പത്തനംതിട്ടകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മകന്‍ മല്‍ഹാറുമായി അടൂര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ പോയതാണല്ലോ പ്രബുദ്ധ കേരളത്തെ പ്രകോപിതമാക്കിയത്. അനേകം പേര്‍ വിമര്‍ശിച്ചും ചൊറിഞ്ഞും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സാധാരണ കാര്യങ്ങളില്‍ ഒപ്പിട്ടു പ്രസ്താവനയിറക്കുന്ന ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ മിണ്ടാതിരുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അനുകൂലിച്ചോ പ്രതികൂലിച്ചോ അവര്‍ ആഞ്ഞടിക്കേണ്ടതല്ലേ. ഒപ്പിടീക്കല്‍ ജോലി സ്ഥിരമായി ചെയ്യുന്ന ചില കുടക്കമ്പികള്‍ക്കു പനിപിടിച്ചു കാണും.
ദിവ്യ എസ്. അയ്യര്‍ അവധി ദിവസം ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ കുഞ്ഞിനെയും കൂട്ടി പോയതിലാണല്ലോ കലിപ്പ്. അവര്‍ കുഞ്ഞിനെ കൊണ്ടുപോയത് കളക്ടറേറ്റിലേക്കല്ല. മന്ത്രിമാരുടെ ചടങ്ങുകളിലേക്കല്ല. അദാലത്തുകളിലേക്കല്ല. ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനാണ്. അവനാണ് താരം അവന്‍ കരഞ്ഞില്ല. സാധാരണ സിനിമാ പ്രേമികളുടെ കോലം കണ്ടാല്‍ കുട്ടികള്‍ കരയേണ്ടതാണ്. കരയാതിരിക്കാനായിരിക്കാം അവനെ ഒക്കത്തേന്തി ദിവ്യ പ്രസംഗിച്ചത്.
സെക്രട്ടറിയേറ്റില്‍ വരുന്ന അമ്മമാര്‍ ഏറെക്കാലമായി അവധി ദിവസങ്ങളില്‍ കുട്ടികളെ കൂടെ കൂട്ടുമായിരുന്നു. വിശ്വസിച്ച് വീട്ടില്‍ ഇരുത്തിയിട്ട് പോന്നാല്‍ സ്വസ്ഥമായി ജോലി ചെയ്യാവുന്ന ക്രമസമാധാന നിലയാണല്ലോ കേരളത്തില്‍. അതുകൊണ്ടാണമ്മമാര്‍ മക്കളുമായെത്തുന്നത്. ഭര്‍ത്താക്കന്‍മാര്‍ തൊഴില്‍ രഹിതരാണെങ്കില്‍ അവരെ ഏല്‍പ്പിക്കും. ഒടുവില്‍ സെക്രട്ടറിയേറ്റിന്‍റെ വരാന്തകളിലൂടെ കുട്ടികള്‍ ഓടിക്കളിക്കാന്‍ തുടങ്ങി. അവരുടെ ക്രിക്കറ്റും തലപന്തുമൊക്കെ ഇടനാഴികളെ സജീവമാക്കിയപ്പോള്‍ ഏതോപിന്തിരിപ്പന്‍ സെക്രട്ടറിയേറ്റിനകത്തൊരു അംഗന്‍വാടി ആരംഭിച്ചു കളഞ്ഞു. ഇപ്പോള്‍ കുഞ്ഞുങ്ങളെ അവിടെ കൊണ്ടുവിടാനാണ് അമ്മമാര്‍ ജോലിക്കുപോകുന്നത്. ഇതു പ്രവൃത്തി ദിവസത്തെ കാര്യം.
ഒഴിവു ദിവസമാണ് ദിവ്യ മകനുമായെത്തിയത്. എന്‍റെ ചെറുപ്പത്തില്‍ അച്ഛന്‍റെ വിരല്‍ പിടിച്ച് മഹാന്‍മാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയതോര്‍ക്കുന്നു. പോവുകയല്ലല്ലോ കൊണ്ടുപോവുകയല്ലേ ! ഇപ്പോള്‍ അതൊക്കെ ഇല്ലാതായതിന്‍റെ മഹത്വം കാണാനുണ്ട്.
കേരളകൗമുദി ടി.വിയില്‍ ഒരു പരിപാടി കണ്ടു. റോഡിലൂടെ നടക്കുന്ന, ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന യുവാക്കളോട് ചില ചെറിയ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പരിപാടി. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷവും റിപ്പബ്ലിക് ദിനവുമൊക്കെ തെറ്റിച്ചു പറഞ്ഞത് കേട്ടപ്പോള്‍ നാണം തോന്നി. ക്വിറ്റ് ഇന്ത്യാ സമരം നടന്നത് എന്തിനെന്നറിയില്ല ഉപ്പുസത്യാഗ്രഹം വൈക്കത്തു നടന്നു. കേരളത്തിന്‍റെ ഭരണഘടന മഹത്തരം... തുടങ്ങിയ വിഢിത്തങ്ങള്‍ കേട്ടപ്പോള്‍ ചിരിക്കാനല്ല കരയാനാണു തോന്നിയത്. മിമിക്രിയല്ലെന്നോര്‍ക്കണം. റിയല്‍ സീനുകളാണ്. അപരിചിതരോട് അപരിചിതയായ ഒരു പെണ്‍കുട്ടി മൈക്കു കൊണ്ടുപോയി ചോദിക്കുന്നു.
ഈ സംസ്കാരം പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. കുഞ്ഞുങ്ങള്‍ ഭയമില്ലാതെ വളരട്ടെ. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഭയവും ആത്മവിശ്വാസമില്ലായ്മയുമാണ്. കോളജുകളില്‍ നിന്ന് രാഷ്ട്രീയം കൂടി അപ്രത്യക്ഷമായതോടെ കിഴങ്ങന്‍മാരായി മാറുകയാണു നമ്മുടെ സമൂഹം.
അവര്‍ പത്രം വായിക്കില്ല. പുസ്തകം വായിക്കില്ല. റീല്‍സു കാണും, ഇന്‍സ്റ്റാഗ്രാമിലെ കോമാളിത്തരങ്ങള്‍ കാണും. അതുകൊണ്ടായിരിക്കാം അടുത്തകാലത്തിറങ്ങുന്ന മിക്ക സിനിമകളിലും ചെറുപ്പക്കാര്‍ പൊട്ടന്‍മാരായിപോകുന്നത്.
വീണ്ടും ദിവ്യയിലേക്ക്. ദിവ്യ ഇനി സ്വന്തം മകനെ മാത്രമല്ല സര്‍ക്കാര്‍ യോഗങ്ങളില്‍ ഒഴിച്ച് മറ്റ് സാംസ്കാരിക യോഗങ്ങളില്‍ കുട്ടികള്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം നല്‍കാന്‍ ഉത്തരവിടണം. രണ്ടാം - മൂന്നാം നിര നേതാക്കള്‍ക്കു വന്നിരുന്ന് ഉറക്കം തൂങ്ങാനുള്ളതല്ല മുന്‍നിര. സര്‍ക്കാര്‍ യോഗങ്ങളവര്‍ വേണ്ടെന്നു പറഞ്ഞത് പിന്നീടവര്‍ പ്രസംഗങ്ങളെയും പൊതു ചടങ്ങുകളെയും വെറുത്തുപോകും എന്നതുകൊണ്ടാണ്.
കോണ്‍ഫ്രന്‍സുകളില്‍ നേതാക്കള്‍ വിളിച്ചു പറയുന്ന പൊട്ടത്തരങ്ങള്‍ കുഞ്ഞുങ്ങള്‍ കേള്‍ക്കേണ്ട. അവര്‍ ജനാധിപത്യ വിരുദ്ധരായിപ്പോകും.
പുറത്തൊക്കെ ഒരുകാല്‍നട യാത്രക്കാരന്‍ സിഗ്നല്‍ ഇല്ലാത്തിടത്ത് കാലെടുത്തു റോഡില്‍ വച്ചാല്‍ വണ്ടികള്‍ നില്‍ക്കും. ഇവിടാണെങ്കില്‍ അവന്‍റെ നെഞ്ചത്തു കയറ്റും. കുഞ്ഞുങ്ങളാണെങ്കില്‍ പറയേണ്ട. അവര്‍ക്കു പ്രത്യേക സീറ്റുകളും പ്രത്യേക നിയമങ്ങളുമുണ്ടവിടെ. ഇവിടെയുമുണ്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികള്‍. തിരുവനന്തപുരത്ത് ഒരമ്മ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ശിശുക്ഷേമ സമിതിക്കു മുന്നില്‍ സത്യാഗ്രഹം നടത്തിയത് മറക്കാറായിട്ടില്ല.
കുഞ്ഞുങ്ങളോട് വിദേശത്തു കാട്ടുന്ന ഏക ദ്രോഹം കരയാതിരിക്കാന്‍ ചുണ്ടില്‍ ഇടുന്ന ക്ലിപ്പാണ്. അത് നിയമവിരുദ്ധമല്ലത്രെ. അവര്‍ക്കു കരയാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ. അതാശ്വാസകരം. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല അമ്മമാര്‍ക്കും ആവശ്യത്തിലധികം കരയാനുള്ള വക നാം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് എന്നത് മറക്കുന്നില്ല.
മറ്റ് കളക്ടര്‍മാരും കുഞ്ഞുങ്ങളെ പൊതുചടങ്ങുകളില്‍ പങ്കെടുപ്പിച്ച് ദിവ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതല്ലേ. അതോ ഐക്യദാര്‍ഢ്യം മെഡിക്കല്‍ കോളജിലും നടികള്‍ക്കിടയിലും മാത്രം മതിയെന്നാണോ ?