കേരളത്തിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 56 ശതമാനം കുട്ടികള്‍ക്കും മലയാളം വായിക്കാനറിയില്ല. നടുക്കുന്നതാണീ കണ്ടെത്തല്‍. എന്‍.സി.ഇ.ആര്‍.ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കേരളത്തിലെ 104 സ്കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് ഈ പഠനം നടത്തിയത്.
മൂന്നാം ക്ലാസിലെ 16 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മലയാളം ശരാശരിക്കു മുകളില്‍ പ്രാവീണ്യമുള്ളതത്രെ. ഒരു മിനിട്ടില്‍ 28 മുതല്‍ 60 വരെ മലയാളം വാക്കുകള്‍ വായിക്കാനും മനസിലാക്കാനും കഴിയുന്നവര്‍ 28 ശതമാനം മാത്രം. 56 ശതമാനത്തിന് വാക്കുകള്‍ വായിക്കാനറിയില്ല.
ഇതില്‍ 17 ശതമാനത്തിന് മിനിട്ടില്‍ 10 വാക്കു വായിക്കാനറിയില്ല. നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്‍റെ തകര്‍ച്ചയാണിതു കാണിക്കുന്നത്.
രാഷ്ട്രീയക്കാര്‍ കയറി നിരങ്ങി തകര്‍ത്ത ഉന്നത വിദ്യാഭ്യാസരംഗം തുലഞ്ഞു കിടക്കുകയാണ്. ഇപ്പോഴിതാ പ്രാഥമിക വിദ്യാഭ്യാസവും കട്ടപ്പുക. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളവും ഇംഗ്ലീഷുമറിയില്ല. രക്ഷകര്‍ത്താവിന്‍റെ പത്രാസ് കാണിച്ചത് മിച്ചം. അവന്‍ ഇന്‍റര്‍വ്യൂവിനു ചെന്നാല്‍ തോറ്റു തുന്നം പാടും.
സ്വന്തം പേര് അക്ഷരത്തെറ്റില്ലാതെ എഴുതാനറിയാത്തവരെ പത്താം ക്ലാസുവരെ ജയിപ്പിക്കുന്നവരാണ് നാം. ഫസ്റ്റ്ക്ലാസും ഡിസ്റ്റിംഗ്ഷനും വാരിക്കോരി നല്‍കും. ചോദ്യത്തിനുത്തരം എഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക്. ഉത്തരത്തിനടുത്തു വരുന്ന ആശയമെഴുതിയാല്‍ കൂടുതല്‍ മാര്‍ക്ക്.
ശരിയായ ഉത്തരം എഴുതിയില്ലെങ്കിലും അതിനരികിലൂടെയൊക്കെ പോയാല്‍ 80 ശതമാനം മാര്‍ക്ക്. പൊട്ടന്‍മാരെ പടച്ചു വിടുന്ന മുട്ടവിരിയ്ക്കല്‍ കേന്ദ്രങ്ങളായി നമ്മുടെ സ്കൂളുകള്‍ മാറുകയാണ്.
2000 കുട്ടികള്‍ പഠിച്ച സ്കളില്‍ പത്താം ക്ലാസില്‍ 43 ല്‍ 42 പേരും തോല്‍ക്കുകയും ഒരാള്‍ മാത്രം ഫസ്റ്റ് ക്ലാസില്‍ പാസാകുകയും ചെയ്ത അനുഭവങ്ങളുണ്ട് എനിക്ക്. കാരണം ആ ഒരുവന്‍ ഞാനായിരുന്നു. അന്ന് സ്കൂളിലാകെ മൂന്നു ഫസ്റ്റ് ക്ലാസ്. ഡിസ്റ്റിംഗ്ഷനെക്കുറിച്ച് അന്നൊന്നും കേട്ടിരുന്നില്ല.
കോവിഡ് വന്നപ്പോള്‍ എഴുതാത്ത പരീക്ഷയ്ക്ക് മാര്‍ക്കു വാരിക്കോരിക്കൊടുത്ത് നാം പാവം കുട്ടികളുടെ കൂമ്പടച്ചു കളഞ്ഞു. ഉന്നത മാര്‍ക്ക് ലിസ്റ്റുമായി പോകുന്നവന്‍ രണ്ടാമത്തെ ചോദ്യത്തിനു മുന്നില്‍ തളര്‍ന്നു വീഴും. കാരണം അവന് വന്‍ മാര്‍ക്കു കിട്ടിയ വിഷയത്തെക്കുറിച്ച് ഒരു മണ്ണും ചുണ്ണാമ്പുമറിയില്ല.
ഇവിടുത്ത മാര്‍ക്ക് (ദാനം) കണ്ട് ഉത്തരേന്ത്യക്കാരുടെ കണ്ണുതള്ളിയെന്ന സത്യം മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞപ്പോള്‍ മന്ത്രിയെ എല്ലാവരും കൂടി പഞ്ഞിക്കിട്ടു. നാക്കുളുക്കില്ലാതെ മന്ത്രി പറഞ്ഞ സത്യം. പിന്നെ മന്ത്രിക്കു തിരുത്തേണ്ടിയും വന്നു. സത്യം പറയുന്നവനെ തിരുത്തിക്കുന്ന നാടായി ഇവിടം മാറിക്കഴിഞ്ഞു.
പത്രം വായിക്കില്ല. പുസ്തകങ്ങള്‍ വായിക്കില്ല. അക്ഷരമറിയില്ല. പകരം ഗൂഗിളും സ്പെല്‍ ചെക്കും കൊണ്ടു ജീവിക്കുന്ന മന്ദബുദ്ധികളുടെ വാസസ്ഥലമായി ഇവിടം മാറുകയാണോ ? അക്ഷരമാലക്കു പോലും ശാപമോക്ഷം കിട്ടിയത് അടുത്ത കാലത്താണ്. എഞ്ചുവടി ഇപ്പോഴും ചവിട്ടാനെത്തുന്ന കാലു നോക്കി കല്ലായി കിടക്കുകയാണ്. കാല്‍കുലേറ്റര്‍ ഉള്ളപ്പോള്‍ എന്തിന് എഞ്ചുവടി ?
ഇനി കുട്ടികള്‍ കൂടുതലായി മണ്ടന്‍മാരും മടിയന്‍മാരുമായിക്കൊണ്ടിരിക്കും. കാരണം അകലെയായിരുന്ന മൊബൈലുകള്‍ അവര്‍ക്കിപ്പോള്‍ ഓണ്‍ലൈന്‍ പഠന സഹായിയാണ്.
മൊബൈലിന് അഡിക്ടാവുക എന്നത് കഞ്ചാവിനടിമയാകുന്നതിനേക്കാള്‍ അപകടകരമാണ്. വേണ്ടതും വേണ്ടാത്തതുമൊക്കെ അവന് ഗൂഗിള്‍ നല്‍കിക്കൊള്ളും.
എല്ലാം വിരല്‍തുമ്പില്‍. അറിവുമുതല്‍ അശ്ലീലം വരെ. അങ്ങിനെ ലാറിപേജിനും സെര്‍ജി ബ്രിന്നിനും നാം ജീവിതവും പണവും നല്‍കുന്നു. ഒന്നാശ്വസിക്കാം. പോക്കറ്റടിക്കുന്ന പണം മൊത്തമായി അമേരിക്കക്കാര്‍ കൊണ്ടുപോവില്ല. കുറെ ഇന്ത്യക്കാരനായ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്കും കിട്ടും. എങ്ങനെയുണ്ട് നമ്മുടെ ബുദ്ധി ?
മൊബൈലും ഗൂഗിളും ഫേസ്ബുക്കും എം.ഡി.എം.എയും നമ്മുടെ യുവ തലമുറയെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ നാം നിസ്സഹായരാണ്. പോക്സോ വന്നതോടെ അച്ഛന്‍ അപ്രസക്തനായി. ഭാര്യയുടെ അവിഹിതം (മൊബൈല്‍ ഫോണ്‍ വഴി) പിടിച്ചാല്‍ ഭര്‍ത്താവ് മകളെ ദുരുപയോഗം ചെയ്തെന്ന് പറഞ്ഞു കേസു കൊടുക്കും.
ഭര്‍ത്താവിന്‍റെ ദുര്‍നടപ്പ് പിടിച്ചാല്‍ ഭാര്യയെ വഴിപിഴച്ചവളാക്കി ഫേസ്ബുക്കിലിടും. അല്ലെങ്കില്‍ അമ്മ മകനെ ചൂഷണം ചെയ്യുന്നുവെന്നു കേസു കൊടുക്കും. മൊബൈല്‍ വന്നതോടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ ചെയ്യുന്നതൊക്കെ ചെയ്യാനും തുടങ്ങി.
ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ 39 വയസുള്ള അമ്മൂമ്മയെ ഒരു സുഹൃത്തു പരിചയപ്പെടുത്തി. ആ അമ്മൂമ്മ 13 -ാമത്തെ വയസില്‍ പ്രസവിച്ചു. ആ മകള്‍ 13 -ാമത്തെ വയസില്‍ പ്രസവിച്ചു. അങ്ങിനെയാണ് 39 കാരി അമ്മൂമ്മയായത്. ഇനി ഇവിടെയും ചെറുപ്പക്കാരികളായ അമ്മൂമ്മമാരുടെ ബഹളമായിരിക്കും.
ഒക്കെ കാരണം മൊബൈലുകളാണ്. ഭാര്യയെ/ഭര്‍ത്താവിനെ വേണ്ടെന്നു വക്കാം. പക്ഷെ നമുക്ക് മൊബൈല്‍ ഇല്ലാതെ ഒരു നാള്‍ കഴിച്ചുകൂട്ടാനാവുമോ ? പിന്നെ യഥേഷ്ടം ഡേറ്റ വാരിക്കോരി കുറഞ്ഞ ചെലവില്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികളുമുണ്ട്.
സര്‍ക്കാരും പോലീസും ഈ രീതിയെ പ്രോല്‍സാഹിപ്പിക്കുന്നു. കാരണം കുറ്റവാളികളെ പോലീസ് പിടിക്കുന്നതിപ്പോള്‍ മൊബൈല്‍ ടവറുകള്‍ നോക്കിയാണ്. അന്വേഷണത്തിന് ഇത്ര നല്ല കുറുക്കുവഴി വേറെയുണ്ടോ ? ഹിച്ച്കൊക്കൊക്കെ ഇപ്പോള്‍ ജനിക്കേണ്ടതായിരുന്നു.
വീണ്ടും അക്ഷരങ്ങളിലേക്ക്. കുട്ടികള്‍ക്കക്ഷരമറിയില്ലെങ്കില്‍ പ്രതിക്കൂട്ടില്‍ അവരെ പഠിപ്പിച്ചവര്‍ തന്നെ. കോവിഡ് കാലത്ത് വീട്ടിലിരുന്നു പൂര്‍ണ ശമ്പളം വാങ്ങിയ അദ്ധ്യാപകര്‍ എന്തേ ആ കുട്ടികളെ അക്ഷരമെങ്കിലും പഠിപ്പിക്കുന്നില്ല. പ്രൈമറി അദ്ധ്യാപകര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ചെറുതല്ല.
ഹൈസ്കുള്‍ അദ്ധ്യാപകര്‍ക്കാണെങ്കില്‍ കുറെ പ്രോജക്റ്റ് എന്ന ഏര്‍പ്പാടെങ്കിലുമുണ്ട്. ജോലി ചെയ്തേ പറ്റൂ. അച്ഛനമ്മമാര്‍ ചെയ്തു കൊടുക്കുന്ന പ്രോജക്റ്റുകള്‍ കുട്ടികളുടേതെന്ന് വിശ്വസിക്കുന്നതായി നടിച്ച് അവയെ വിലയിരുത്തണം. പ്രൈമറിക്കാര്‍ക്കതിന്‍റെ ആവശ്യമില്ല. തറ... പറയൊക്കെ പോയില്ലേ. ചില്ലറ ആട്ടവും പാട്ടും ഒക്കെയുണ്ടെങ്കില്‍ നിന്നു പറ്റാം.
എന്തായാലും എന്‍.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് നമ്മുടെ കണ്ണു തുറപ്പിക്കുമെന്നു പ്രതീക്ഷിക്കാം. ( കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തെ മോശക്കാരാക്കാന്‍ പടച്ചുവിട്ട ഗൂഢാലോചനാ റിപ്പോര്‍ട്ടാണിതെന്ന് പറഞ്ഞു തള്ളാതിരുന്നാല്‍ മതി ).