തളര്‍വാതം പിടിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ഒന്നുണര്‍ത്തിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കു കഴിയുമെന്നതില്‍ സംശയമില്ല. അതാണ് യാത്രയില്‍ കാണുന്ന വന്‍ ജന സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിലെ 'ക്രൗഡ് പുള്ളര്‍' താനാണെന്ന് രാഹുല്‍ തെളിയിക്കുന്നു. ആരു പാര്‍ട്ടി പ്രസിഡന്‍റായാലും ബാറ്റണ്‍ തന്‍റെ കൈകളിലായിരിക്കുമെന്ന് വിമതര്‍ക്കു പരോക്ഷമായി നല്‍കുന്ന താക്കീതുകൂടിയാണീ യാത്ര.
താരപ്പൊലിമയെ തിളക്കമാര്‍ന്നതാക്കുന്ന ചില പൊടിക്കൈകളും പ്രയോഗിക്കുന്നുണ്ട്. അവ വിജയിക്കുന്നുമുണ്ട്.
ചായക്കടയില്‍ കയറുക, അപ്രതീക്ഷിതമായി ചില പാവപ്പെട്ട വീടുകളില്‍ കയറി വീട്ടുകാരോട് കുശലം ചോദിക്കുക, പൊതു സമൂഹത്തിലെ സമരക്കാരോട് ആശയ വിനിമയം നടത്തുക തുടങ്ങിയവ. ഇതൊക്കെ കോണ്‍ഗ്രസിനെ കൂടുതല്‍ ജനകീയമാക്കും; രാഹുലിനേയും.
ബി.ജെ.പി കൈപ്പിടിയിലൊതുക്കിയ സംസ്ഥാനങ്ങളില്‍ കൂടി യാത്രചെയ്തിട്ടു കാര്യമില്ലെന്നു രാഹുലിനറിയാം. അതുകൊണ്ട് അവര്‍ക്ക് ഇതുവരെ ക്ലച്ചു പിടിക്കാത്ത സംസ്ഥാനങ്ങളിലൂടെയാണു യാത്ര.
എന്തായാലും യാത്ര ബി.ജെ.പിയെ ഒന്നു വിറളിപിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലൊ യാത്രയുടെ നിറം കെടുത്താന്‍ ടീഷര്‍ട്ടു വിവാദവുമായി അമിത് ഷാ തന്നെ രംഗത്തു വരാന്‍ കാരണം. പാവങ്ങളെ രക്ഷിക്കാനിറങ്ങിയിരിക്കുന്ന രാഹുല്‍ ധരിച്ചിരിക്കുന്നത് 41000 രൂപയുടെ ബര്‍ബറി ടീഷര്‍ട്ടാണെന്നായിരുന്നു പരിഹാസം.
തിരുപ്പൂരില്‍ നിന്നു വാങ്ങിയതാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് അഴഗിരി തിരിച്ചടിച്ചു. എന്തായാലും രാഹുലിനേപ്പോലെ ഒരു യാത്ര നടത്താന്‍ ബി.ജെ.പിക്കാവില്ല. കാരണം മോഡിക്കും നേരമില്ല. അമിത് ഷായ്ക്കാണെങ്കില്‍ ഒരു വലിയ ശരീരവുമായി ഇത്രദൂരം നടക്കാനുമാവില്ല.
രാഹുലിന്‍റെ കൂടെ നടക്കുന്ന കുറെപേരെങ്കിലും ഇടക്കു വച്ചു ആശുപത്രിയിലാകുമെന്നുറപ്പ്. രാഹുല്‍ അവസാനം വരെ നടക്കുമെന്നും ഉറപ്പ്. കാരണം ദുര്‍മ്മേദസില്ലാത്ത ശരീരമായി സ്വന്തം ശരീരത്തെ കാത്തു സൂക്ഷിക്കുന്നുണ്ട് രാഹുല്‍.
200 പേരാണ് സ്ഥിര യാത്രികര്‍. 150 ദിവസം കൊണ്ട് കാശ്മീരിലെത്തും. ദിവസം 26 - 30 കി.മീ. നടത്തം. രാത്രിയില്‍ തങ്ങാന്‍ 60 കണ്ടെയ്നറുകള്‍. രാഹുലിന് മാത്രം ഒരെണ്ണം മുഴുവന്‍. സീനിയര്‍ നേതാക്കള്‍ ഒരു കണ്ടയ്നറില്‍ രണ്ടു പേര്‍. ശേഷിക്കുന്നവയില്‍ 6 മുതല്‍ 12 പേര്‍ക്കു കിടക്കാം. 9 എണ്ണം സ്ത്രീകള്‍ക്ക്. എല്ലാം ബാത് അറ്റാച്ച്ഡ്. എസിയുള്ളതിനാല്‍ ചൂടടിക്കില്ല.
യാത്രയുടെ ആസൂത്രകന്‍ നമ്മുടെ കെ.സി വേണുഗോപാലാണ്. ആശയവും വേണുവിന്‍റെതാണ്. അതുകൊണ്ടാണല്ലൊ ക്ഷീണിച്ച് അല്‍പസമയം ബഞ്ചില്‍ കിടന്നുറങ്ങിയതിന്‍റെ പേരില്‍ വേണുവിനെ ട്രോളുന്നത്.
ഇതുകൊണ്ടൊന്നും വേണുവിനെ തകര്‍ക്കാമെന്നു കരുതേണ്ട. കാരണം വേണു കേന്ദ്രത്തില്‍ അത്ര ശക്തനാണെന്നതു തന്നെ. കഴിവുകെട്ട ഉപഗ്രഹങ്ങളെയാണ് ഇവിടുത്തെ പ്രമുഖ നേതാക്കള്‍ കൊണ്ടുനടന്നത്. രാഹുലിനു കഴിവുള്ള ഒരാളെ കിട്ടി. അതോടെ അസൂയയുടെ കടിമൂത്ത് ഇവിടുത്തുകാര്‍ക്കിരിക്കപ്പൊറുതി ഇല്ലാതെയായി. അല്ലാതെന്താ ?
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഉപദേശം സ്വീകരിച്ചില്ലെങ്കിലും പിണറായി സര്‍ക്കാര്‍ ഒന്നാം തരം സെക്യൂരിറ്റിയാണ് നല്‍കുന്നത്. നൂറുകണക്കിനു പോലീസുകാരെയാണ് വിനിയോഗിച്ചിരിക്കുന്നത്. അതേതായാലും നന്നായി.
പിണറായി പാറശാലയില്‍ പോയി രാഹുലിനെ സ്വീകരിക്കണമായിരുന്നുവെന്ന് പറഞ്ഞത് അടൂര്‍. പ്രായമാകുമ്പോള്‍ മനുഷ്യര്‍ വേണ്ടാത്ത സ്വപ്നങ്ങള്‍ ഓരോന്നായി കാണും. ഇവിടെ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് സി.പി.എമ്മും കോണ്‍ഗ്രസുമല്ലേ. പിന്നെങ്ങനെ പിണറായി സ്വീകരിക്കും ?
തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ആണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഒന്നിന്‍റെ പുക കാണാന്‍ കാത്തിരിക്കുകയാണ് മറ്റെ പാര്‍ട്ടി. അപ്പോഴാണ് പാറശാലയും സ്വീകരണവും അടൂരുമൊക്കെ. എന്തായാലും പരസ്പരം തെറി പറച്ചിലാരംഭിച്ചില്ലല്ലോ. ആശ്വസിക്കാം.
ഇവിടെ വന്നു രാഹുല്‍ എന്തു പറയുന്നുവെന്നു നോക്കട്ടെ എന്നു എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് കെ. സുധാകരനും വി.ഡി സതീശനും രാഹുലിനെക്കൊണ്ടു പിണറായിയെ ചൊറിയുമോ എന്നു സംശയിച്ചാണ്.
ഇവിടുത്തെ ആള്‍ക്കൂട്ടം കണ്ട് ഇളകേണ്ടന്ന് രാഹുലിനോട് വേണുവെങ്കിലും പറഞ്ഞു മനസിലാക്കണം. സ്ഥാനാര്‍ത്ഥി നടത്തിയ സര്‍വാണിസദ്യ ഉണ്ടിട്ടു പോയി മറ്റേ സ്ഥാനാര്‍ത്ഥിക്കു കുത്തുന്നവനാണ് മലയാളി.
നേതാവിനെ മുഖം കാണിക്കുന്ന ഏര്‍പ്പാടായി രാഷ്ട്രീയ പ്രവര്‍ത്തനം മാറി കഴിഞ്ഞു കോണ്‍ഗ്രസില്‍. രാവിലെ 7 മണിക്ക് ഉമ്മന്‍ ചാണ്ടി. 9 ന് ബ്രേക്ക്ഫാസ്റ്റ്. 10 ന് വി.ഡി. സതീശന്‍. 12 ന് കെ. സുധാകരന്‍. 1 മണിക്ക് ഉച്ചഭക്ഷണം. ഒപ്പം എം.എല്‍.എ ക്വാര്‍ട്ടേഴ്സ്, ഇന്ദിരാ ഭവന്‍, ഡി.സി.സി ഓഫീസ് സന്ദര്‍ശനം. ഉള്ള നേതാക്കളെ മുഖം കാണിക്കുന്നത് കൊതി-നുണകള്‍ പറയാനാണ്. അതു കേള്‍ക്കുന്നതില്‍ നേതാക്കള്‍ക്കു റാങ്കു വ്യത്യാസമില്ല.
4 മണിക്ക് രമേശ് ചെന്നിത്തല, 5 മണിക്ക് എം.എം. ഹസന്‍. ഇതിനിടയില്‍ ഈ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മുന്‍പില്‍ ചെന്ന് ഇരിക്കുക. പ്രക്ഷോഭങ്ങളില്‍ ഇവര്‍ കാണുന്ന ഇടങ്ങളില്‍ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുക...
സന്ധ്യകഴിഞ്ഞാല്‍ വിലയിരുത്തല്‍. ഇതിനു മാത്രം ഗ്രൂപ്പുവ്യത്യാസമില്ല. ഇതാണ് റൊട്ടീന്‍. അല്ലാതെ സാധാരണക്കാരനൊരു പെന്‍ഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുകയോ വയ്യാത്തവനെ ആശുപത്രിയിലെത്തിക്കുകയോ വഴിയില്‍ കിടക്കുന്ന നാലു ഉരുളന്‍ കല്ലെടുത്തു മാറ്റുകയോ ഒന്നും ഈ സംസ്ഥാന നേതാക്കള്‍ ചെയ്യാറില്ല. (എല്ലാവരും ഇത്തരക്കാരല്ല. അവര്‍ ന്യൂനപക്ഷം).
പിന്നെ ഫേസ്ബുക്കില്‍ നേതാക്കളുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ രണ്ടു മണിക്കൂര്‍ എടുക്കുന്നവരുമുണ്ട്. ശൈലി പോരെങ്കില്‍ കണ്ടന്‍റ് റൈറ്റേഴ്സിന് ക്വട്ടേഷന്‍ കൊടുത്തവരുമുണ്ട്.
ഡല്‍ഹി ഒരു നല്ല പാഠമാണ്. കെജരിവാള്‍ അധികാരത്തിലെത്തിയപ്പോള്‍ അത് സത്യമായിരുന്നു. കോണ്‍ഗ്രസിന്‍റെ പരിപാടികളിലെ ജനപങ്കാളിത്തം അത്രക്കായിരുന്ന അവിടെയും മുഖംകാണിക്കലെ നടന്നുള്ളു. കെജരിവാള്‍ അനുയായികളെയും കൂട്ടി കോളനികളിലേക്കും ചതുപ്പുകളിലേക്കും (സ്ലം) പോയി. അവരെ വിശ്വാസത്തിലെടുത്തു. വിളയിച്ചു.
അതിനാല്‍ 'ജഗ പൊക' നടത്തുന്നതില്‍ അര്‍ത്ഥമില്ല. കൂടെ നടന്നവരെ കുറെ കഴിയുമ്പോള്‍ നാട്ടിന്‍പുറങ്ങളിലേക്ക് ആട്ടിപ്പായിക്കണം. പാവങ്ങളെ കാണാന്‍. സഹായിക്കാന്‍. എങ്കില്‍ 150 ദിവസം നടന്നതിന്‍റെ പ്രയോജനം ലഭിക്കും. അല്ലെങ്കില്‍ കാലില്‍ വരുന്ന നീരു മാത്രമായിരിക്കും മിച്ചം.