സി.പി.എം ഇത്ര സമഗ്രതയോടെ നിയമനാഴിമതി നടത്തുന്ന കാര്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും കഴിഞ്ഞില്ല, അതിന് ആര്യാ രാജേന്ദ്രന്‍ വേണ്ടി വന്നു; ആര്യ അങ്ങനെ എഴുതിയെങ്കില്‍ അതു പാര്‍ട്ടി തീരുമാനം അനുസരിച്ചായിരിക്കും! അപ്പോള്‍ ആര്യ മാത്രം കുറ്റവാളിയാകുന്നതെങ്ങനെ? ആര്യയെകൊണ്ടു ചുടുചോറ്‌ വാരിച്ചിട്ട് ഞാനൊന്നുമറി‍ഞ്ഞില്ലെ രാമനാരായണ കളിക്കരുത്‌ നേതാക്കള്‍; സഖാക്കള്‍ ഇപ്പോള്‍ വിപ്ലവം വരുത്തുന്നത്, വാട്സാപ്പിലൂടെയാണ്, അതാണ് കത്തുകള്‍ പുറത്താകാന്‍ കാരണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

അഴിമതിയാണെന്ന്തോന്നിക്കാതെ അഴിമതി നിര്‍വചിക്കുന്നവനാണ് നല്ല അഡ്മിനിസ്ട്രേറ്റര്‍ എന്നത് നിര്‍വചനത്തില്‍ പെടാത്ത ഒരു ക്വാളിറ്റിയാണ്. മേയര്‍ക്ക് ആ ഗുണം നേടാനുള്ള കാലമായിട്ടില്ലാത്തതുകൊണ്ട് നിഷ്കളങ്കമായുള്ള അജ്ഞത കൊണ്ട് തിരുകി കയറ്റാന്‍ ശ്രമിച്ചതാണ്. അവരങ്ങനെ എഴുതിയതുകൊണ്ടാണ് പരക്കെ നടക്കുന്ന ഇത്തരം ദുശീലം പുറത്തായത് എന്നും നമ്മള്‍ ഓര്‍ക്കണം. പ്രസിദ്ധ എഴുത്തുകാരനും ദേശാഭിമാനിയിലെ സീനിയര്‍ എഡിറ്ററുമായിരുന്ന ഡോ. മധു ഓമല്ലൂര്‍ എഴുതിയതാണീ ഫേസ്ബുക്ക് പോസ്റ്റ്.

ഞാന്‍ മധുവിന്‍റെ പക്ഷത്താണ്. ആര്യാ രാജേന്ദ്രനെ വെറുതെ ക്രൂശിക്കരുതെന്ന അഭിപ്രായക്കാരനാണ്. എത്രയോ മാധ്യമ കേസരികളുള്ള നാടാണിത്. പ്രതിപക്ഷത്തെ പടക്കുതിരകള്‍ വേറെ. സി.പി.എം ഇത്ര സമഗ്രതയോടെ നിയമനാഴിമതി കാട്ടുന്ന വിവരം തെളിവുസഹിതം പുറത്തു കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞോ, ഇല്ല. അതിനൊരു ആര്യാ രാജേന്ദ്രന്‍ വേണ്ടിവന്നു.

ആര്യ ചെറുപ്പമാണ്. അതുകൊണ്ടു പാലുകുടി മാറാത്ത മേയര്‍ എന്നൊക്കെ പറഞ്ഞു കളിയാക്കരുത്. ചെറുപ്പത്തില്‍ മുഖ്യമന്ത്രിയായ ആളാണല്ലോ എ.കെ ആന്‍റണി. പിന്നെ മേയര്‍ക്കുമാത്രമെന്താ ഈ അയിത്തം.

കോര്‍പ്പറേഷനില്‍ ആളെ നിയമിക്കാന്‍ ലിസ്റ്റ് തേടി ഒരു വെളിപാടുണ്ടായപ്പോള്‍ ആനാവൂര്‍ നാഗപ്പനെന്ന ജില്ലാ സെക്രട്ടറിക്കു കത്തെഴുതിയതാണോ ? അല്ലല്ലോ. ആര്യ അങ്ങനെ എഴുതിയെങ്കില്‍ അതു പാര്‍ട്ടി തീരുമാനം അനുസരിച്ചായിരിക്കും. അപ്പോള്‍ ആര്യ മാത്രം കുറ്റവാളിയാകുന്നതെങ്ങിനെ. ആര്യ ജില്ലാ കമ്മറ്റിയില്‍ പോലുമില്ലല്ലോ. ആര്യയെകൊണ്ടു ചൂടുചോറു വാരിച്ചിട്ട് ഞാനൊന്നുമറി‍ഞ്ഞില്ലെ രാമനാരായണ കളിക്കരുത്‌ നേതാക്കള്‍.


ആനാവൂര്‍ ആണത്തമുള്ളവനാണ്. ആകെയങ്ങു തള്ളിപ്പറഞ്ഞില്ല. കത്തെഴുതിയില്ലെന്നു പറഞ്ഞില്ല. താനതു കണ്ടില്ലന്നേ പറഞ്ഞുള്ളു. കത്തു വ്യാജമാണെന്നു പറഞ്ഞില്ല. അന്വേഷിക്കാമെന്നേ പറഞ്ഞുള്ളു.


കത്ത് രണ്ടാണു പുറത്തായത്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തില്‍ 295 ദിവസവേതനക്കാരെ നിയമിക്കാന്‍ പട്ടിക തരണമെന്നാണ് ആനാവൂരിന് ആര്യ കത്തെഴുതിയതെങ്കില്‍ എസ്.എ.ടി ആശുപത്രിയിലെ 9 ഒഴിവുകളിലേക്കു നിയമിക്കാന്‍ ലിസ്റ്റ് തരണമെന്നാണ് കോര്‍പ്പറേഷന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ ആനാവൂരിനോട് ആവശ്യപ്പെട്ടത്. ആര്യയും അനിലും കത്തുകള്‍ വ്യാജരേഖകളാണെന്നു പറഞ്ഞു പോലീസില്‍ പരാതി നല്‍കുകയാണ്. കോര്‍പ്പറേഷനില്‍ വ്യാജ കത്തുകള്‍ പകര്‍ച്ചവ്യാധികളാണെന്നു പറയാം. ഒന്നുകില്‍ കോര്‍പ്പറേഷനിലെ ഏതെങ്കിലും രണ്ടു കോണ്‍ഗ്രസ് ജീവനക്കാരെ പ്രതിയാക്കി കേസെടുത്തു മുഖം രക്ഷിക്കാം. അല്ലെങ്കില്‍ കേസന്വേഷണം അനന്തമായങ്ങു നീട്ടാം.

1967 ല്‍ ഇ.കെ ഇമ്പിച്ചിബാവ സിഗരറ്റ് കൂടിലെഴുതിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ നിയമിച്ചത്. അന്നത്തെ ബുദ്ധി ആര്യക്കും അനിലിനും ഇല്ലാതെ പോയി. വാലും തലയുമില്ലാത്ത ആവശ്യമെഴുതി ആനാവൂരിനെ ഏല്‍പ്പിച്ചാല്‍പോരായിരുന്നോ. അതാണല്ലോ എല്ലാ നേതാക്കളും ചെയ്യുന്നത്. ഞാന്‍ ഇവരെ അഭിനന്ദിക്കുകയാണ്. തികച്ചും സുതാര്യമായാണവര്‍ അതു ചെയ്തത്. അവരുടെ മുമ്പില്‍ നിയമനാധികാരി ആനാവൂരാണ്. ഇവരെ നിയമിച്ചതും ആനാവൂര്‍. ഇപ്പോള്‍ ജില്ലയിലാകെ നിയമനങ്ങള്‍ നടത്തുന്നതും ആനാവൂര്‍. അതില്‍ ഒരു തെറ്റുമില്ല.


പിന്നെ ടെക്നോളജി വളര്‍ന്നതാണ് കുഴപ്പം. സഖാക്കള്‍ തോക്കിന്‍ കുഴലിലൂടെയല്ല ഇപ്പോള്‍ വിപ്ലവം വരുത്തുന്നത്. വാട്സാപ്പിലൂടെയാണ്. അതാണ് കത്തുകള്‍ പുറത്താകാന്‍ കാരണം. സത്യത്തില്‍ ബൂര്‍ഷ്വാ ടെക്നോളജിയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലാളിവര്‍ഗ വിപ്ലവം - അതാണല്ലോ നമ്മുടെ ലക്ഷ്യം.


ചിലപ്പോള്‍ പ്രയോഗത്തില്‍ പാളിച്ചയുണ്ടാവും. ആശയത്തിലല്ല. അതുപോലെ വാട്സാപ്പ് എന്ന ബൂര്‍ഷ്വാ ടെക്നോളജി തൊഴിലാളി വര്‍ഗത്തിനായി ഉപയോഗിച്ചപ്പോള്‍ പ്രയോഗത്തില്‍ വന്ന പാളിച്ച. അത് സാരമില്ല. ആശങ്ക വേണ്ട. ജാഗ്രത മതി. ഇനി എല്ലാം വാട്സാപ്പ് കോളിലൂടെ മതി. ആര്‍ക്കും ചോര്‍ത്താനാവില്ല.

വ്യാജകത്താണെങ്കില്‍, അടിസ്ഥാനരഹിതമെങ്കില്‍ അവഗണിച്ചാല്‍ പോരായിരുന്നോ ? കള്ള വാര്‍ത്തകള്‍ പടച്ചുവിടുന്ന സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ എന്നു പറഞ്ഞു തള്ളാമായിരുന്നല്ലോ. പിന്നെന്തിനാണ് 'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്നു തോന്നുമോ ?' എന്ന് പാവം എം.ബി രാജേഷിനെക്കൊണ്ട് എടുപിടിയേ ചോറും കറിയും എന്നപോലെ ഒക്കെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനു വിട്ടുകളഞ്ഞത് ? അതിന്‍റെ അര്‍ത്ഥം കോര്‍പ്പറേഷനിലെന്തോ ചീഞ്ഞു നാറുന്നുവെന്നല്ലേ ?


അപ്പോള്‍ ഇതുവരെ നടന്ന നിയമനങ്ങളോ ? ഇനിയുള്ള എല്ലാ നിയമനങ്ങളും എന്തേ വിടാത്തൂ. 295 പോരല്ലോ. കേസും പുക്കാറുമൊക്കെ ഉണ്ടാവില്ലേ ? ലോകായുക്തയുടെ കിഡ്ണി എടുത്തിട്ടില്ല. ഗവര്‍ണര്‍ കലിപ്പിലാണ്. ഒക്കെ ഓര്‍ത്തോണേ.


ഭരിക്കുന്ന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലിക നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുന്നത് ഈ തരത്തില്‍ ലിസ്റ്റ് വാങ്ങിതന്നെ നടക്കണം. അപ്പോള്‍ അനുഭാവികള്‍ക്കെല്ലാം അപേക്ഷിക്കാമല്ലോ. നേതാക്കളുടെ ബന്ധുക്കളും സില്‍ബന്ധികളുമെല്ലാം അടിച്ചെടുക്കില്ല. മാത്രമല്ല പി.എസ്.സി പരീക്ഷയില്‍ (യൂണിവേഴ്സിറ്റി കോളജ് മോഡല്‍) കോപ്പിയടിച്ച് പോലീസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചപോലെയുള്ള കുറുക്കുവഴികള്‍ ഒഴിവാക്കുകയും ചെയ്യാം. പ്രസ്ഥാനത്തിന് ദുഷ്പേരുണ്ടാവില്ല. പക്ഷെ ഒന്നോര്‍ക്കണം. ഇമ്പിച്ചിബാവയുടെ സിഗരറ്റ് കൂടായിരുന്നു ഏറ്റവും സുരക്ഷിതം.

Advertisment