെ കാറിലുണ്ടായി ? കാപ്പന് ഇവരുമായുള്ള ബന്ധം എന്ത് ? പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെല്ലാം ( ഇവര്‍ ) എങ്ങനെ കലാപക്കേസുകളില്‍ ബന്ധപ്പെട്ടവരായി ? ഇതൊന്നും കാപ്പനറിയില്ലായിരുന്നോ ?


പ്രത്യേകിച്ച് പത്രപ്രവര്‍ത്തകനായാണു പോകുന്നതെങ്കില്‍ ആ പ്രദേശത്തെ അറിയാവുന്നവരെ ഒപ്പം കൂട്ടുക സ്വാഭാവികം.

ഇവര്‍ ആ തരത്തിലുള്ളവരായിരുന്നോ ? പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായാണ് അവിടെ കാപ്പന്‍ പോയതെങ്കില്‍ പത്രപ്രവര്‍ത്തകനെന്ന 'ഇമ്യൂണിറ്റി'ക്കര്‍ഹനല്ല. അതല്ല പത്രപ്രവര്‍ത്തകനായാണു പോയതെങ്കില്‍ ഇവര്‍ മാത്രമായെങ്ങനെ കാറിലെ യാത്രകരായി ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റുള്ളവർക്ക് ബോധ്യപ്പെടുന്ന തരത്തില്‍ കാപ്പന്‍ വിശദീകരിക്കും വരെ സംശയ നിഴലില്‍ നിന്നും കാപ്പന്‍ പൂര്‍ണമായി വിമുക്തനാക്കപ്പെടുന്നില്ല.

  • ഓണററി എഡിറ്റർ
Advertisment