വി.എസ് പക്ഷത്തെ അരിഞ്ഞു വീഴ്ത്തി പിണറായിയെ ഏക ഛത്രാധിപതിയാക്കുന്നതില്‍ എല്ലാ ജയരാജന്‍മാരും ഒറ്റക്കെട്ടായിരുന്നു; പിണറായിയുടെയും കോടിയേരിയുടെയും മുഖത്തുനോക്കി എന്തും പറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്ന പി. ജയരാജന്‍ ഒറ്റപ്പെട്ട് തുടങ്ങിയത് 'പി.ജെ. ആര്‍മി' വന്നത് മുതലാണ്‌ ! അതിനിടയിലാണ് ഇ.പി- പി.ജെ പോരു കടുക്കുന്നത്; കണ്ണൂരില്‍ പാര്‍ട്ടി രണ്ടു ഗ്രൂപ്പുകളായി പിളരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ ഗ്രൂപ്പ് പോര്; സംസ്ഥാന തലത്തിലേക്കും പടരുമോ ഈ ഉള്‍പ്പാര്‍ട്ടി പോര്?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കുറേകാലമായി പുകഞ്ഞുകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി പോര് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കടുക്കുകയാണ്. ഒടുവില്‍ ഇ.പി ജയരാജനെതിരെ വെടിപൊട്ടിച്ചത് കണ്ണൂരിന്‍റെ ചുവന്ന ഇതിഹാസമെന്ന് അനുയായികള്‍ വാഴ്ത്തി പാടുന്ന പി. ജയരാജനാണ്. അഴിമതി ആരോപണമാണ്, അതും കേന്ദ്രകമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പിക്കെതിരെ എന്നത് സംഗതിയുടെ ഗൗരവം വര്‍പ്പിക്കുന്നു. ഏറെ കാലമായി പി. ഒരുവശത്തും ഇ.പിയും എം.വി ഗോവിന്ദനും മറുവശത്തുമായി നിന്നു നയിച്ച ശീതയുദ്ധം അണപൊട്ടി പുറത്തവന്നുവെന്നേയുള്ളു.

വി.എസിനെ ചവിട്ടിക്കൂട്ടി കൊട്ടയിലാക്കി വി.എസ് ഗ്രൂപ്പുകാരെ അരിഞ്ഞു വീഴ്ത്തി പിണറായിയെ ഏക ഛത്രാധിപതിയാക്കുന്നതില്‍ എല്ലാ ജയരാജന്‍മാരും ഒറ്റക്കെട്ടായിരുന്നു. കോടിയേരി മുതല്‍ ഗോവിന്ദന്‍ വരെയുള്ളവരുടെ പിന്തുണയും ഇക്കൂട്ടര്‍ക്കു കിട്ടി. ആ മധുവിധു ഏറെക്കാലം നീണ്ടുനിന്നില്ല. പി. ജയരാജന്‍റെ അനുയായികള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടി വടക്കന്‍പാട്ടിറക്കി. കീര്‍ത്തനങ്ങളും രാഗങ്ങളും കവിതയുമൊക്കെയായി മാറിയ അനുയായികള്‍ പി.ജെ ആര്‍മികൂടി സ്ഥാപിച്ചതോടെയാണ് പിണറായിക്കും കോടിയേരിക്കുമൊക്കെ തലയില്‍ വെളിവു വീണത്.

പിണറായിയുടെയും കോടിയേരിയുടെയും മുഖത്തുനോക്കി എന്തും പറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്നു പി.ക്ക്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിപോരുകയും ചെയ്തു. പി. ജയരാജനായിരിക്കും അടുത്ത ആഭ്യന്തര മന്ത്രിയെന്നുവരെ കഥ പരന്നു.

ആര്‍മ്മി വന്നതോടെ അതിനെതിരെ പാര്‍ട്ടിയില്‍ പടനീക്കമുണ്ടായി. പി. ഏറെക്കുറെ ഒറ്റപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനം പോയി. ജീവകാരുണ്യ പ്രവര്‍ത്തനവുമായി നടക്കുന്നതിനിടയിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തി തോല്‍പ്പിച്ചതും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ഒതുക്കിയതും. ശോഭനാ ജോര്‍ജിരുന്ന കസേരയിലാണ് വിപ്ലവ നക്ഷത്രത്തെ പ്രതിഷ്ഠിച്ചത് എന്നോര്‍ക്കണം.


പുതിയ കാറു ചോദിച്ചപ്പോള്‍ കറുത്ത ഇന്നോവ അനുവദിക്കുകയും അതു ബുള്ളറ്റ് പ്രൂഫാണെന്നു പറഞ്ഞു നാറ്റിക്കുകയും ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയെന്നു പി.ക്കറിയാം.


അതിനിടയിലാണ് ഇ.പി. - പി. പോരു കടുക്കുന്നത്. പി.കെ ശ്രീമതി ടീച്ചറുടെ മകന് നല്‍കാത്ത പദവിയുടെ പേരില്‍ മന്ത്രി സ്ഥാനം വച്ചൊഴിഞ്ഞ ജയരാജന്‍ അന്നുതന്നെ എതിരെ ചുക്കാന്‍ പിടിച്ച പിയെ നോട്ടമിട്ടിരുന്നു. സെക്രട്ടറി സ്ഥാനത്തേക്കു വരണമെന്നൊക്കെ ഇ.പിക്കു മോഹം ഉണ്ടായിരുന്നെങ്കിലും എം.വി ഗോവിന്ദന്‍ വന്നതില്‍ ഉള്ളാലെ അദ്ദേഹം ആഹ്ളാദിച്ചു. എന്നും ഗോവിന്ദനും ഇ.പിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായിരുന്നു.

ഇ.പിക്കെതിരെ ഇപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ പി. ഉന്നയിച്ചിരിക്കുന്ന ആരോപണം നേരത്തേ ജില്ലാ സെക്രട്ടറിയെറ്റിലെത്തിയിരുന്നു. ചര്‍ച്ചചെയ്തെങ്കിലും വേണ്ടത്ര പ്രഹരം ഇ.പി.ക്കേല്‍പ്പിക്കാന്‍ പി. ക്കായില്ല. കാരണം ജില്ലാ സെക്രട്ടറിപദം ഒഴിഞ്ഞതോടെ അതുവരെ പി.യുടെ നെഞ്ചും കരളുമൊക്കെയായി നിന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ കാലുമാറിയിരുന്നു. അവര്‍ പി. വിരുദ്ധപക്ഷത്തേക്കുപോയി, പതിവുപോലെ. ബലഹീനമാകുന്നവരെ ചവിട്ടിവീഴ്ത്തുക എന്നതാണല്ലോ കമ്മ്യൂണിസ്റ്റ് യുദ്ധതന്ത്രം.

കുറെകാലമായി പരിഭവങ്ങളുമായി കഴിഞ്ഞ ഇ.പിയെ കളത്തിലിറക്കാന്‍ ഗേവിന്ദന്‍ മാഷും പിണറായിയും ശ്രമിച്ചതിന്‍റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വികാരജീവിയാണ് ഇ.പി. അതുവരെ പിണറായിയുടെയും കോടിയേരിയുടെയും ഏറ്റവും അടുത്തയാള്‍ താനെന്നു വിശ്വസിച്ച ഇ.പിക്ക് അടിപതറിയത് മന്ത്രിസ്ഥാനം പോയതോടെയാണ്.


അന്ന് പാര്‍ട്ടിക്കു തന്‍റെ നടപടി ക്ഷീണമുണ്ടാക്കിയെങ്കില്‍ പടിയിറങ്ങാമെന്ന വാഗ്ദാനം രണ്ടു കൈയും നീട്ടി ഇരുനേതാക്കളും സ്വീകരിക്കുമെന്ന് ഇ.പി കരുതിയില്ല. അതിനുശേഷം യെച്ചൂരിയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇ.പിയെ പിണറായി മന്ത്രിയാക്കിയത്. അതോടെ മഞ്ഞുരുകുകയും ചെയ്തു. ഇ.പി പിണറായിയുടെ അടുത്ത ആളായി മാറി.


പിണറായി - എം.വി ഗോവിന്ദന്‍ - ഇ.പി അച്ചുതണ്ടു രൂപംകൊണ്ടുവരുന്നതിന്‍റെ അലയൊലികള്‍ അങ്ങിങ്ങു കേട്ടുതുടങ്ങിയിരുന്നു. അതിന്‍റെ അപകടം മനസിലാക്കിയാണ് ഇ.പി.ക്കെതിരെ പി. വീണ്ടും അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം ഘടകത്തില്‍ ഒരു പാര്‍ട്ടി അംഗം ഉന്നയിക്കുന്ന ആരോപണം അന്വേഷിക്കാതെ തള്ളാനുമാവില്ല.

മനോരമയ്ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനെയും എം.എം. ലോറന്‍സിനെയും പാര്‍ട്ടിയില്‍നിന്നു തരം താഴ്ത്തി നാണംകെടുത്തിയവരാണ് തലപ്പത്തുള്ളവര്‍ എന്നോര്‍ക്കണം.

പക്ഷേ ഇ.പിക്കൊരു പ്രശ്നമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്യങ്ങളില്‍ അന്ധവിശ്വാസിയാണ്. അണികള്‍ക്കാവേശം. മറ്റുള്ളവര്‍ മക്കള്‍ക്കു തല്ലും വെട്ടും കുത്തും കൊള്ളാതെ കണ്ണൂര്‍ കടത്തിയപ്പോള്‍ അവിടെത്തന്നെ നിര്‍ത്തി പ്രവര്‍ത്തിപ്പിച്ച പാരമ്പര്യം അണികള്‍ക്കാവേശമാണ്. അഞ്ചുപൈസ അഴിമതി നടത്തില്ല.

ഈ കരുത്തിലാണ് പി. ആഞ്ഞടിച്ചത്. എന്നാല്‍ പി.ക്കെതിരെ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ടു വെട്ടിച്ചെന്നും ഇ.പി.യ്ക്കെതിരെ ആരോപണം ഉന്നയിച്ചത് എം.വി ഗോവിന്ദനെ ലക്ഷ്യമിട്ടാണെന്നും പി. വിരുദ്ധര്‍ പരാതി അയച്ചുതുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ ഊമക്കത്തുരൂപത്തിലാണ് പതിവുപോലെ പരാതി പ്രവാഹം.

publive-image


കണ്ണൂരില്‍ പാര്‍ട്ടി രണ്ടു ഗ്രൂപ്പുകളായി നെടുകെ പിളരുന്നതിനിടയിലാണ് തിരുവനന്തപുരം ജില്ലയിലെ ഗ്രൂപ്പ് പോര്. ഒരു വശത്ത് ആനാവൂര്‍ നാഗപ്പനും മറുവശത്ത് കടകംപള്ളി സുരേന്ദ്രനും. ഇരുവരും പ്രഖ്യാപിത പിണറായി ഗ്രൂപ്പുകാര്‍. വി.എസിനോടൊപ്പമായിരുന്ന ഇരുവരെയും ഏറെ പണിപ്പെട്ടാണ് പിണറായി ഇപ്പുറത്തെത്തിച്ചത്. അതിനാല്‍ രണ്ടുപേരെയും തള്ളാനാവില്ല.


ദത്തെടുക്കല്‍ വിവാദം മുതല്‍ ഈ പോര് പ്രകടമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ നേതാക്കള്‍ ലഹരിവിരുദ്ധ പോരാട്ടം കഴിഞ്ഞ് കള്ളുകുടിച്ച് നൃത്തമാടിയതും അതിനു മുമ്പു പുറത്തായ ആര്യാ രാജേന്ദ്രന്‍റെ കത്തുമാണ് ഗ്രൂപ്പിസത്തെ മറനീക്കി പുറത്തുവിട്ടിരിക്കുന്നത്. രണ്ടിടത്തും ആനാവൂരിനാണ് ക്ഷീണം. അതു ഫലപ്രദമായി കരുക്കളാക്കാന്‍ കടകംപള്ളിക്കു കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം. ജില്ലാ സെക്രട്ടറി പറഞ്ഞത്രെ: എന്‍റെ പ്രായം കുറച്ചുകാണിച്ചാല്‍ മതിയെന്ന് അണ്ണന്‍ (ആനാവൂര്‍) പറഞ്ഞു. അണ്ണന്‍ പറഞ്ഞാല്‍ അതിനപ്പുറമില്ല. അതിനാലാണ് ഇത്രയും കാലം സെക്രട്ടറിയായി ഇരുന്നത്. കുറെകാലമായി ഒന്നു വെട്ടിനിരത്തിയിട്ട്. അതുകൊണ്ടൊരു രസവുമില്ല.

ഒരു വനിതാ സഖാവിനോടിത്രയുമൊക്കെ പറഞ്ഞത് വെട്ടി വളക്കാനായിരുന്നത്രെ. അവളാണു മിടുക്കി. ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തു വിട്ടു. ഇപ്പോഴത് വൈറലാണ്. നേതാക്കന്‍മാര്‍ പുറത്തുമായി.

ഇവിടുത്തെ ആനാവൂര്‍ - കടകംപള്ളി ഗ്രൂപ്പിസം ജില്ലാ കമ്മറ്റിയെ നെടുകെ പിളര്‍ത്തിയിരിക്കുകയാണ്. അല്‍പം ജാതിക്കളികൂടി ചേര്‍ന്നതോടെ സംഗതി ഉഷാറായി കഴിഞ്ഞു. സംസ്ഥാന തലത്തിലേക്ക് കണ്ണൂര്‍, തിരുവനന്തപുരം ഗ്രൂപ്പിസം പടരുമോ എന്നാണിനി അറിയേണ്ടത്.

Advertisment