മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ അവശേഷിച്ച തുരുത്താണ് കേരളം. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി നാമാവശേഷമായികഴിഞ്ഞു. ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയായി നിലനില്‍ക്കുന്നതുകൊണ്ടാണ് കേരളത്തില്‍ പാര്‍ട്ടി തകര്‍ന്നുപോകാത്തതും,ഇവിടെ ബി.ജെ.പി വേരുപിടിക്കാത്തതും. ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടിൽ ഡി.എം.കെയും ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസുമൊക്കെയാണ് അവിടങ്ങളിലെ വലിയ ഹൈന്ദവ പാര്‍ട്ടികള്‍. ത്രിപുരയില്‍ സി.പി.എം തകര്‍ന്നപ്പോള്‍ അണികള്‍ ചേക്കേറിയത് ബി.ജെ.പിയിലേയ്ക്കാണ്.
ഇത്രയും പറഞ്ഞത് ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയായി നിലനില്‍ക്കുന്ന സി.പി.എം ലീഗിനെ ചങ്ങാത്തത്തിലെടുക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ഓര്‍മ്മിപ്പിക്കാനാണ്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ (1977 ലെ പരാജയത്തിനു ശേഷം) കേരളത്തില്‍ എ.കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സി.പി.എമ്മിനൊപ്പം കൂടി. അധികാരം പിടിക്കാനും ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കാനും കഴിഞ്ഞെങ്കിലും (1980 - 1981) അതുവരെ ദുര്‍ബലമായി നിന്ന കെ. കരുണാകരന്‍റെ ഐ കോണ്‍ഗ്രസിനെ ശക്തമാക്കാനാണ് ആ നീക്കം ഉപകരിച്ചത്.
അതായത് ചരിത്രപരമായ കാരണങ്ങളാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ കോണ്‍ഗ്രസ് അണികള്‍ ആന്‍റണി കമ്മ്യൂണിസ്റ്റ് വിജയത്തില്‍ അഭയം പ്രാപിച്ചതോടെ കരുണാകരനോടൊപ്പം പോയി. എ ഗ്രൂപ്പില്‍ അവശേഷിച്ചത് പ്രമുഖ നേതാക്കള്‍ മാത്രം.
1980 ലെ തെരഞ്ഞെടുപ്പില്‍ ആന്‍റണിയുടെ കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ഇടതുപക്ഷ മുന്നണിക്ക് കരുണാകരന്‍റെ യു.ഡി.എഫിനേക്കാള്‍ കിട്ടിയത് ഒരു ലക്ഷം വോട്ടു മാത്രമാണ്. അപകടം മനസിലാക്കി 1980 ല്‍ തന്നെ ആന്‍റണിയും കൂട്ടരും കോണ്‍ഗ്രസിലേക്കു മടങ്ങിയതും നായനാര്‍ മന്ത്രിസഭ രാജിവച്ചതും ഒക്കെ പില്‍കാല രാഷ്ട്രീയ ചരിത്രം.
അന്ന് കരുണാകരനോടൊപ്പം നിലയുറപ്പിച്ച അണികളെ തിരിച്ചു പിടിക്കാന്‍ ആന്‍റണിക്കായില്ല. ഡി.ഐ.സി രൂപീകരിച്ച് സി.പി.എമ്മുമായി സഹകരിക്കാന്‍ കരുണാകരന്‍ ആലോചന തുടങ്ങിയതോടെയാണ് 1980 ല്‍ ലഭിച്ച അണികള്‍ ആന്‍റണി പക്ഷത്തേക്ക് ഒഴുകി തുടങ്ങിയത്.
അതായത് കേരളത്തിലെ കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിന്‍റെ അടിത്തറയിലാണു നില്‍ക്കുന്നത്. സി.പി.എം ആകട്ടെ ഹൈന്ദവ അടിത്തറയിലും. അതു മുസ്ലിം വിരുദ്ധമാണെന്നു പ്രത്യേകം പറയേണ്ടതില്ല. ലീഗണികള്‍ സി.പി.എമ്മിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കില്ല. പി.കെ കുഞ്ഞാലിക്കുട്ടിയും പിണറായിയും എത്ര ഭായ് ഭായ് കളിച്ചാലും അണികളില്‍ ഭൂരിപക്ഷവും വര്‍ഗ ശത്രുക്കളെപ്പോലെ തന്നെ നിലനില്‍ക്കും.
ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ലീഗ് - സി.പി.എം ബാന്ധവത്തിനു കഴിയുമെങ്കിലും (1980 -ലെപോലെ) സ്വാഭാവികമായും അത് മുസ്ലിം മതത്തിലെ ലീഗ് വിരുദ്ധശക്തികളുടെയും കേരളത്തിലെ ബി.ജെ.പി - കോണ്‍ഗ്രസ് ഹൈന്ദവ അടിത്തറയുടെ വിപുലീകരണത്തിനും ശക്തിപ്പെടലിനും കാരണമാകും. ബി.ജെ.പി അധികാരത്തിലെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ബി.ജെ.പി മനസുള്ള ഹിന്ദുക്കള്‍ സ്വാഭാവികമായും കോണ്‍ഗ്രസിനു വോട്ടുചെയ്യും.
ഈ ചരിത്രം മനസിലാക്കാത്തവരല്ല സി.പി.എമ്മും ലീഗും എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ടേം കൂടി ഭരണമില്ലാതെ പിടിച്ചുനില്‍ക്കാന്‍ ലീഗിനാവില്ല. മൂന്നാം ഭരണം കൂടി നേടുക സി.പി.എമ്മിനു അത്യാവശ്യമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ തലത്തിലെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണ്.
എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ടേ സി.പി.എമ്മും ലീഗും രാഷ്ട്രീയ തീരുമാനങ്ങളെടുക്കൂ. സി.പി.എമ്മിനു തിരിച്ചടിയാണെങ്കില്‍ ലീഗ് കളം മാറില്ല. അല്ല യു.ഡി.എഫിനാണ് അടികിട്ടുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചില രാഷ്ട്രിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് മറുകണ്ടം ചാടും. അപ്പോഴേക്കും കേരളത്തിന്‍റെ രാഷ്ട്രീയ നദിയില്‍ കൂടി വലിയ തോതില്‍ വെള്ളം ഒഴുകിപോയിട്ടുണ്ടാകും.