കര്‍ണാടകയാണ്കാശുകാര്‍ക്ക് പാര്‍ലമെന്‍റില്‍ എത്താനുള്ള തട്ടകം. മദ്യരാജാവ് വിജയ് മല്യപോലും പണം കൊടുത്തു പാര്‍ലമെന്‍റ് അംഗമാകാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതിന്‍റെ കഥ പറഞ്ഞാല്‍ നാറും; എല്ലാവരും. കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തുന്ന രാഷ്ട്രീയക്കാരല്ലാത്തവരൊക്കെ പേമെന്‍റ് സീറ്റുകാരാണ്. സീറ്റ് കിട്ടാന്‍ രാഷ്ട്രീയക്കാര്‍ക്കുപോലും സ്വന്തം കക്ഷിനേതാക്കള്‍ക്ക് പണം കൊടുക്കേണ്ടിവരുന്ന നാടാണ് കര്‍ണാടക. അവിടെ കക്ഷി വ്യത്യാസമൊന്നുമില്ല.
രഹസ്യ ബാലറ്റാണെങ്കില്‍ പണം വാങ്ങി മാറ്റികുത്തും. അതിന്‍റെ പേരില്‍ അച്ചടക്ക നടപടിയെടുത്ത ചരിത്രമൊന്നും അവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. കേന്ദ്രകക്ഷികളുടെ ഫണ്ടു ശേഖരണത്തിനുള്ള ചാകരയാണ് കര്‍ണാടക. കോണ്‍ഗ്രസിന് ഇപ്പോള്‍ രാജസ്ഥാന്‍ മാത്രമേയുള്ളൂ. ബി.ജെ.പിക്കു രാജ്യം നിറയെ ചാകര. കോരിയെടുക്കുകയേ വേണ്ടൂ. ജനതാദളിനും കര്‍ണാടകയാണു ശരണം. സി.പി.എമ്മിനു കേരളവും. ഇവിടെ കര്‍ണാടക മോഡല്‍ നടക്കില്ല. ബക്കറ്റും തസ്തിക വില്‍പ്പനയും മതി.
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സിലര്‍ സ്ഥാനത്തുനിന്നും കെ. റിജി ജോണിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവു വന്ന പശ്ചാത്തലത്തിലാണ് ഇത്രയും എഴുതിയത്. ഗവര്‍ണറുടെ നിലപാടാണ് ശരിയെന്ന് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നു. അങ്ങനെ പറയാനാവില്ലെന്നു മന്ത്രി ആര്‍. ബിന്ദു എത്ര ആവര്‍ത്തിച്ചാലും അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം ബിന്ദുവല്ല ഗവര്‍ണറാണു ശരിയെന്ന്.
കോര്‍പ്പറേഷനില്‍ നിയമനത്തിന് കത്തുകൊടുത്തിട്ട് ഇല്ലെന്നു തെളിയിക്കാന്‍ ആര്യ മുതല്‍ ആനാവൂരു വരെ കലക്കവെള്ളം കുടിക്കുന്നതുപൊലെയാണ് ഇതും. ഊളത്തരം കാട്ടിയിട്ട് ഞങ്ങളാണു ശരിയെന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുക.
സര്‍ച്ച് കമ്മറ്റി ഒരാളെ മാത്രം നിര്‍ദ്ദേശിച്ചു വിരുതുകാട്ടിയതാണ് ഇവിടെയും സര്‍ക്കാരിനു വിനയായത്. ഏറാന്‍മുളികളെ സര്‍ച്ച് കമ്മറ്റിക്കാരാക്കുക, അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇഴയുന്ന പ്രതിഭകളാണ് താനും. ശിപാര്‍ശക്കാരന്‍റെ പേരു മാത്രം നിര്‍ദേശിപ്പിക്കുക. വേറെ ആളില്ലാത്തതിനാല്‍ അയാളെ നിയമിക്കാന്‍ ഗവര്‍ണറെ നിര്‍ബന്ധിതമാക്കുക. പേരിനെങ്കിലും ചുരുക്കപ്പട്ടികയില്‍ വേറെ ആളെ വെക്കില്ല. ഇടതുപക്ഷത്ത് അര്‍ഹരില്ലാഞ്ഞിട്ടാണോ ? അല്ല. പ്രശ്നം ഡീലായിമാറുമ്പോഴാണ്. അര്‍ഹരായ മൂന്നു ഇടതു ബുദ്ധിജീവികളെ കൊടുത്താല്‍ അതിലൊരാള്‍ വി.സി ആയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?
അവിടെയാണ് വി.സി നിയമനത്തില്‍ കോഴ മറിഞ്ഞതായി കേള്‍ക്കുന്നതില്‍ കഴമ്പുണ്ടെന്നു വിശ്വസിക്കാന്‍ തോന്നുന്നത്. ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ലാത്തവര്‍ എങ്ങനെ വി.സിയായി. മറിഞ്ഞത് 50 ലക്ഷമാണെന്നാണ് കേഴ്വി. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന് ആദരാഞ്ജി അര്‍പ്പിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ വന്നപ്പോള്‍ ചോദിച്ചു. കള്ളംപറയുന്നവനല്ല സതീശന്‍. അതു സത്യമാണെന്നായിരുന്നു മറുപടി. അതിശയിച്ചുപോയി. ഇടതു ഭരണത്തിലും തസ്തിക വില്‍പ്പന തുടങ്ങിയോ ?
മുന്‍ ലീഗുകാരായ കച്ചവടക്കാര്‍ക്ക് മലബാറില്‍ സീറ്റു നല്‍കാന്‍ കോടികള്‍ വാങ്ങിയെന്നൊക്കെ കേട്ടിരുന്നു. തോല്‍ക്കുന്ന സീറ്റ് വിറ്റിട്ട് പണം വാങ്ങുന്നതില്‍ തെറ്റില്ല. ജയിക്കുന്നിടത്ത് കാശു മുടക്കാമല്ലോ. തോറ്റവനു പത്രാസുമായി. പാര്‍ട്ടിക്കു പണവുമായി. അതാണല്ലോ ബൂര്‍ഷ്വാ ജനാധിപത്യത്തിന്‍റെ ബ്യൂട്ടി. മലബാര്‍ കൈക്കൂലിക്കാര്‍ക്കു വളക്കൂറുള്ള മണ്ണാണ്. പോലീസ് സി.ഐ വീട്ടില്‍ വന്നാല്‍ രണ്ടു ലക്ഷമെടുത്തെറിയുന്ന വിശാല ഹൃദയര്‍ ആവോളമുണ്ടത്രെ. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലാണ് ഈ തരം ജീവികള്‍ കൂടുതലായി കാണപ്പെടുന്നത്.
തമിഴ്‌നാട്ടിൽ ജയലളിത, കരുണാനിധി രാഷ്ട്രീയം നടക്കുന്ന കാലം. എന്തിനും ഏതിനും കോഴ അവിടുത്തെ രാഷട്രീയ ശൈലിയാണല്ലോ. മുഖ്യമന്ത്രി ജയലളിതയാണെങ്കില്‍ വന്‍ ഡീലുമായെത്തുന്നവരോട് വന്‍ തുക വാങ്ങിയിട്ട് പറയും തലൈവരെകൂടി കണ്ടോളാന്‍. പ്രതിപക്ഷ എതിര്‍പക്ഷമുണ്ടാകരുത്. അതിനുള്ള മുന്നൊരുക്കം. ഇവിടെ ഏതായാലും ആ രീതി ആരംഭിച്ചിട്ടില്ല. അല്ലാതെ തന്നെ ഡീലുകള്‍ മൂന്നു കൂട്ടരേയും വേണ്ട വിധത്തില്‍ കണ്ടോളും. (പരിസ്ഥിതി, മനുഷ്യാവകാശ, വിവരാവകാശ പ്രമാണിമാര്‍ വേറെ).
മനോരമയില്‍ രഞ്ജി കുര്യാക്കോസ് എഴുതിയതനുസരിച്ചാണെങ്കില്‍ 9 പേര്‍ കൂടി വി.സി സ്ഥാനത്തുനിന്നും ഇനി പുറത്തുപോകും. അതില്‍ എത്ര പേര്‍ പേമെന്‍റുകാര്‍ ഉണ്ടെന്നു വ്യക്തമല്ല. ബയോഡേറ്റ എഴുതുന്നതില്‍ പ്രാവീണ്യമുള്ളവരാണ് മലയാളികള്‍. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബയോഡേറ്റയെ തോല്‍പ്പിക്കാന്‍ നാമെത്ര മിടുക്കന്‍മാരാണെന്നോ.
എം.ജി, കുസാറ്റ്, സംസ്കൃതം, ഡിജിറ്റല്‍, ശ്രീനാരായണ, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം എന്നിവിടങ്ങളിലാണ് ഇനി കടിച്ചുതൂങ്ങി കിടക്കുന്ന വവ്വാലുകളുള്ളത്. എത്രയോ മഹാന്‍മാരിരുന്ന കസേരയാണ് വി.സിയുടേത്. ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വി.സി സ്ഥാനത്തേക്കു ക്ഷണിച്ച നാടാണ് ഇപ്പോള്‍ കുറ്റിച്ചൂലുകളെ ഇരുത്തിയിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അഭിമാന പുളകിതമാകുന്നു അന്തരംഗം.