വര്‍ഷത്തിലെആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയ പ്രഖ്യാപനത്തോടെയാണ് ആരംഭിക്കേണ്ടത്. ഭരണഘടനയുടെ 176 -ാം വകുപ്പിലാണ് ഇതേക്കുറിച്ചു പറയുന്നത്. ഗവര്‍ണറുടെ പ്രക്യേക പ്രസംഗം എന്ന അനുഛേദത്തില്‍ പറയുന്നതാണീ വ്യവസ്ഥ. ഗവര്‍ണര്‍ക്ക് നിയമസഭയില്‍ രണ്ട് അവസരങ്ങളില്‍ അഭിസംബോധന നടത്താമെന്നതാണ് 176 -ല്‍ പറയുന്നത്. പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യം നടക്കുന്ന നിയമസഭാ സമ്മേളനത്തെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യണം.
എല്ലാ വര്‍ഷവും നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തണം. നിയമസഭയുടെ നടപടി ക്രമങ്ങള്‍ ക്രമപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗവര്‍ണര്‍ പ്രസംഗിക്കണമെന്ന് നിയമസഭക്കു തോന്നിയാല്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കാം.
ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര്‍വിളിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ എങ്ങനെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്നൊഴിവാക്കാമെന്നാണിപ്പോള്‍ ഇടതുപക്ഷത്തെ ബുദ്ധിജീവികള്‍ തലപുകച്ചാലോചിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതപ്പടി ഗവര്‍ണര്‍ വായിക്കില്ല. കേന്ദ്രത്തിനും ഗവര്‍ണര്‍ക്കുമെതിരെ എന്തെഴുതിയാലും വായിക്കില്ലെന്നുറപ്പ്. വിട്ടുകളഞ്ഞാല്‍ കുഴപ്പമില്ല. ഗവര്‍ണര്‍ സ്വയം എഴുതിക്കൊണ്ടുവരുന്ന വിമര്‍ശനങ്ങള്‍ സഭയില്‍ വായിച്ചാല്‍ എന്തുചെയ്യും ? രാജ്ഭവനില്‍ ഇരുന്നു അടി ഇരന്നുവാങ്ങിയപോലെയാവില്ലേ ? പരിഹാരം ഗവര്‍ണറെ ഒഴിവാക്കുക. ഭരണഘടനയില്‍ കിടക്കുന്ന 176 നെ എങ്ങിനെ മറികടക്കാമെന്നാണിപ്പോഴത്തെ ചിന്ത.
അതിനൊരു മാര്‍ഗമുണ്ട്. ഡിസംബര്‍ 30 നോ 31 നോ സഭ സമ്മേളിക്കുക. പുതിയ വര്‍ഷത്തെ ആദ്യ സമ്മേളനമെന്ന കുരിശു നീങ്ങിക്കിട്ടും. 176 ലംഘിക്കപ്പെടില്ല. ഇടയ്ക്ക് നീണ്ട ഇടവേള നല്‍കി മാര്‍ച്ച് വരെ സഭാ സമ്മേളനം നീട്ടിക്കൊണ്ടുപോവുക. മാര്‍ച്ച് 31 നു സഭ പിരിയട്ടെ. പിന്നെ കൂടേണ്ടത് 6 മാസം കഴിഞ്ഞാണ്.
ഒക്ടോബര്‍ ആദ്യം ചേര്‍ന്നാല്‍ മതി. അതിനകം കല്ലും നെല്ലും തിരിയും. ഒന്നുകില്‍ കേന്ദ്രം നിയമസഭ പിരിച്ചുവിടുകയോ സഭയെ മരവിപ്പിച്ചു നിര്‍ത്തുകയോ ചെയ്യും. അല്ലെങ്കില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അനുരഞ്ജനത്തിലെത്തും. കേന്ദ്രവും മുഖ്യമന്ത്രിയും അനുരഞ്ജനത്തിലെത്തിയാലും മതി. പശ്ചിമബംഗാളില്‍ നിന്ന് ചുവപ്പും കാവിയും കലര്‍ന്ന ഒരു പുതിയ പ്രഭാതം പൊട്ടിവിരിയുന്നുണ്ട്. ഗവര്‍ണറെ സ്ഥലം മാറ്റി പ്രശ്നം തീര്‍ക്കാം.
ഇനി അതല്ല കേന്ദ്ര പിന്തുണയോടെയാണ് ഗവര്‍ണറുടെ 'കാന്താര' എങ്കില്‍ സംഗതി കലക്കും. നവംബര്‍ 15 ന് ഇടതുപക്ഷം രാജ്ഭവന്‍ വളയും. അന്നേതായാലും ഖാന്‍ സ്ഥലത്തില്ല. അതിനു ശേഷമേ എത്തൂ. ഗവണ്‍മെന്‍റിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. കോണ്‍ഗ്രസും ബി.ജെ.പിയും എഴുതി കൊടുത്ത കുറ്റപത്രക്കെട്ടുകള്‍ രാജ്ഭവനിലുണ്ട്. അതൊക്കെ തന്‍റേതാക്കി മാറ്റിയാല്‍ മതി. പിരിച്ചുവിടണമെന്നാണു ശുപാര്‍ശയെങ്കില്‍, അതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനമെങ്കില്‍ പിന്നീട് ഗവര്‍ണര്‍ക്കു ഭരിക്കാം.
തുടക്കത്തില്‍ കുറെ ദിവസം യുദ്ധക്കളമാകും. അതൊക്കെ ഒരാഴ്ചകൊണ്ടു കെട്ടടങ്ങും. വെയില്‍ കൊണ്ടും ജലപീരങ്കി ഏറ്റും തല്ലുകൊണ്ടും സമരം നടത്തിയ കാലമൊക്കെ സഖാക്കള്‍ മറന്നു കാണും. ആറു വര്‍ഷത്തെ തെറിവിളിക്കും പാവകളാക്കി ഇരുത്തിയതിനുമൊക്കെ പ്രതികാരം ചെയ്യാന്‍ തയ്യാറായി ഇരിക്കുന്ന കോണ്‍ഗ്രസ് - ബി.ജെ.പി പോലീസുകാരെ താക്കോല്‍ സ്ഥാനങ്ങളില്‍ വച്ചാല്‍ മതി. പഴയപോലെ തല്ലുകൊള്ളാനൊന്നും ഇനി ആളെ കിട്ടുകയില്ല. കേസും കരുതല്‍ തടങ്കലും അറസ്റ്റും പൊതുമുതല്‍ നശിപ്പിക്കലുമൊക്കെ ചാര്‍ജ് ചെയ്താല്‍ കുരുങ്ങിപ്പോകും. പാവം പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഗതി കണ്ടില്ലേ. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
ജയില്‍ പോലീസ് ഭരണങ്ങള്‍ ബി.ജെ.പി - ആര്‍.എസ്.എസ് കക്ഷികളുടെ കൈയ്യില്‍ പോയാല്‍ സി.പി.എംകാരുടെ കുറെ എല്ലുകള്‍ പൊട്ടും, പൊടിയും. കണ്ണൂരൊക്കെ പിന്നെ തില്ലങ്കേരിയുടെ തില്ലാനയായിരിക്കും. ഓര്‍മ്മവേണം. ഖാനാണെങ്കില്‍ കലിപ്പെല്ലാം തീര്‍ക്കുകയും ചെയ്യും. ഇപ്പോഴത്തെ 44 വണ്ടിക്കു പകരം ഒരു ഗണ്‍മാനെ വച്ച് പിണറായിക്കു യാത്രചെയ്യേണ്ടി വരും.
ഇതൊക്കെ സി.പി.എമ്മിനറിയാം. ആ അപകടം അവര്‍ മണക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ 15 ന് സാക്ഷാല്‍ യച്ചൂരി തന്നെ പടക്കിറങ്ങുന്നത്. ഡല്‍ഹിയിലാകെയുള്ള ഒരു വരുമാന മാര്‍ഗമാണ്. എങ്ങനെയും സംരക്ഷിക്കണമെന്നാരാ ചിന്തിക്കാത്തത്. തമിഴ്‌നാട്ടിൽ മഴ പെയ്തില്ലെങ്കില്‍ മലയാളിയുടെ പച്ചക്കറി തീറ്റി നില്‍ക്കും. അതുപോലെയാണ് പാര്‍ട്ടിക്ക് - കേരളത്തില്‍ ബക്കറ്റ് നിറഞ്ഞില്ലെങ്കില്‍ പോളിറ്റ് ബ്യൂറോ പട്ടിണിയിലാകും.
അണികള്‍ ആവേശത്തിലും ആശ്വാസത്തിലുമാണ്. സ്വപ്നയും ആര്യയുടെ കത്തുമൊക്കെ വരുത്തുന്ന നാണക്കേട് ചില്ലറയല്ല. ആനാവൂരുപോലും അസ്വസ്ഥനാണത്രെ. ബക്കറ്റും കൊണ്ടു കോഴിക്കോട്ടുപോയെന്നൊക്കെ പറഞ്ഞു വനിതാ കോണ്‍ഗ്രസുകാര്‍ എത്രയാ നാണം കെടുത്തുന്നത്. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ ഭരണം പോകണമെന്നാണ് നിസ്വാര്‍ത്ഥ പാര്‍ട്ടിക്കാരുടെ ആഗ്രഹം. കാരണം മെച്ചം നേതാക്കള്‍ക്കേയുള്ളു. അണികളുടെ കാര്യം കട്ടപ്പൊക. പാര്‍ട്ടി ലിക്വിഡേഷനിലാകാതിരിക്കാന്‍ ഭരണം ഉപയോഗിക്കുക. അതു പിരിച്ചു വിടലിലൂടെയാണെങ്കില്‍ രക്തസാക്ഷി പരിവേഷം സൗജന്യമായി കിട്ടും. അണികള്‍ ആവേശത്തിലുമാകും. എന്തായാലും നമ്മുടെ പാര്‍ട്ടിക്കൊരു ക്ഷീണവും ഉണ്ടാകാതെ കാത്തോണേ എന്നാണ് അണികള്‍ മുത്തപ്പനോടു പ്രാര്‍ത്ഥിക്കുന്നത്.