ബന്ധുനിയമനങ്ങള്‍ സി.പി.എമ്മിനു വരുത്തുന്ന പ്രതിഛായ നഷ്ടത്തെക്കുറിച്ച് എന്താണ് നേതൃത്വം വ്യാകുലപ്പെടാത്തത് ? പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനേറ്റ മുഖത്തടിയാണ്! ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച സമാശ്വാസ സമ്മാനമാണ് ഈ വിധി; കോടതിയുടെ ഉത്തരവിലെ തീര്‍പ്പുകള്‍ സൃഷ്ടിക്കുന്ന നാറ്റം മാറണമെങ്കില്‍ സി.പി.എമ്മിനെ എത്രകുളത്തിലാണ് കഴുകിയെടുക്കേണ്ടതെന്നാരും ചോദിച്ചുപോകും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ബന്ധുനിയമനങ്ങള്‍സി.പി.എമ്മിനു വരുത്തുന്ന പ്രതിഛായ നഷ്ടത്തെക്കുറിച്ചെന്താണ് നേതൃത്വം വ്യാകുലപ്പെടാത്തത് ? ഇഷ്ടക്കാരെ തിരുകിക്കയറ്റുമ്പോള്‍ ഒപ്പം നേതാവിന്‍റെ ബന്ധുക്കളും കടന്നുകൂടുന്നു. അതിന്‍റെ എണ്ണം വര്‍ധിക്കുകയാണ്. പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനേറ്റ മുഖത്തടിയാണ്. പക്ഷേ അവയെ തലോടലായികണ്ട് അണികളെ പറ്റിക്കുകയാണു നേതൃത്വം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.കെ രാഗേഷിന്‍റെ ഭാര്യയായതുകൊണ്ടാണ് പിന്‍വാതിലിലൂടെ പ്രിയക്കു നിയമനം ലഭിച്ചതെന്ന് ഹൈക്കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. കോടതിയുടെ ഉത്തരവിലെ തീര്‍പ്പുകള്‍ സൃഷ്ടിക്കുന്ന നാറ്റം മാറണമെങ്കില്‍ സി.പി.എമ്മിനെ എത്രകുളത്തിലാണ് കഴുകിയെടുക്കേണ്ടതെന്നാരും ചോദിച്ചുപോകും.

പ്രിയക്കെതിരെയുള്ള കണ്ടെത്തലുകള്‍ ഇവ:

വേണ്ടത്ര അധ്യാപന പരിചയമില്ല. പരിചയം ഉണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതൊക്കെ ചീറ്റിപ്പോയി. യു.ജി.സി നിയമമനുസരിച്ച് അധ്യാപനകാലം മാത്രമേ നിയമനത്തിനു പരിഗണിക്കാവൂ. പ്രിയക്ക് കണ്ണൂര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ സെന്‍ററിലുണ്ടായിരുന്ന താല്‍ക്കാലിക ടീച്ചര്‍ എന്ന ജോലി അധ്യാപനമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎച്ച്ഡി ഗവേഷണക്കാലത്ത് പ്രിയ പഠിപ്പിച്ചിട്ടില്ല. അതിനാല്‍ ആ കാലത്തെ അധ്യാപനമായി കണക്കാക്കാനാവില്ല. സ്റ്റുഡന്‍സ് സര്‍വ്വീസ് ഡയറക്ടര്‍ എന്ന ജോലിയും യു.ജി.സി നിയമപ്രകാരം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. നാഷണല്‍ സര്‍വ്വീസ് സ്കീം കോ ഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപനമായി കണക്കാക്കില്ല.


ഇവയൊക്കെ ആര്‍.എസ്.എസിന്‍റെ കാവിവല്‍ക്കരണമെന്നൊക്കെ പറഞ്ഞു മൂടിവെക്കാന്‍ സി.പി.എമ്മിനാവില്ല; ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച സമാശ്വാസ സമ്മാനമാണ് ഈ വിധി. സര്‍ക്കാരിന് തിരിച്ചടിയും. ഇനി ഒന്നൊന്നായി വി.സിമാര്‍ പുറത്താക്കപ്പെടും. ഗവര്‍ണര്‍ക്കതിന് അധികാരമുണ്ട്. ഹൈക്കോടതി വിധി പ്രിയക്കു മാത്രമാണ് ബാധകമെന്നു പറഞ്ഞു പ്രശ്നങ്ങളെ ലഘൂകരിക്കാനുമാവില്ല.


പ്രിയക്കെതിരെയുള്ള വിധി ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ഗുരുതരമാണ്. റാങ്കു ലിസ്റ്റില്‍ താഴെയുണ്ടായിരുന്ന ഒരു ഉദ്യോഗാര്‍ത്ഥി രാഷ്ട്രീയ സ്വാധീനത്താല്‍ ഒന്നാം റാങ്കിലെത്തിയ കഥ സി.പി.എമ്മിനു വരുത്തുന്ന നാറ്റം ചെറുതല്ല. സി.പി.എം അധ്യാപക സംഘടനാ നേതാവിനുപോലും പാര്‍ട്ടിയുടെ തണല്‍ ലഭിച്ചില്ല. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ജോസഫ് സ്കറിയയ്ക്ക് 25 വര്‍ഷത്തെ അധ്യാപന പരിചയവും 100 ല്‍ പരം ഗവേഷണ പ്രബന്ധങ്ങളുടെ പിന്‍ബലവും ഉണ്ടായിരുന്നു. ഗോപിനാഥ് രവീന്ദ്രനെന്ന വി.സി.യും സെലക്ഷന്‍ കമ്മറ്റി അംഗങ്ങളും ചെയ്ത ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിത്.  സംസ്കൃത സര്‍വ്വകലാശാലയിലെ നിയമനത്തില്‍ പ്രിയക്കു കൂടുതല്‍ മാര്‍ക്ക് കൊടുത്ത പ്രൊഫസറെ തന്നെ ഇവിടെയും (കണ്ണൂര്‍) തെരഞ്ഞെടുപ്പ് സമിതി അംഗമാക്കി.


ഇരിക്കാന്‍ പറയുമ്പോള്‍ ഇഴയുന്ന ഭിക്ഷാംദേഹികളായിപ്പോയല്ലോ ഇവരൊക്കെ. അക്കാദമിക് രംഗത്തെ വൈദഗ്ദ്ധ്യം നട്ടെല്ലില്ലാതാക്കുമോ ? ആത്മാഭിമാനം എന്നൊന്നില്ലേ ? ഉപകാര സ്മരണയുമായി ഗോപിനാഥിന് രണ്ടാം വട്ടം വി.സി നിയമനവും നല്‍കി. ഇതില്‍ഭേദം പോയി തൂങ്ങിച്ചാകുന്നതല്ലേ അക്കാദമിക് വിദഗ്ദ്ധരേ നല്ലതെന്നാണ് പൊതുജനം മൂക്കത്ത് വിരല്‍ വച്ചുകൊണ്ടു ചോദിക്കുന്നത്.


ഗോപിനാഥിനെ രണ്ടാം വട്ടം വി.സി.യാക്കിയത് മുഖ്യമന്ത്രി പ്രാദേശികത്വം പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ ഇത്രേയുള്ളോ മുഖ്യമന്ത്രിക്കു വില ?

സ്വന്തം ഇഷ്ടക്കാരന്‍റെ ഭാര്യക്കു നിയമനം ലഭിക്കാന്‍, (അതും ഒരു അസി. പ്രൊഫസര്‍ തസ്തികയിലാണെന്നോര്‍ക്കണം) മുഖ്യമന്ത്രിതന്നെ കളത്തിലിറങ്ങുന്നു. പിന്‍വാതിലിലൂടെ അവസാന റാങ്കുകാരിയെ ആദ്യറാങ്കുകാരിയാക്കാന്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഏറാന്‍മുളികളെ തിരുകിക്കയറ്റുന്നു. അതു ചെയ്തുകൊടുത്ത വി.സി.ക്ക് പുനര്‍ നിയമനം. അതിനു സമ്മര്‍ദ്ദം. അതാണോ മുഖ്യന്‍റെ മുഖ്യ ജോലി ?

ഇതാണല്ലോ ഗവര്‍ണറുമായുണ്ടായ പോരിന്‍റെ മുഖ്യ കാരണം. ഭരണഘടനാധിപനായ ഗവര്‍ണറോട് വെല്ലുവിളിച്ചു കൊമ്പുകോര്‍ത്താല്‍ ഭരണം നിശ്ചലമാകുമെന്നറിയാത്തവരല്ല ഭരണക്കാര്‍. അപ്പോള്‍ ഭരണം നിശ്ചലമായാലും വേണ്ടില്ല പ്രിയ വര്‍ഗീസിന് ജോലി വേണം. അതാണ് കേരളത്തിന്‍റെ നീറുന്ന പ്രശ്നം.

അതിനിടയിലാണ് ആനാവൂരിന്‍റെ കത്തു വിവാദം. സി.പി.എം ഭരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ കൊഴുക്കുകയാണ്. ആനാവൂരിന്‍റെ നോമിനിയായ ആര്യയെ നാറ്റിച്ചാല്‍ നാറുക ആനാവൂരിനാണ്. ആ പോര്‍വിളിയാണ് കത്തുവിവാദത്തിനു പിന്നില്‍. ആനാവൂരും കടകംപള്ളിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആനാവൂര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പുതിയ സെക്രട്ടറിയെ കണ്ടെത്താനായിട്ടില്ല. ആനാവൂരിനാണ് ജില്ലാ കമ്മറ്റിയില്‍ മേല്‍കൈ. അതു പൊളിച്ചടുക്കുകയാണ് കത്തുവിവാദക്കാരുടെ ലക്ഷ്യം. ആര്യയും അനിലും ആനാവൂരിനു കത്തെഴുതിയില്ലെന്നു വിശ്വസിക്കുന്ന പൊട്ടന്‍മാര്‍ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ല. എഴുതിയില്ല, എഴുതിയത് അയച്ചില്ല, കത്തുകള്‍ കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് ഊരാന്‍ നോക്കുകയാണ് സി.പി.എം.

എന്നാല്‍ ഒക്കെ കള്ളംപറച്ചിലുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് കത്തുന്നതിനിടയിലാണ് ആനാവൂരിന്‍റെ മറ്റൊരു ശിപാര്‍ശ കത്ത് പുറത്തുവന്നത്. സഹകരണസംഘം നിയമനത്തിനായിരുന്നു ആ കത്ത്. കത്തെഴുതിയെന്ന് ആനാവൂര്‍ സമ്മതിച്ചു. അത്രക്കായിരുന്നു തെളിവുകള്‍. അവിടെയും കത്തുകിട്ടിയില്ലെന്ന് സൊസൈറ്റി പ്രസിഡന്‍റ് കള്ളം പറഞ്ഞു. പക്ഷേ ആനാവൂരിന്‍റെ കത്തില്‍ പറഞ്ഞവര്‍ക്കുതന്നെയാണ് ജോലി കിട്ടിയത്. മായാവി പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍.

ക്ഷീണമായെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വിലയിരുത്തിയത് എന്തായാലും നന്നായി. അതൊക്കെ ബൂര്‍ഷ്വാ ഗൂഢാലോചനയെന്നു പറഞ്ഞു മുഖം രക്ഷിക്കാനാവാത്ത തരത്തില്‍ അണികള്‍ പ്രബുദ്ധരായിപ്പോയി. കഷ്ടം തന്നെ !

Advertisment