സ്ത്രീ സംരക്ഷണം സര്‍ക്കാരിന്‍റെ മുഖമുദ്രയാണ്. ആരംഭിച്ചത് വി.എസ് അച്യുതാനന്ദനാണെങ്കിലും പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അതു ശക്തമായി തുടര്‍ന്നു. ചലച്ചിത്ര നടികളുടെ സംഘടനയായ വിമന്‍ കളക്ടീവിനോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രങ്ങള്‍ മറക്കാറായിട്ടില്ല. ദിലീപിനെ ശരിപ്പെടുത്താന്‍ അങ്ങനെ തീരുമാനമാവുകയും ചെയ്തു. ഒക്കെ നല്ലകാര്യം.
എന്നാല്‍ വേറിട്ടൊരു മാതൃകയാണ് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ നല്‍കുന്നത്. ഒരു പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു. പരാതിയും കേസുമായി. നമ്മുടെ തെളിവുനിയമത്തില്‍ സംഭവസ്ഥലത്തു കെട്ടി എഴുന്നള്ളിച്ചു കൊണ്ടുപോയി തെളിവെടുപ്പ് എന്നൊരു ഏര്‍പ്പാടുണ്ട്. തൊണ്ടിസാധനങ്ങള്‍ വീണ്ടെടുക്കുകയും വേണം. കുത്താന്‍ ഉപയോഗിച്ച കത്തി എവിടെന്ന് കുറ്റവാളി തന്നെ പറഞ്ഞു കൊടുക്കണം. എസ് കത്തികഥ അങ്ങനെയാണുണ്ടായത്. ഒരു കൊലപാതകിയും കത്തി എവിടെന്നു പറയില്ല. പിന്നെ പോലീസ് അങ്ങനെ ഒരു കത്തി ഉണ്ടാക്കി എവിടെയെങ്കിലും കൊണ്ടിടും. എന്നിട്ട് കൊലപാതകി കാട്ടിത്തന്നു എന്നു നടിച്ച് അത് പിടിച്ചെടുക്കും, ഒക്കെ നാടകം. അങ്ങനെ നാടകം അഭിനയിക്കണമെന്നാണ് തെളിവുനിയമം പറയുന്നത്.
അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ വയനാട് ജില്ലയിലാണ്. പരാതിക്കാരിയെ ഉപദ്രവിച്ചത് ഊട്ടിയിലാണ്. സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുക്കണം. പെണ്‍കുട്ടിയെയുമായി പോലീസ് ഊട്ടിക്കുപോയി. ഒരു പെണ്‍ പോലീസും രണ്ട് ആണ്‍ പോലീസും. പോലീസിനെ തെരഞ്ഞെടുത്ത വിദ്വാന്‍മാര്‍ നല്ല വിരുതാണു കാട്ടിയത്. പെണ്‍ പോലീസിന്‍റെ കാമുകനായ ആണ്‍പോലീസിനെ തെരഞ്ഞെടുത്തപ്പോള്‍ സംഗതി ഉഷാറായി. ഊട്ടിയില്‍ മധുവിധു പോലെ.
അവിടെത്തിയപാടെ കാമുകനും കാമുകിയും ഊട്ടികാണാനിറങ്ങി. പെണ്‍കുട്ടിയെ അവശേഷിച്ച ആണ്‍ പോലീസിനെ ഏല്‍പ്പിച്ചു. അയാള്‍ പുരുഷനല്ലേ. മനുഷ്യനല്ലേ. കിളിന്തു പ്രായത്തിലുള്ള പെണ്ണിനെ സംരക്ഷിച്ചു എത്ര നേരം വെറുതെ ഇരിക്കും ? അവളെ അയാള്‍ ഉപയോഗിച്ചു. അതിനുള്ള അവകാശം പോലീസിനുണ്ടല്ലോ. അവരല്ലേ അവളുടെ സംരക്ഷകര്‍.
അങ്ങനെ രണ്ടു ദിവസം അയാള്‍ അവള്‍ക്കൊപ്പം സംരക്ഷണ കവചം തീര്‍ത്തു. മടങ്ങിയെത്തിയ പെണ്‍കുട്ടി അധികൃതരോട് പരാതി പറഞ്ഞു. ഈ നിമിഷം വരെ കേസെടുത്തിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. എന്തേ ഇത്രനാളായിട്ടും നടപടിയെടുക്കാത്തത് എന്ന് ആരോട് ചോദിക്കണം ?
നിര്‍ഭയ സൃഷ്ടിച്ചത് ഇതുപോലെയുള്ള പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനാണ്. പോലീസിനൊപ്പം ഇരകളെ വിടാന്‍ പാടില്ല എന്നതാണ് നിയമം. നിര്‍ഭയ ഭാരവാഹികളോ ഉദ്യോഗസ്ഥരോ കൂട്ടിനു പോകണം. ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ല. ഇര പരാതി പറഞ്ഞാല്‍ കേസ് കൊടുക്കും. അരും പിറകേ പോകില്ല. അതവിടെ കിടക്കും.
ഈയിടെ സെക്രട്ടറിയേറ്റിനു മൂക്കിനു കീഴെ ഒരു സംഭവം നടന്നു. നിര്‍ഭയ ഹോമില്‍ താമസിക്കുന്ന പെണ്‍കുട്ടി ഇരയാണ്. അവള്‍ ഒരാളെ പ്രേമിച്ചു. അവനോടൊപ്പം കിഴക്കേകോട്ടയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഷാഡോ പോലീസാണെന്നു പറഞ്ഞ് ഒരുത്തന്‍ വന്നു. (അവന്‍ ഷാഡോ പോലീസ് ആയിരുന്നില്ല). കാമുകനെ അടിച്ചോടിച്ചു. അവളെയുംകൊണ്ടു സ്ഥലം വിട്ടു. ദിവസങ്ങള്‍ ലോഡ്ജില്‍ താമസിപ്പിച്ച് ഉപദ്രവിച്ചു. ഭാഗ്യം. അവനേ പോലീസ് പിടിച്ചു. ഇതാണ് സ്ത്രീസംരക്ഷണത്തിന്‍റെ കേരളത്തിലെ നേര്‍ ചിത്രം. ഇതൊന്നും പത്രങ്ങളില്‍ വന്നിട്ടില്ല. ഇതുപോലുള്ള സംഭവങ്ങള്‍ നാടുനീളെ നടക്കുമ്പോള്‍ ഇതൊന്നും വാര്‍ത്തയല്ലാതായി പോവുകയാണോ ?
നിര്‍ഭയ ഒരു നല്ല സങ്കല്‍പ്പമായിരുന്നു. അതിനെ സര്‍ക്കാര്‍ ചുരുട്ടിക്കെട്ടി. 18 വയസ് തികഞ്ഞാല്‍ നിര്‍ഭയയില്‍ ഇടമില്ല. വീട്ടില്‍ പൊയ്‌ക്കൊള്ളണം. അവിടെ രണ്ടാനച്ഛനായിരിക്കും പ്രതി. അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സ്വന്തം അമ്മയുടെ സംരക്ഷണത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട 18 കാരികളെക്കുറിച്ചൊന്ന് ഓര്‍ക്കൂ.
പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാന്‍ കാരണം ഇതാണ്. പ്രായപൂര്‍ത്തിയാകും മുമ്പ് ഉപദ്രവിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സ്റ്റേറ്റാണ് സംരക്ഷണം നല്‍കേണ്ടത്. മൈനറും ദൈവവും ഒക്കെ സ്റ്റേറ്റിന്‍റെ ഉടമസ്ഥതയിലാണ്. അതുകൊണ്ടാണ് ദൈവത്തിന്‍റെ കാര്യത്തില്‍ കോടതി നേരിട്ടിടപെടുന്നത്. കാരണം ദൈവം മൈനറാണ് നിയമത്തില്‍.
പക്ഷേ ഉപദ്രവിക്കപ്പെട്ട കുട്ടികള്‍ 18 കഴിഞ്ഞാല്‍ എന്തുചെയ്യും ? നിയമപരമായ സംരക്ഷണം ഇല്ലാതാകുന്നു. പിന്നെ അവര്‍ എന്തു ചെയ്യും ? അവരെ, ഇരകളെ, പ്രതികളുടെ ഇടങ്ങളിലേക്കയക്കുകയാണ് നാം. എന്നിട്ടാണ് സ്ത്രീ സംരക്ഷണത്തേക്കുറിച്ച് വാചകമടിക്കുന്നത്. നാണം തോന്നുന്നില്ലേ സര്‍ക്കാരേ ?