വാര്‍ധക്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ ഒരു സമാശ്വാസ സമ്മാനമാണ് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്; ശിവരാജന്‍ റിപ്പോര്‍ട്ട് തിന്നു തീര്‍ത്തത് 8.20 കോടിയാണ്! എന്തിനായിരുന്നു ഈ റിപ്പോര്‍ട്ട് ? അതെന്തു സംഭാവനയാണ് പൊതുപ്രവര്‍ത്തന രംഗത്തെ ശുദ്ധീകരണത്തിനു നല്‍കിയത് ? ഇതുകൊണ്ടുണ്ടായ നേട്ടം ആര്‍ക്ക് ? സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സി.ബി.ഐ കൊട്ടയില്‍ തള്ളുന്നതോടെ ചോദ്യങ്ങള്‍ ഉയരുന്നു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

സോളാര്‍കമ്മീഷന്‍ എന്നറിയപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി സി.ബി.ഐ കൊട്ടയില്‍ തള്ളുന്നതോടെ ഒരു ചോദ്യം ഉയരുന്നു. എന്തിനായിരുന്നു ഈ റിപ്പോര്‍ട്ട് ? അതെന്തു സംഭാവനയാണ് പൊതുപ്രവര്‍ത്തന രംഗത്തെ ശുദ്ധീകരണത്തിനു നല്‍കിയത് ? ഇതുകൊണ്ടുണ്ടായ നേട്ടം ആര്‍ക്ക് ? എന്തൊക്കെ ? ഒരു നേട്ടമുണ്ടായി. അത് ഇതെഴുതിയ ശിവരാജനാണ്. ഈ പുണ്യാളനെ ഇടതുസര്‍ക്കാര്‍ പിന്നോക്ക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു ഒരു ടേം കൂടി തുടരാന്‍ അനുവദിച്ചു. അതിനേക്കാള്‍ എത്രയോ കേമമായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തനം.

മാധ്യമപ്പട. മുമ്പില്‍ വണങ്ങി നില്‍ക്കുന്ന പടക്കുതിരകള്‍. കമ്പിപ്പടങ്ങളേക്കാള്‍ ഇമ്പമുള്ള കഥാകഥനങ്ങള്‍. വയസുചെന്ന കാലത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാനിതില്‍പരം എന്തുവേണം.

വാദി പറഞ്ഞതെല്ലാം എഴുതിവെക്കണം. മറുവാദങ്ങളും. എല്ലാ മൊഴികളും റിപ്പോര്‍ട്ടിന്‍റെ ഭാഗമാകണം. പക്ഷേ അതിന്‍മേല്‍ നിയമപരമായ തലച്ചോറ് ഉപയോഗിച്ചു സൃഷ്ടിക്കുന്ന കണ്ടെത്തലുകള്‍ വേണം. അതാണല്ലോ റിപ്പോര്‍ട്ടിന്‍റെ കാതല്‍. അല്ലെങ്കില്‍ രണ്ടു വനിതാ പോലീസുകാരെ അയച്ചു മൊഴി എഴുതിയെടുത്താല്‍ പോരായിരുന്നോ ? അതിനപ്പുറം എന്താണു നടന്നത് ? മൊഴി പകര്‍പ്പ് റിപ്പോര്‍ട്ടായി തല്ലിക്കൂട്ടി എഴുതിയുണ്ടാക്കി അതിലൂടെ ലഭിച്ച പട്ടും വളകളും അമേദ്യത്തേക്കാള്‍ ശോകം.


അതുകൊണ്ടാണല്ലോ ഉമ്മന്‍ ചാണ്ടിയേയും കെ.സി വേണുഗോപാലിനേയും കൂട്ടരെയും ചതച്ചരക്കാന്‍ നിയോഗിക്കപ്പെട്ട സി.ബി.ഐ സുക്ഷ്മദര്‍ശിനിവച്ചു പരിശോധിച്ചിട്ടും ഒരു തുമ്പും കിട്ടാതെപോകുന്നത്.


ഒരെല്ലിന്‍ കഷണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവര്‍ കഥകഴിച്ചേനേ. കാരണം അതില്‍ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസിനെ തളയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഇപ്പോള്‍ ഈ പരിതാപകരമായ അവസ്ഥയില്‍ പോലും ബി.ജെ.പി പാഴാക്കുന്നില്ല.

2012 സെപ്തംബര്‍19 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാദി ക്ലിഫ് ഹൗസിലെത്തിയെന്നും അതിനു പി.സി ജോര്‍ജ് സാക്ഷിയായിരുന്നുവെന്നും അന്ന് ലൈംഗികമായി ഉപദ്രവിച്ചു എന്നുമൊക്കെയായിരുന്നു കഥകള്‍. യു.ഡി.എഫ് ഭരണത്തിലിരുന്നപ്പോള്‍ ഇടതുപക്ഷ നേതാക്കള്‍ക്കെതിരെയും കനത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭരണം മാറിയപ്പോള്‍ മൊഴിയും മാറി. ഇതിനിടെ വാദിയുടെ ചില ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിശ്വാസ്യതയും നഷ്ടപ്പെട്ടു.

രാഷ്ട്രീയവും ഭരണവും പണവും സ്ത്രീയും കൂടിക്കുഴഞ്ഞ കേസുകള്‍ എന്നും മാധ്യമങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളാണ്. അങ്ങനെ കഥകള്‍ നിറംപിടിപ്പിച്ചു വന്നുതുടങ്ങി. ഇങ്ങനെ ഒരു വ്യക്തിയെ അറിയുകയേയില്ല എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിയെ ഉപദേശിച്ച വിദ്വാനാണു വില്ലന്‍. കോട്ടയത്തെ ചടങ്ങില്‍ വേദിയില്‍ കാതില്‍ വാദി രഹസ്യം പറയുന്ന ചിത്രങ്ങളുമായാണ് അടുത്ത ദിവസം പത്രങ്ങളിറങ്ങിയത്. അവിടം മുതല്‍ ഉമ്മന്‍ ചാണ്ടിക്കടിതെറ്റി. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാന്‍ ചില ഗ്രൂപ്പുകാര്‍ ഇറങ്ങിയതോടെ ഉമ്മന്‍ ചാണ്ടി കൂടുതല്‍ നാറി. അതു മനസിലാക്കാന്‍ ജീവിതം എന്ന തുറന്ന പുസ്തകവുമായി ജീവിക്കുന്ന അദ്ദേഹത്തിനായതുമില്ല.


അദ്ദേഹം കാട്ടിയ മറ്റൊരു വിഢിത്തമാണ് ശിവരാജനെ കമ്മീഷനാക്കി വച്ചത്. താന്‍ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാനാക്കിയ ശിവരാജന്‍ തന്നെ കുടുക്കുമോ എന്നദ്ദേഹം ചിന്തിച്ചുകാണും. ചില മനുഷ്യര്‍ അപ്പോള്‍ കാണുന്നവനെയാണ് അപ്പാ എന്നു വിളിക്കുന്നതെന്ന ആപ്തവാക്യം ഉപദേഷ്ടാക്കള്‍ ഓതിക്കൊടുത്തു കാണില്ല.


അടുത്ത തെരഞ്ഞെടുപ്പു വരുമെന്നും അന്ന് കസേര തെറിക്കുമെന്നും അദ്ദേഹം ചിന്തിച്ചുകാണില്ല. അതാണ് അധികാരത്തിന്‍റെ പ്രശ്നം. വൈതാളികന്‍മാര്‍ പ്രശംസിച്ചുകോണ്ടേ ഇരിക്കും. സ്വന്തം കസേര ഇളകില്ലെന്നും ആജീവനാന്തം അവിടെ ഇരിക്കാമെന്നും പ്രതീക്ഷിച്ചുപോകും. അതാരുടെയും കുറ്റമല്ല. എന്നത്തെയും ഭരണാധികാരികളുടെയും പ്രശ്നമാണിത്. വാഴ്ത്തുന്നവരെ മാത്രം കാണും. വീഴ്ത്തുന്നവര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു മറക്കും. 'നാം ആണു ശരി' എന്നങ്ങു ധരിച്ചു വശാകും. അങ്ങിനെ ധരിച്ചവരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഉപദേശിച്ച് കുളമാക്കിയവര്‍ ബെന്നി ബഹനാന്‍ മുതല്‍ കെ.സി. ജോസഫ് വരെ. പാവം ജോപ്പന്‍ മാത്രം രക്തസാക്ഷിയായി.

ശിവരാജന്‍ റിപ്പോര്‍ട്ട് തിന്നു തീര്‍ത്തത് 8.20 കോടിയാണ്. ശിവരാജനും ജീവനക്കാരും ശമ്പളം, യാത്രപ്പടി ഇനത്തില്‍ ഊറ്റിയെടുത്തത് 7 കോടിയോളം. ആറു മാസത്തേക്കാണു കമ്മീഷനെ നിയമിച്ചത്. 4 വര്‍ഷത്തോളം കാലവധി നീട്ടി നീട്ടി ഖജനാവു കാര്‍ന്നു തിന്നാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. കാട്ടിലെ തടി, തേവരുടെ ആന... പിന്നെന്താ...

എന്തായാലും വാര്‍ധക്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ ഒരു സമാശ്വാസ സമ്മാനമാണ് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. വാദി പറഞ്ഞ കഥകളൊന്നും തെളിയിക്കാനായില്ല. ഇടക്ക് കൂടെനിന്നവര്‍ പോലും കൂറുമാറിയത് അവര്‍ക്കു വല്ലാത്ത ക്ഷതമാണു സൃഷ്ടിച്ചത്.

ഇതില്‍നിന്നുള്ള ഗുണപാഠങ്ങള്‍ എന്താണ് ? എന്നും അധികാരത്തില്‍ തുടരുമെന്ന് ധരിക്കരുത്. എപ്പോള്‍ വേണമെങ്കിലും ഈ കസേര ഇളകാം. അതു ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും ഇനി വരാന്‍ പോകുന്ന മുഖ്യമന്ത്രിമാര്‍ക്കും ബാധകം. കള്ളം പറയരുത്. സത്യം പറയാതിരിക്കാം. പുറത്ത് ഒരു കള്ളം പറഞ്ഞാല്‍ പിന്നെ പിന്നെ കള്ളങ്ങള്‍ പറഞ്ഞു പറഞ്ഞു തളരും. പണമെന്നു കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറരുത്. അത് ഉമ്മന്‍ ചാണ്ടി മുതല്‍ ഇപി ജയരാജന്‍ വരെയുള്ളവര്‍ക്കു ബാധകം. കുടുംബത്തെ കയറൂരി വിടരുത്. അത് എല്ലാവര്‍ക്കും ബാധകം.

Advertisment