മനുഷ്യജീവനും സ്വന്തം ഭാവിക്കും മൊബൈലിന്റെ വില മാത്രം കല്‍പിക്കുന്ന 22കാരന്‍, മണ്ണുമാഫിയക്കെതിരെ നടപടിയെടുക്കാത്ത പൊലീസ്, കൈക്കൂലി വാങ്ങുന്ന പഞ്ചായത്ത് സെക്രട്ടറി, പൊലീസ് നടത്തിയ കൊള്ളയെ വെള്ളപൂശുന്ന പൊലീസ്, ഇതിനൊക്കെ പുറമെ കൊച്ചിയിലെ കൂട്ടബലാത്സംഗക്കേസും; അങ്ങനെ എത്രയെത്ര വാര്‍ത്തകള്‍! പത്രം വായിക്കാന്‍ ഭയമാണിപ്പോള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

നാലുപതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരുന്ന (മറ്റൊരു ജോലിയും ജീവിതത്തില്‍ ചെയ്യാത്ത) എനിക്കു പത്രങ്ങള്‍ വായിക്കാന്‍ ഭയമാണിപ്പോള്‍. കള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നതിലല്ല, സത്യ വാര്‍ത്തകള്‍ വായിക്കുന്നതിലാണ് ഭയം. കള്ളങ്ങള്‍ക്ക് ആയുസുണ്ടാകാറില്ല. ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാസമോ കഴിയുമ്പോള്‍ അവ മരിച്ചുപോകും. എന്നാല്‍ സത്യ വാര്‍ത്തകളൊ എന്നന്നേക്കും നിലനില്‍ക്കും. അവയില്‍ നിന്ന് വേറെ ഭയാനക വാര്‍ത്തകള്‍ ജനിക്കും. ഇന്നത്തെ (നവംബര്‍ 20) പത്രവാര്‍ത്തകള്‍ മാത്രമെടുക്കൂ.

ഭരണത്തെ എതിര്‍ക്കുന്ന പത്രങ്ങളെ അവഗണിച്ച ശേഷമാണീ വായന.

വിളപ്പില്‍ശാല കൊല്ലംകോണം പള്ളിയിലെ മോഷണം. പ്രതികളെ തിരിച്ചറിഞ്ഞു. മുഹമ്മദ്, ഉഷ, വിഷ്ണു എന്നിവര്‍ പ്രതികള്‍. ഭാഗ്യം ഒരു ക്രിസ്ത്യാനി ഇല്ലാതെപോയി. മുസ്ലിം പള്ളിയിലാണ് മോഷണം നടത്തിയത്. പ്രൊഫഷണല്‍ മോഷ്ടാക്കള്‍. കോവിഡിന്‍റെ സൃഷ്ടിയായിരിക്കാം.

വിഴിഞ്ഞത്ത് വയോധികയെ അക്രമിച്ച് മൊബൈല്‍ മോഷ്ടിച്ച ആള്‍ അറസ്റ്റില്‍. 22 കാരനായ വിജിനാണ് പിടിയിലായത്. മൊബൈല്‍ മോഷ്ടിക്കാന്‍ വൃദ്ധയെ തള്ളി തറയിലിട്ടു. മൊബൈലിന്‍റെ വില 15000 വരുമെന്നിരിക്കട്ടെ. അത്രക്കേ വിലയുള്ളോ ഈ വൃദ്ധക്കും വിജിന്‍റെ ഭാവിക്കും ?

കൊച്ചിയിലെ കൂട്ടബലാല്‍സംഗ വാര്‍ത്ത ചാനലുകള്‍ ആഘോഷിക്കുകയാണല്ലോ. ആ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ഓടുന്ന കാറില്‍ 19 കാരിയെയാണ് ബലാല്‍സംഗം ചെയ്തത്. രാജസ്ഥാന്‍ - കേരള ഏര്‍പ്പാടായിരുന്നു ഈ ബലാല്‍സംഗം. അതിലൂടെ എന്തു നേട്ടമാണവര്‍ക്കുണ്ടായത്. ജീവിതം തകരുകയല്ലാതെ. ബിയറില്‍ മയക്കുപൊടി നല്‍കിയാണത്രെ ഇതു ചെയ്തത്. രാജസ്ഥാന്‍ യുവതി സുഹൃത്തുക്കള്‍ക്കു നല്‍കിയ ഉപഹാരമായിരുന്നു ഇത്. പണം നേടാനായിരുന്നില്ല. ചതിയായിരുന്നു. ഇനി രാജസ്ഥാനി(അഥവാ ഉത്തരേന്ത്യന്‍) യുവതികളൊക്കെ സംശയത്തിന്‍റെ നിഴലിലാകില്ലേ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ?


ഈ കേസൊക്കെ ദുരൂഹമാണ്. പോലീസ് പറഞ്ഞത് വിശ്വസിക്കാം. പക്ഷേ സൗഹൃദത്തിന്‍റെ പേരില്‍ അന്യനാട്ടുകാരി വിളിച്ചപ്പോള്‍ മലയാളി പെണ്‍കുട്ടി കൂടെപോവുക, ബിയര്‍ കഴിക്കുക, മയങ്ങി വീഴുക, അവളെ മൂന്നു മലയാളി യുവാക്കള്‍ കാറിലിട്ടു ബലാല്‍സംഗം ചെയ്യുക. എന്തൊരു കേരളമാണ് നമുക്കുമുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് ?


വട്ടിയൂര്‍ക്കാവില്‍ വീട്ടമ്മയെ മണ്ണുമാഫിയ റോഡിലിട്ടു മര്‍ദ്ദിച്ചു. മണ്ണു മാഫിയയാണ് കേരളം ഭരിക്കുന്നത്. മുന്തിയപങ്ക് സി.പി.എമ്മിന്. രണ്ടാം സ്ഥാനം ബി.ജെ.പിക്ക്. അടുത്തകാലത്ത് സി.പി.ഐയും സാന്നിധ്യം തെളിയിച്ചു തുടങ്ങി. തലസ്ഥാനത്തെ ഒരു പ്രമുഖ വിദ്യാലയത്തിന്‍റെ ഉടമ പറഞ്ഞത് സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടും മണ്ണുമാറ്റാന്‍ പണം നല്‍കണമെന്നാണ്. അവര്‍ക്കുപുറമെയാണ് പരിസ്ഥിതി സ്നേഹികളും വിവരാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തുന്ന വെല്ലുവിളി. നെട്ടയത്ത് എന്‍. ആശയെന്ന 45 കാരിക്കാണു തല്ലുകിട്ടിയത്.

നിരന്തരം സ്വന്തം വീടിനു മുമ്പിലൂടെ ടിപ്പര്‍ ലോറികള്‍ പൊടിപടലമുയര്‍ത്തി മണ്ണുമായി ഓടിയത് ചോദ്യം ചെയ്തതാണു കാരണം. ടിപ്പര്‍ ലോറികളില്‍ മണ്ണു കൊണ്ടുപോകുന്നതിന് ചില നിബന്ധനകളുണ്ട്. അതൊന്നും പാലിക്കാതിരുന്നാല്‍ പൊടി ഉയരും. എന്തായാലും ആശയുടെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസില്ല. മണ്ണു കണ്ടാല്‍ പോലീസ് എത്ര വിനയത്തോടെയാണ് വിധേയരാകുന്നത് ?

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. പാറശാലയിലെ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് ആണ് പിടിയിലായത്. കരാറുകാരനില്‍ നിന്നാണ് സെക്രട്ടറി കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് സംഘം പൊടിയിട്ട് പിടിക്കുകയായിരുന്നു. ഇനി ഇതുപോലെ പൊടിയിട്ടു പിടിച്ച കൈക്കൂലിക്കാരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നൊന്നന്വേഷിച്ചാല്‍ നെഞ്ചു തകരും. പൊടിയും നോട്ടുമൊക്കെ മാറും. സാക്ഷികള്‍, പോലീസുകാര്‍ ഒക്കെ കൂറുമാറും.


തിരുവനന്തപുരത്ത് കോടതിയില്‍ നിന്ന് അടിവസ്ത്രം പോലും അടിച്ചു മാറ്റിയ അഭിഭാഷകരുള്ള കാലത്ത് എന്താണു നടക്കാത്തത് ? അതാരും അന്വേഷിക്കാറില്ല. വിജിലന്‍സ് പിടിച്ച കൈക്കൂലി കേസുകളില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെട്ടു എന്നു വിവരാവകാശ പ്രകാരം ചോദിച്ചാല്‍ വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയേ കിട്ടൂ. ഒക്കെ കണ്ണില്‍ പൊടിയിടുന്ന ഏര്‍പ്പാടാണ്. ആദ്യം നോട്ടില്‍ പൊടി. പിന്നെ നാട്ടുകാരുടെ കണ്ണില്‍ പൊടി.


പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്. സി.ഐയെ മാത്രം പ്രതിയാക്കി കുറ്റപത്രം. പേരൂര്‍ക്കട വാര്‍ത്തയാണ്. കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകള്‍ വാഴുന്ന പോലീസ് സ്റ്റേഷനാണ് പേരൂര്‍ക്കട. കഞ്ചാവു കേസിലെ പ്രതിയായ രാമസ്വാമിയുടെ വീട് ബി.ജെ.പിക്കാര്‍ ആക്രമിച്ചു. പരിക്കേറ്റ് രാമസ്വാമിയും കുടുംബവും വീട് പോലീസിനെ ഏല്‍പ്പിച്ച് ആശുപത്രിയില്‍ പോയി. 2005 ലാണ് സംഭവം. രാത്രി വീട് കൊള്ളയടിക്കപ്പെട്ടു. ബി.ജെ.പി പ്രാദേശിക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു.

എന്നാല്‍ വീട് പോലീസ് കാവലിലായിരിക്കെയായിരുന്നു കൊള്ള. 70000 രൂപയും 56 പവനുമാണ് കൊള്ളയടിച്ചത്. കുടുംബം പരാതി നല്‍കി. അന്വേഷണത്തില്‍ മോഷ്ടിച്ചതു പോലീസാണെന്നു തെളിഞ്ഞു. തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് എഴുതി തള്ളണമെന്നായി പോലീസ് (എന്തൊരു വര്‍ഗസ്നേഹം). പരാതിക്കാര്‍ ഹൈക്കോടതിയില്‍ പോയി. ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി തോമസിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത് ഹൈക്കോടതിയില്‍ മുഖം രക്ഷിക്കാനാണ്. അതില്‍ പക്ഷേ മോഷണം നടന്നതായി പറയുന്നില്ല. എവിടേക്കാണ് പോലീസ് പോകുന്നത് ? 17 വര്‍ഷം മുമ്പ് പോലീസ് നടത്തിയ കൊള്ളയെ വെള്ളപൂശാന്‍ നമ്മുടെ പോലീസ് എത്രമാത്രമാണ് ക്ലേശിക്കുന്നത് ?

Advertisment