Advertisment

തങ്ങളൊന്നും ഒരിക്കലും നേരെയാവില്ലെന്ന് യൂത്തു കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തെളിയിച്ചു; തരൂര്‍ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ പ്രാദേശികമായി പങ്കെടുക്കുമ്പോള്‍ അതിന്‍റെ നേട്ടം കോണ്‍ഗ്രസിനാണെന്നു തിരിച്ചറിയാനുള്ള ബോധം ഷാഫി പറമ്പിലിനും പ്രവീണ്‍ കുമാറിനുമൊന്നും ഇല്ലാതെ പോയല്ലോ ? ഇവിടെയാണ് എം.കെ രാഘവന്‍ എം.പിയേയും കെ.എസ് ശബരിനാഥനേയും റിജില്‍ മാക്കുറ്റിയെയും കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നുന്നത് ! അവര്‍ ചങ്കൂറ്റത്തോടെ നിലപാടെടുത്തു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ശശി തരൂരിന് കോഴിക്കോട് അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയ യൂത്തു കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതൃത്വം തങ്ങളൊന്നും ഒരിക്കലും നേരെയാവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തരൂര്‍ പാര്‍ട്ടി എം.പിയാണ്. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ചു തോറ്റ നേതാവാണ്. കോണ്‍ഗ്രസിന്‍റെ ബൗദ്ധിക മുഖമാണ്. അദ്ദേഹം കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ പ്രാദേശികമായി പങ്കെടുക്കുമ്പോള്‍ അതിന്‍റെ നേട്ടം കോണ്‍ഗ്രസിനാണെന്നു തിരിച്ചറിയാനുള്ള ബോധം ഷാഫി പറമ്പിലിനും പ്രവീണ്‍ കുമാറിനുമൊന്നും ഇല്ലാതെ പോയല്ലോ.

സെമികേഡര്‍ എന്നൊക്കെ കെ. സുധാകരന്‍ കണ്ണൂര്‍ ശൈലിയില്‍ പറഞ്ഞതല്ലാതെ കോണ്‍ഗ്രസ് ഒട്ടും കേ‍ഡര്‍ സ്വഭാവമില്ലാത്ത, ഒരിക്കലും അങ്ങിനെയാകാന്‍ കഴിയാത്ത ഒരു ജനക്കൂട്ടമാണ്. ആള്‍ക്കൂട്ട മാതൃകകളേ അവിടെ നടപ്പാകൂ. കാരണം സി.പി.എമ്മിനെപ്പോലെ അണികള്‍ക്ക് തൊഴിലും ജീവനോപാധികളും അംഗീകാരവും അധികാരവും നല്‍കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അവിടെ അതൊക്കെ നേതൃത്വത്തിന്‍റെ ജന്‍മാവകാശമാണ്. അണികള്‍ അനുഗമിക്കുന്ന ആടുകളും.

അതിനാല്‍ കോണ്‍ഗ്രസില്‍ അണികളെ, അനുഭാവികളെ ആകര്‍ഷിക്കുകയും ആവേശപ്പെടുത്തുകയും ചെയ്യുന്നയാളാണ് നേതാവ്. അതുകൊണ്ടാണ് കേരളത്തില്‍ രാഹുല്‍ ഗാന്ധി നേതാവാകുന്നത്. അല്ലാതെ രാഷ്ട്രീയ പാരമ്പര്യമോ അറിവോ അനുഭവ ജ്ഞാനമോ അടിസ്ഥാനപ്പെടുത്തിയല്ല. പ്രിയങ്കയും അതേപോലെ. തരൂര്‍ തികച്ചും വ്യത്യസ്തനാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ജനപിന്തുണ നേടിയെടുക്കാന്‍ തരൂരിനേക്കാള്‍ കളത്തിലിറക്കാവുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ കേരള മുഖ്യമന്ത്രിയാകാന്‍ വന്നാല്‍ കേരളത്തില്‍ തരംഗമടിക്കും. പ്രധാനമന്ത്രിമോഹം പപ്പടമായ സ്ഥിതിക്ക് ഇതൊന്നാലോചിക്കുന്നതു നന്നായിരിക്കും എന്ന് കെ.സി വേണുഗോപാല്‍ ആലോചിക്കണം.

മലയാളം എഴുതാനും വായിക്കാനും അറിയാത്ത ശശി തരൂരിന്‌ പറയാന്‍ അറിയാം. രാഹുല്‍ ഗാന്ധിക്ക് ഈ മൂന്നു കാര്യവും അറിയില്ലെന്നേയുള്ളു. അതൊക്കെ ആളെവെച്ചു ചെയ്യിക്കാവുന്നതേയുള്ളു.


രാഹുല്‍ വരുന്നില്ലെങ്കില്‍ തരൂരാണ് ഭേദമെന്ന് ലീഗും എന്‍.എസ്.എസും പറയാതെ പറ‍ഞ്ഞുവെക്കുന്നു. ഊരുവിലക്കും അപ്രഖ്യാപിത നിരോധനവുമൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇവിടെയാണ് എം.കെ രാഘവന്‍ എം.പിയേയും കെ.എസ് ശബരിനാഥനേയും റിജില്‍ മാക്കുറ്റിയെയും കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നുന്നത്. അവര്‍ ചങ്കൂറ്റത്തോടെ നിലപാടെടുത്തല്ലോ. അഴകൊഴമ്പന്‍മാരായ കോഴിക്കോട്ടെ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ഇറച്ചിവിലയ്ക്കു രാഷ്ട്രീയ കമ്പോളത്തില്‍ തൂക്കിവില്‍ക്കാനേ കൊള്ളൂ.


ആര്‍ക്കും മല്‍സരിക്കാമെന്നു പറയുകയും തങ്ങളുടെ പിന്തുണ ആര്‍ക്കുമില്ലെന്നു രാഹുലും പ്രിയങ്കയുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുകയും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കരുത്തുള്ള മല്ലികാര്‍ജുന ഖാര്‍ഗെയെ രംഗത്തിറക്കി പിന്തുണച്ചു പിന്‍വാതിലിലൂടെ വിജയിപ്പിച്ചെടുക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പെന്ന അസംബന്ധ നാടകം നാം കണ്ടതാണ്. എന്‍റെ ആളെ തെരഞ്ഞെടുക്കാന്‍ (ഞാനോ മകനോ മകളോ ഇല്ലാത്തപ്പോള്‍) നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നാണല്ലോ സോണിയ പറയാതെ പറഞ്ഞുവെച്ചത് (എന്തൊരു ജനാധിപത്യം !). എന്നിട്ട് ഖാര്‍ഗെയെ അങ്ങോട്ടുവന്നു കണ്ടോളാമെന്നു പറഞ്ഞു ലാളിത്യം കാണിച്ചു സോണിയ.

ഒക്കെ നാടകങ്ങള്‍. അതിനെതിരെ ഒറ്റക്കുനിന്നു പൊരുതിയ തരൂരിനൊപ്പം നട്ടെല്ലുവളക്കാതെ നിന്നതിനാണ് രാഘവനും ശബരിക്കും മാക്കുറ്റിക്കും അഭിനന്ദനം നല്‍കുന്നത്.


വില്‍പന ചരക്കുകളെ കേരള മാര്‍ക്കറ്റില്‍ വെക്കുക. ഗ്രൂപ്പിന്‍റെ പേരില്‍ കുറ്റിച്ചൂലുകളെ കളത്തിലിറക്കിയാല്‍ തോറ്റു തുന്നംപാടും. കാരണം അത്രക്കാണ് കോണ്‍ഗ്രസിന്‍റെ വളര്‍ച്ച. അത് പടവലങ്ങപോലെ കീഴോട്ടാണെന്നോര്‍ക്കണം.


കോഴിക്കോട്ടെ യോഗം യൂത്തു കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയായാല്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ ? വിഭാഗീയത വര്‍ധിക്കുമെന്ന പ്രതീതി സൃഷ്ടിക്കുമെന്നാണ് പ്രവീണ്‍ കുമാറിന്‍റെ ഭയം. ഒട്ടും വിഭാഗീയത ഇല്ലാതെയാണല്ലോ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും തോറ്റു തുന്നംപാടിയതും. തരൂരിന്‍റെ യോഗം ബഹിഷ്കരിച്ചപ്പോഴല്ലേ വിഭാഗീയത പുറത്തുവന്നത്. കൊന്ന മുറിച്ചാല്‍ വിഷു വരാതിരിക്കില്ലെന്ന് എം.കെ രാഘവനെക്കൊണ്ടു പറയിച്ചത് ? എല്ലാവരും സഹകരിച്ചു എന്നു വരുത്തിതീര്‍ത്തിരുന്നെങ്കില്‍ പോലും ഇത്രയും ക്ഷീണം ഉണ്ടാവില്ലായിരുന്നു. ഇതിപ്പോള്‍ തരൂരിന്‍റെ ശക്തിപ്രകടനമായിപ്പോയി. തരൂര്‍ വില്‍ക്കാ ചരക്കല്ലെന്നു തെളിയിക്കാന്‍ രാഘവനും കൂട്ടര്‍ക്കും കഴിഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെര‍‍ഞ്ഞെടുപ്പു മുതലെ തരൂരിനെ പിന്തുണച്ച നേതാവാണു രാഘവന്‍. ഒരുപക്ഷെ രാഘവന്‍റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ തരൂരിന് മല്‍സരിക്കാന്‍ നോമിനേഷന്‍ കൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും തോന്നുന്നു. അതെന്തുമാകട്ടെ - കോണ്‍ഗ്രസിലെ എ ഗ്രൂപ്പു നേതാവായിരുന്നു രാഘവന്‍.

കാലാന്തരത്തില്‍ ഗ്രൂപ്പില്ലാത്ത നേതാവായും അന്തസിന്‍റെ പ്രതീകമായും മാറി. കറകളഞ്ഞ രാഷ്ട്രീയത്തിന്‍റെയും കറപുരളാത്ത കൈകളുളള രാഷ്ട്രീയ സത്യസന്ധതയുടെയും പ്രതീകമാണ് രാഘവന്‍. തരൂരിനെ ഒരു ജനകീയ-പ്രായോഗിക രാഷ്ട്രീയനേതാവാക്കി മാറ്റാന്‍ രാഘവന് കഴിയും.

Advertisment