ഒരിക്കല്‍ ചോദ്യം ഇഷ്ടപ്പെടാതെ വടയാര്‍ ശശികുമാറിനോട് കയര്‍ത്ത നായനാരോട് വിതുര ബേബി കൊരുത്തു, ബേബി പറഞ്ഞതിനോട് നായനാര്‍ പ്രതികരിച്ചില്ല, കേസെടുത്തതുമില്ല, അതാണ്‌ അന്തസ്! അന്ന് ശശികുമാറിനെ ചീത്ത വിളിച്ചതില്‍ നായനാര്‍ പിന്നീട് പശ്ചാത്തപിച്ചിരിക്കും; ആ ചീത്തപ്പേരില്‍ നിന്ന് സി.പി.എമ്മും മോചിതമായിട്ടില്ല; മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പറഞ്ഞ പിണറായിയും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം! പുതിയ പ്രയോഗം ഗവര്‍ണറുടേതാണ്, എന്തായാലും ഖാന്‍റെ 'ഗറ്റൗട്ട്' കടന്നകൈയ്യായിപ്പോയി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

പരിചയമുള്ളപോലീസുകാരന്‍ രണ്ടിടി കൂടുതല്‍ ഇടിക്കും. അതാണ് പതിവു രീതി. അതു ഗവര്‍ണറായാലും മുഖ്യമന്ത്രിയായാലും മാറ്റമില്ല. അതു പത്രക്കാരുടെ വിധി. പത്രസ്വാതന്ത്ര്യം നിലനില്‍ക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ അത് എതിരാളിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാകണം. മാധ്യമങ്ങള്‍ ചിലതെങ്കിലും എല്ലാവരെയും വിമര്‍ശിക്കും. പ്രശ്നാധിഷ്ഠിത വിമര്‍ശനക്കാരാണ് കുറെ മാധ്യമങ്ങള്‍. എങ്ങനെ ആയായും സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് എഴുതുകയോ പറയുകയോ ചെയ്തില്ലെങ്കില്‍ മാധ്യമങ്ങളുടെയും അതിലെ പ്രവര്‍ത്തകരുടെയും കാര്യം കട്ടപ്പൊക.

അമ്മായിയമ്മയും നാത്തൂനും വേന്ദ്രത്തികളായി വിലസുന്ന വീട്ടിലെത്തുന്ന മരുമകളുടെ സ്ഥിതിയാണ് മാധ്യമങ്ങള്‍ക്ക്. എന്തിനും ഏതിനും ചീത്ത കേള്‍ക്കണം. കുറ്റങ്ങള്‍ ഏല്‍ക്കുന്ന ജീവി. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റെന്നു പിണറായി വിളിച്ചു തുടങ്ങിയത് ലാവ്ലിന്‍ കേസില്‍ വിമര്‍ശനം നേരിട്ടപ്പോള്‍.


പിന്നെ വസ്തുത വളച്ചൊടിക്കുന്നവര്‍, പച്ചപുല്ലിനു തീപിടിപ്പിക്കുന്നവര്‍, ഇല്ലാകഥ മെനയുന്നവര്‍, പ്രധാന പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നവര്‍, പിന്തിരിപ്പന്‍മാര്‍, ബൂര്‍ഷ്വകള്‍, ഉടമയുടെ കാല്‍നക്കികള്‍, പേന ഉന്തുകാര്‍, കൂലിയെഴുത്തുകാര്‍ തുടങ്ങിയ കിരീടങ്ങളൊക്കെ ഇതിനകം നേടി കഴിഞ്ഞു.


അതിനിടക്കായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പിണറായിതന്നെ 'കടക്കു പുറത്തു'മായി രംഗത്തെത്തിയത്. സി.പി.എം - ആര്‍.എസ്.എസ് ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയതായിരുന്നു മാധ്യമക്കാര്‍. സര്‍ക്കാരിന്‍റെ അറിയിപ്പനുസരിച്ചുതന്നെ. സാധാരണ ഇങ്ങനെ സംഭവിച്ചാല്‍ പേഴ്സണല്‍ സ്റ്റാഫിനെക്കൊണ്ടാണ് മന്ത്രിമാര്‍ പറയിക്കുക. പത്രക്കാര്‍ക്കു പ്രവേശനമില്ലെന്ന്. അവര്‍ കൊണ്ടുവന്ന സാധനങ്ങളുമായി സ്ഥലം വിടും. ആരെങ്കിലും അവര്‍ക്കു ഉള്ളില്‍ നടന്നതെല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യും.


കലിയിളകിയ പിണറായി നേരിട്ടുതന്നെ 'കടക്ക് പുറത്തെ'ന്നു പറഞ്ഞു വഷളായി. ആരെങ്കിലും മറുത്തു പറഞ്ഞിരുന്നെങ്കില്‍ പിണറായിക്കു ക്ഷീണമായേനേ.


പഴയ നിയമസഭയുടെ കാലത്ത് ഇടുങ്ങിയ ഒരു മുറിയായിരുന്നു പ്രസ് റൂം. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമൊക്കെ പത്രസമ്മേളനം നടത്തിയിരുന്നത് അവിടെയാണ്. പത്ത് പന്ത്രണ്ടു പത്രക്കാരേ കാണൂ. ടി.വി. ഇല്ലാത്ത കാലമാണ്. ഇ.കെ നായനാര്‍ മുഖ്യമന്ത്രി. നിയമസഭയില്‍ സമ്മേളനവും ബഹിഷ്കരണവും, മുഖ്യമന്ത്രി പത്രക്കാരെ കണ്ടു. അതിനിടയില്‍ വീക്ഷണം ലേഖകന്‍ വടയാര്‍ ശശികുമാര്‍ (അന്തരിച്ച) ഒരു കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു. നായനാര്‍ക്കിഷ്ടമായില്ല. വടയാറിനെ നായനാര്‍ ചീത്ത പറഞ്ഞു. അത് പരിധിവിട്ടുപോയി.

ഉടന്‍ വിതുര ബേബി നായനാരോട് കൊരുത്തു. കമ്മ്യൂണിസ്റ്റും ദീര്‍ഘകാലം ജനയുഗത്തില്‍ എഡിറ്ററുമായിരുന്ന വിതുര ബേബി അന്ന് മംഗളത്തിന്‍റെ ലേഖകനായിരുന്നു. ബേബി പറഞ്ഞതൊക്കെ കേട്ടതല്ലാതെ നായനാര്‍ പ്രതികരിച്ചില്ല. കേസെടുത്തില്ല. വീടിന്‍റെ മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചില്ല. ഫോണില്‍ ആരും തെറിവിളിച്ചില്ല. അതാണ് അന്തസ്. അപ്പോഴത്തെ ദേഷ്യത്തില്‍ ശശികുമാറിനെക്കുറിച്ചു പറഞ്ഞതോര്‍ത്ത് നായനാര്‍ പശ്ചാത്തപിച്ചിരിക്കും.


വര്‍ഷങ്ങളായി ആ ചീത്തപ്പേരില്‍ നിന്ന് പിണറായിയും സി.പി.എമ്മും മോചിതമായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യ ചര്‍ച്ചകളില്‍ എതിരാളികള്‍ക്ക് അടിക്കാനുള്ള സ്ഥിരം വടിയായി അതു മാറി. ഒരുപക്ഷേ ഇപ്പോള്‍ പിണറായി പശ്ചാത്തപിക്കുന്നുണ്ടാവും. പുറത്തു പറഞ്ഞില്ലെങ്കിലും.


പുതിയ പ്രയോഗം - ഗവര്‍ണറുടേതാണ്. ഒരു മാസക്കാലമായി ഗവര്‍ണര്‍ രണ്ടു ചാനലുകള്‍ക്കെതിരെ കലിതുള്ളുന്നുണ്ട്. കൈരളിയും മീഡിയ വണ്ണുമാണ്. ദേശാഭിമാനിയോടുപോലും അത്രക്ക് അസഹിഷ്ണുതയില്ല. മീഡിയയിലെ 'കേഡര്‍'കാരോട് സംസാരിക്കില്ലെന്നാണ് ഖാന്‍റെ തീരുമാനം. അതിനദ്ദേഹത്തിന് അവകാശമുണ്ട്.

വിളിച്ചുവരുത്തി 'ഗറ്റൗട്ട്' അടിച്ചതാണിവിടുത്തെ പ്രശ്നം. അത് ഓഫീസിന്‍റെ നോട്ടപ്പിശകാക്കാം. അല്ലെങ്കില്‍ ഗവര്‍ണറെ ചീത്തയാക്കാന്‍ പി.ആര്‍.ഡിക്കാര്‍ അവരേക്കൂടി വിളിച്ചു വരുത്തിയതാകാം. എന്തായാലും ഖാന്‍റെ 'ഗറ്റൗട്ട്' കടന്നകൈയ്യായിപ്പോയി. ഒരു ഭരണാധികാരി ഉപയോഗിക്കേണ്ട വാക്കല്ലത്. സ്വന്തം വീട്ടില്‍ വരുന്ന ഇഷ്ടമില്ലാത്തവരോട് 'ഗറ്റൗട്ട്' പറയാനുള്ള അവകാശം വീട്ടുടമകള്‍ക്കുണ്ട്. ഇവിടെ അതല്ലല്ലോ.

ഗവര്‍ണര്‍ പ്രശ്നത്തില്‍ പൊതുസമൂഹവും ഭൂരിപക്ഷ മാധ്യമങ്ങളും ഖാന്‍റെ പക്ഷത്താണ്. സര്‍ക്കാരിന്‍റെ ധാര്‍ഷ്ഠ്യത്തിനും ബന്ധുനിയമനങ്ങള്‍ക്കും എതിരാണ്. ആ സ്ഥിതിക്ക് അവരോടുള്ള കൂറെങ്കിലും പ്രകടിപ്പിക്കേണ്ടതായിരുന്നില്ലേ ? ഇവിടെ എല്ലാവരും പ്രതിപക്ഷത്തോടൊപ്പമായില്ലേ ? ലഭിച്ച നല്ല അന്തരീക്ഷം കളഞ്ഞു കുളിക്കണമെന്നു ചില മിടുക്കന്‍മാര്‍ക്ക് ചിന്തയുണ്ടാകും. ചുഴിക്കുറ്റം എന്നാണതിന്‍റെ പേര്.

പ്രതിഷേധ പ്രകടനമല്ലാതെ ബഹിഷ്കരണം മാധ്യമങ്ങള്‍ക്കു പറഞ്ഞിട്ടുള്ള സമരമുറയല്ല. ഒരിക്കലും അതു വിജയിച്ചിട്ടുമില്ല. സി.പി.എം ഭരിക്കുമ്പോള്‍ പണ്ടു ബഹിഷ്കരണമുണ്ടായി. ദേശാഭിമാനിക്കാര്‍ ബഹിഷ്കരിക്കില്ല. കോണ്‍ഗ്രസ് ഭരണത്തിലെങ്കില്‍ വീക്ഷണക്കാര്‍ ബഹിഷ്കരിക്കില്ല. മറ്റ് പത്രക്കാര്‍ നിര്‍ബന്ധിക്കില്ല. കാരണം പണിപോയാല്‍ തിരികെ വാങ്ങിക്കൊടുക്കാനാര്‍ക്കാണു കഴിയുക ? ഇന്‍ഡ്യന്‍ എക്സ്പ്രസ് സമരത്തില്‍ പങ്കെടുത്തതിന് (പത്രപ്രവര്‍ത്തക യൂണിയന്‍റെ ആഹ്വാനപ്രകാരം) ജോലിപോയ പത്രക്കാരൊക്കെ അനുഭവിച്ച യാതനകള്‍ ചെറുതല്ല. ചിലര്‍ക്കൊക്കെ ജോലികിട്ടി. ബാക്കിയുള്ളവര്‍ അലഞ്ഞു നടന്നു. കുറെ കഴിഞ്ഞപ്പോള്‍ ആരും തിരിഞ്ഞുനോക്കാതെയായി.

എതിരായി വാര്‍ത്ത വരുമ്പോള്‍ പുലഭ്യം പറയുകയും അനുകൂലമാകുമ്പോള്‍ ഒക്കത്തു വെക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ശീലമാണ് മാറേണ്ടത്. ഇവരുടെയൊക്കെ അവഹേളനം കേള്‍ക്കുക മാധ്യമപ്രവര്‍ത്തകരുടെ തൊഴിലിന്‍റെ ഭാഗമാണ്. അത് അന്നും ഇന്നും എന്നും

Advertisment