കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റാകുന്നതുവരെ പൊതു സമൂഹത്തിന്‍റെ മുമ്പില്‍ കോണ്‍ഗ്രസിലെ മാര്‍ക്സിസ്റ്റ്കാരനായിരുന്നു. അടിക്കടി, കുത്തിനു കുത്ത്, വെട്ടിനു വെട്ട് ഇതാണല്ലോ ആ ശൈലി. കണ്ണൂരിലെ സി.പി.എംകാരോട് പോരാടിനിന്നാണ് സുധാകരന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഹീറോ ആയത്.
പിണറായിയുടെ ഭാഷയിലാണ് സുധാകരന്‍ സംസാരിക്കുന്നത്. അഥവാ പിണറായി, ഇ.പി ജയരാജന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍, കെ. സുധാകരന്‍ എന്നിവരൊക്കെ ഒരേഭാഷയിലാണ് സംസാരിക്കുന്നത്.
കണ്ണൂരുകാര്‍ ചേകവന്‍മാരുടെ നാടാണ്. കളരികളാണവിടുത്തെ സംരക്ഷണവലയക്കാര്‍. കൊള്ളക്കാരില്‍ നിന്നും അക്രമികളില്‍നിന്നും പൊതുജനത്തെയും നാടിനെയും രക്ഷിക്കുകയായിരുന്നു അവരുടെ ധര്‍മ്മം. അത് പിന്നെ കൊല്ലും കൊലയുമായി. നാടുവാഴികള്‍ തമ്മിലുള്ള കുടിപ്പകകള്‍ തീര്‍ക്കാന്‍ കളരിക്കാരെ ഇറക്കി പോരിന് വിട്ടു. കൊന്നു, മരിച്ചു, ചോരചീന്തി. അനേകം അമ്മമാര്‍ മക്കളില്ലാത്തവരായി.
ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്ലാത്തവരും മക്കള്‍ അച്ഛനില്ലാത്തവരുമായി. അതൊക്കെ ഇപ്പോഴും തുടരുന്നു എന്നേയുള്ളു. അന്നു നാടുവാഴികളാണെങ്കില്‍ ഇന്ന് പാര്‍ട്ടികള്‍. അന്നും നാടുവാഴികള്‍ക്കൊരു ആപത്തും വരാറില്ല. ഇന്ന് നേതാക്കള്‍ക്കും. ഇ.പി ജയരാജന്‍റെ കഴുത്തിലേറ്റ വെടി മാത്രമാണ് ഒരപവാദം. ചാകുന്നതൊക്കെ അണികളാണ്. കിടക്കുന്നതൊക്കെ പുഷ്പന്‍മാരാണ്.
പണ്ടു കുടിയേറ്റക്കാരായ കര്‍ഷക ഗുണ്ടകള്‍ക്കിടയില്‍ ഒരു രീതിയുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ചട്ടമ്പികള്‍ ഒത്തു കൂടിയാല്‍ ഒരു ശത്രുവിനെക്കൊല്ലും. അതിനാളെ കിട്ടിയില്ലെങ്കില്‍ ബാക്കിയുള്ളവര്‍ സംഘടിച്ച് കൂട്ടത്തിലെ ഒരുവനെ തട്ടും. അതാണ് ഇന്നും കണ്ണൂരിന്‍റെ സ്ഥിതി. ആരെയും കിട്ടിയില്ലെങ്കില്‍ തമ്മില്‍ തല്ലും. ഉല്‍സവങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും തല്ലുണ്ടാക്കുന്നത് മിക്കപ്പോഴും സമാന രാഷ്ട്രീയ പാര്‍ട്ടിക്കാരായിരിക്കും. പിന്നെ അത് പാര്‍ട്ടി ഇടപെട്ടു പരിഹരിക്കും. അതില്‍ മാര്‍ക്സിസ്റ്റെന്നോ ആര്‍.എസ്.എസ് എന്നോയില്ല.
അതവിടെ നില്‍ക്കട്ടെ. അതിനിടയിലാണ് കെ. സുധാകരന്‍റെ പ്രസ്താവന വന്നത്. കണ്ണൂര്‍ അക്രമങ്ങളുടെയും പോര്‍വിളികളുടെയും പശ്ചാത്തലത്തില്‍ സുധാകരന് ഒരു കോണ്‍ഗ്രസ് ഗുണ്ടാതലവ പ്രതിഛായയുണ്ടായത് യാദൃശ്ചികമായല്ല. അതേറ്റുപറയാനുള്ള ആര്‍ജ്ജവം സുധാകരന്‍ കാട്ടിയിട്ടുമുണ്ട്.
അങ്ങനെയുള്ള സുധാകരന്‍ പറഞ്ഞതിങ്ങനെ: മുമ്പ് സംഘടനാ കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ കുത്തേറ്റ് വീണ ആര്‍.എസ്.എസ് കാരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്തിട്ടുണ്ട്. അതിനെയാണ് മാധ്യമങ്ങളും ചില കക്ഷികളും കൊത്തിപ്പറിച്ചത്.
ഒന്നാമത് വളരെ പണ്ടു നടന്ന ഒരു സംഭവം. സംഘടനാ കോണ്‍ഗ്രസിലൂടെയും ജനതാ പാര്‍ട്ടിയിലൂടെയുമൊക്കെയാണ് സുധാകരന്‍ സാക്ഷാല്‍ കോണ്‍ഗ്രസിലെത്തിയത്. കണ്ണൂരില്‍ സി.പി.എമ്മിനെതിരെ കോണ്‍ഗ്രസും ആര്‍.എസ്.എസുമൊക്കെ യോജിച്ചു പ്രവര്‍ത്തിച്ചു എന്നത് രഹസ്യമല്ല. വടകര ബേപ്പൂര്‍ ഫോര്‍മുലയൊന്നും മറക്കാറായിട്ടില്ല.
ഇതൊന്നുമല്ലെന്നിരിക്കട്ടെ, മുമ്പില്‍ ഒരു മനുഷ്യന്‍ കുത്തേറ്റു വീണാല്‍ അയാള്‍ ആരാണെങ്കിലും രക്ഷിക്കുക മനുഷ്യത്വമല്ലേ ? ഇന്ത്യാ-പാക് യുദ്ധത്തില്‍ മുറിവേറ്റു വീണവരെ രക്ഷിക്കുക ശത്രു സൈന്യമാണ്. അല്ലാതെ മുറിവേറ്റു വീണവനെ കൊല്ലുകയല്ല മനുഷ്യത്വം. സുധാകരന്‍ അതേ ചെയ്തുള്ളു. പ്രാണനു വേണ്ടി പിടച്ചവനെ രക്ഷിച്ചു.
അവന്‍ ആര്‍.എസ്.എസ് ആയിപ്പോയതുകൊണ്ടു കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കണമായിരുന്നോ ? തിരിച്ചും ചെയ്യണം. ഒരു സി.പി.എം കാരന്‍ വെട്ടേറ്റു വീണാലും രക്ഷിക്കാം. അവിടെയല്ല രാഷ്ട്രീയം നോക്കേണ്ടത്. അതിനാല്‍ സുധാകരന് ഒരു കൈയ്യടി. ഇങ്ങനെയാവണം നേതാവ്. അതു തുറന്നു പറയാനുള്ള തന്‍റേടം കാട്ടിയ സുധാകരന്‍റെ പ്രതിഛായ ഇതിലൂടെ തിളങ്ങിയത് കുറച്ചൊന്നുമല്ല.