കളങ്കിതരെ പോലീസ് സേനയുടെ ഭാഗമാക്കില്ലെന്നാണ് പിണറായി പറഞ്ഞത്; പോലീസ് അതിരുവിടുമ്പോള്‍ കാലാകാലങ്ങളായി എല്ലാ ആഭ്യന്തരമന്ത്രിമാരും ഇങ്ങനയൊക്കെ പറഞ്ഞിട്ടുള്ളതിനാല്‍ ഇതിനൊരു പുതുമയുമില്ല! എ.പി കുര്യന്‍, കെ.എന്‍ ബാലഗോപാല്‍, പി. ശശി എന്നിവരൊക്കെ ആഭ്യന്തരം കൈകാര്യം ചെയ്ത മികച്ച പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ്; മികച്ച ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി; അന്നൊന്നും നടക്കാത്ത പോലീസ് അതിക്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നതിനെന്താണു കാരണം? പ്രശ്നം രാഷ്ട്രീയവല്‍ക്കരണത്തിന്‍റേതാണ്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

മുഖ്യമന്ത്രിപിണറായി വിജയന്‍ പോലീസിനെതിരെ കടുത്ത ഭാഷയില്‍ സംസാരിക്കേണ്ടിവന്നത് എന്തുകൊണ്ട് ? കൊട്ടാരക്കരയില്‍ കൊല്ലം റൂറല്‍ ആസ്ഥാന മന്ദിരത്തിന്‍റെ ഉത്ഘാ‍നം നിര്‍വ്വഹിച്ചുകൊണ്ട് പിണറായി പറഞ്ഞതിന്‍റെ ചുരുക്കം ഇതാണ്.

പോലീസിലെ വിരലിലെണ്ണാവുന്ന ചിലര്‍ സേനക്കാകെ കളങ്കമുണ്ടാക്കുന്നു. അത്തരക്കാരോട് ദയാ ദാക്ഷിണ്യം കാണിക്കില്ല. അങ്ങനെയുള്ളവരെ സംരക്ഷിക്കേണ്ട ബാധ്യത പോലീസിനില്ല, അധികാരസേനയല്ല. സേവനം നല്‍കാന്‍ കഴിയണം. കളങ്കിതരെ സേനയുടെ ഭാഗമാക്കില്ല. മൂന്നാംമുറ ഇല്ലെന്നുറപ്പുവരുത്തും. സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.

പോലീസ് അതിരുവിടുമ്പോള്‍ കാലാകാലങ്ങളായി എല്ലാ ആഭ്യന്തരമന്ത്രിമാരും ഇങ്ങനയൊക്കെ പറഞ്ഞിട്ടുള്ളതിനാല്‍ ഇതിനൊരു പുതുമയുമില്ല. പ്രതി പ്രതിപക്ഷമാണെങ്കില്‍ ഉടന്‍ കേസെടുക്കുന്ന പോലീസ് പ്രതി സി.പി.എം ആണെങ്കില്‍ കാലവിളംബം വരുത്തുന്നതെന്തുകൊണ്ട് ?


അമ്പലവയലിലെ കാര്യം ഞാന്‍ തന്നെ എഴുതിയിരുന്നു. ഇരയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചവര്‍ക്കെതിരെ നടപടിയെടുത്തത് കഴിഞ്ഞ ദിവസമാണ്. നിലപാട് എന്ന ഈ കോളത്തിലെഴുതിയത് ഞാന്‍ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡി.ജി.പി എം.ആര്‍ അജിത് കുമാറിനയച്ചുകൊടുത്തിരുന്നു. അതുകൊണ്ടായാലും അല്ലെങ്കിലും അടുത്ത ദിവസം നടപടി ഉണ്ടായി.


എ.പി കുര്യന്‍, കെ.എന്‍ ബാലഗോപാല്‍, പി. ശശി എന്നിവരൊക്കെ ആഭ്യന്തരം കൈകാര്യം ചെയ്ത മികച്ച പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ്. മികച്ച ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി. അന്നൊന്നും നടക്കാത്ത പോലീസ് അതിക്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നതിനെന്താണു കാരണം. ഇപ്പോള്‍ പി. ശശിയാണല്ലോ പൊളിറ്റിക്കല്‍ സെക്രട്ടറി. പ്രശ്നം രാഷ്ട്രീയവല്‍ക്കരണത്തിന്‍റേതാണ്. സി.പി.എം ഭരിക്കുമ്പോള്‍ അണികള്‍ പോലീസ് സ്റ്റേഷനില്‍ കയറി നിരങ്ങുക സാധാരണമാണ്. അതിനൊരറുതി വന്നത് പോലീസ് കാര്യങ്ങളില്‍ ജില്ലാ സെക്രട്ടറി തലത്തിലുള്ളവര്‍ ഇടപെട്ടാല്‍ മതിയെന്ന തീരുമാനത്തോടെയാണ്.

കോടിയേരിയുടെ കാലത്താണ് അതു കര്‍ശനമാക്കിയത്. നായനാരുടെ കാലത്തും അങ്ങനെയായിരുന്നു. അപ്പോള്‍ ഒരു നിയന്ത്രണമൊക്കെ ഇടപെടലുകള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ലോക്കല്‍ സെക്രട്ടറിവരെ സ്റ്റേഷനുകള്‍ ഭരിക്കുന്നു. ഏരിയാ സെക്രട്ടറിമാര്‍ സ്ഥലത്തെ സി.ഐയുടെ മുകളിലാണിപ്പോള്‍.


പോലീസിന്‍റെ തല്ലു നിരന്തരം വാങ്ങുകയും ഇടക്കിടെ ജയിലില്‍ കിടക്കുകയും ചെയ്തിരുന്ന അണികളാണിപ്പോള്‍ പോലീസ് ഭരണത്തിന്‍റെ പത്രാസുമായി നാട്ടിലിറങ്ങി വിലസുന്നത്. അവര്‍ക്കു കടിഞ്ഞാണില്ല.


മുമ്പൊക്കെ വ്യക്തി - രാഷ്ട്രീയ ശുദ്ധിയുള്ളവരായിരുന്നു കുറഞ്ഞത് ഏരിയ കമ്മറ്റികള്‍ മുതല്‍. ഇപ്പോഴോ കൂടുതലും കച്ചവടക്കാരാണ്. മാഫിയ, ക്വോറി, ക്വട്ടേഷന്‍, വസ്തു കച്ചവടം, ഭൂമി തര്‍ക്കം പരിഹരിക്കല്‍ എന്നിവയൊക്കെ ലക്ഷങ്ങള്‍ മറിയുന്ന ഇടപാടുകളാണ്. പാര്‍ട്ടി ഭാരവാഹിയായാല്‍ ഇതൊക്കെ യഥേഷ്ടം ചെയ്യാം. അങ്ങനെയാണ് പലരും നേതൃത്വത്തില്‍ കയറിപറ്റുന്നത്.

കോഴയും അവിഹിതങ്ങളുമൊന്നും പാര്‍ട്ടിയില്‍ ഗൗരവമായ കുറ്റമല്ല. അന്തരിച്ച വി.ബി ചെറിയാന്‍ ചൂണ്ടിക്കാണിച്ച ഒരു സംഭവമുണ്ട്. ഒരു ബ്രാഞ്ചു മെമ്പര്‍ ഗര്‍ഭിണിയായി. കമ്മറ്റിയില്‍ അവര്‍ സെക്രട്ടറിയാണുത്തരവാദിയെന്നു പറഞ്ഞു. പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തി. പക്ഷെ ഒന്‍പതു മാസം കഴിഞ്ഞപ്പോള്‍ ബ്രാഞ്ച് അംഗം പ്രസവിച്ചു. വീണ്ടും കമ്മീഷന്‍, പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രസവിച്ച അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

അല്‍പം അതിശയോക്തിപരമെങ്കിലും ഇങ്ങനയൊക്കെയായിട്ടുണ്ട് പാര്‍ട്ടി കമ്മിറ്റികള്‍. നേതാവ് പഞ്ചനക്ഷത്ര ഹോട്ടലില്‍ കിടക്കുമ്പോള്‍ കുട്ടിനേതാവ് ത്രീസ്റ്റാറിലെങ്കിലും കിടക്കേണ്ടേ.


പണ്ട് ഇ.എം.എസ് ബഞ്ചില്‍ കിടക്കും. അനുയായി നിലത്തു പേപ്പറോ പായോ വിരിച്ചു കിടക്കും. ഇന്ന് അതാണോ സ്ഥിതി. പാവങ്ങളുടെ പടത്തലവന്‍മാരൊക്കെ ഊണും ഉറക്കവും പഞ്ചനക്ഷത്രങ്ങളിലാണ്. ആരാ പണം കൊടുക്കുക ? സ്വന്തം പോക്കറ്റില്‍ നിന്നാവില്ല. പാര്‍ട്ടി കൊടുക്കില്ല - പിന്നെയോ ? സ്പോണ്‍സര്‍മാരുണ്ടാകും. മിക്കയിടങ്ങളിലും. കാറും കാശും ചെലവാക്കാന്‍ സന്‍മനസുള്ളവര്‍. ഇപ്പോള്‍ അവരൊക്കെ മാര്‍ക്സിസ്റ്റാണ്. ഭരണം മാറിയാല്‍ അവരൊക്കെ (കൂടുതല്‍ പേരും) മനസ് മാറ്റി മറുകണ്ടം ചാടും.


ആറര വര്‍ഷമായി പിണറായി ആഭ്യന്തരവകുപ്പു ഭരിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴും വഞ്ചി തിരുനക്കരെ തന്നെയെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

സ്റ്റേഷനുകള്‍ കൈക്കൂലി കേന്ദ്രങ്ങളാണിപ്പോള്‍. കോഴ കൊടുക്കാതെ ഒന്നും നടക്കില്ല. കോഴയുടെ ഭാരമനുസരിച്ച് പ്രതികള്‍ക്ക് രക്ഷ. പോലീസിനു മാത്രമായിരുന്ന കോഴ ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും കൂടി കൊടുക്കണം. ഏറെനാള്‍ തച്ചുകൊണ്ടുനടന്നതല്ലേ. കാറ്റുള്ളപ്പോള്‍ അല്‍പം തൂറ്റിക്കോട്ടെ എന്ന് സി.പി.എം ചിന്തിക്കുന്നുണ്ടോ ? തീരുമാനമുണ്ടോ ? അറിയില്ല. പക്ഷേ തൂറ്റുന്നവരുടെ അയ്യരുകളിയാണു നാടുനീളെ.

പാര്‍ട്ടിക്കു ഫണ്ടു വേണം. ഇങ്ങനെയാണല്ലോ കണ്ണൂരില്‍ 90 കോടിയും തിരുവനന്തപുരത്തു 40 കോടിയുമൊക്കെ ബാങ്കില്‍ ഡെപ്പോസിറ്റ് വന്നത്. പക്ഷെ വ്യക്തികള്‍ കീശ വീര്‍പ്പിക്കുന്നതിനു കൂട്ടുനില്‍ക്കാമോ ? നിന്നാല്‍ പിണറായി പത്തു വര്‍ഷം ഭരിച്ചു കഴിഞ്ഞാലും ഇതേ പ്രസംഗം ആവര്‍ത്തിക്കേണ്ടി വരും.

Advertisment