ശക്തമായാണ് കേന്ദ്രം പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ചത്, വിദഗ്ധമായാണ് എന്‍.ഐ.എ തെളിവുകള്‍ ശേഖരിച്ചത്; ഒന്നും കേരള പൊലീസ് അറിഞ്ഞില്ല ! ഇത്തവണ പൊലീസിനെ അറിയിച്ച് റെയ്ഡ് നടത്തിയതിന് ഫലമുണ്ടായി; ഫ്രണ്ടുകാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടി ! നാടിനെ കുട്ടിച്ചോറാക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല; അതിന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംസ്ഥാനങ്ങള്‍ പിന്തുണയ്ക്കണം; പോലീസിലെ മതാന്ധന്‍മാരെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തലപ്പത്തെ കസേരയില്‍ ആരും ഇല്ലാത്തതാണ് നല്ലത്‌-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

പലതുകൊണ്ടുംകീര്‍ത്തികേട്ടവരാണ് കേരളാ പോലീസ്. കാരണം കോണ്‍സ്റ്റബിള്‍ പോലും മിക്കയിടത്തും ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ പാസായവരായിരിക്കും. എന്‍ജിനീയര്‍മാരായ കോണ്‍സ്റ്റബിള്‍മാരുമുണ്ട്. അപ്പോള്‍ സ്വാഭാവികമായി അതിന്‍റെ അന്തസ് സേനയില്‍ വരും. രാഷ്ട്രീയ സ്വാധീനം ചെലുത്തപ്പെട്ടില്ലെങ്കില്‍ അന്വേഷണം കാര്യക്ഷമമായി നടക്കും. സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതില്‍ കേരള പോലീസ് കാട്ടുന്ന ശുഷ്കാന്തി ചെറുതല്ല. എന്നാല്‍ ചില സങ്കുചിത താല്‍പര്യങ്ങള്‍, ചില വഴങ്ങലുകള്‍ സല്‍പേരിനു കളങ്കം ചാര്‍ത്തുന്നു എന്നതും വസ്തുതയാണ്.

രാഷ്ട്രീയ വിവാദങ്ങളില്‍ ഭരണകക്ഷിക്കു മുഖം രക്ഷിക്കാന്‍ പോലീസിനെ ഉപയോഗിക്കുമ്പോഴാണ് ഗതികേട് വള്ളിക്കെട്ടാകുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ കത്ത്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനിലിന്‍റെ കത്ത്, ദത്തുവിവാദം, അങ്ങനെ എത്രയെത്ര രാഷ്ട്രീയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിനെ വിനിയോഗിച്ചിരിക്കുന്നു. സ്വപ്ന - സ്വര്‍ണകള്ളക്കടത്തു വിവാദം, അതിലെ ഗൂഢാലോചന അന്വേഷണം ഒക്കെ രാഷ്ട്രീയ പൊടിക്കൈകളാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത് ?

പോലീസ് സുരക്ഷയുടെ പേരില്‍ സ്വപ്നയുടെ പിറകേ കൂടിയപ്പോള്‍ കേന്ദ്ര പിന്തുണയോടെ സ്വന്തം സെക്യൂരിറ്റി ഗാര്‍ഡിനെവെച്ച് സ്വപ്ന തടി രക്ഷിച്ചു. സുരക്ഷ ശക്തിപ്പെടുത്തി പോലീസ് സ്വപ്നയെ 'ക്ഷ' എഴുതിച്ചു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം.


മറ്റൊരു ഗുരുതരമായ പ്രശ്നം പോലീസിലെ വര്‍ഗീയവല്‍ക്കരണമാണ്. പോലീസിലെ ക്രിമിനലുകളുടെ എണ്ണമെടുപ്പൊക്കെ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നതു മറക്കാം. രക്തത്തെ രക്തത്തിനേ തിരിച്ചറിയാനാകൂ. ക്രിമിനലുകളെ പിടിക്കാന്‍ ക്രിമിനല്‍ പോലീസുകാര്‍ തന്നെ വേണം.


പലയിടത്തും ലോക്കല്‍ ഗുണ്ടാ തലവന്‍മാരെ മറുഗാങ്ങ് കൊയ്തെടുക്കുന്നതു പോലീസിന്‍റെ ഒത്താശയോടെയാണ്. വടക്കെ ഇന്ത്യയില്‍ ഇതിന് ഏറ്റുമുട്ടല്‍ എന്നു പറയും. അതിന്‍റെ മറവില്‍ പോലീസ് തന്നെ ഗുണ്ടകളെ കൊന്നുകളയും. ഇവിടെ മനുഷ്യാവകാശ ചിന്ത കൂടുതലാണ്. അതിനാല്‍ അതൊന്നും എളുപ്പമല്ല. മുക്കിന് മുക്കിന് ക്യാമറകളും റോഡരികുകളിലൊക്കെ വീടുകലും ഉള്ള കേരളത്തില്‍ ഏറ്റുമുട്ടല്‍ നടകം റിസ്ക്കിയാണ്.

അതുകൊണ്ടാണ് പോലീസ് തന്നെ എതിര്‍ ഗുണ്ടാ ഗാങ്ങിനെ ഉപയോഗിക്കുന്നത്. അവര്‍ ഉപയോഗിച്ചവര്‍ വള‍ര്‍ന്നു വലുതായാല്‍ അവരെയും തട്ടിക്കളയും (കാപ്പ എന്ന സിനിമയില്‍ പത്രക്കാരനായ ജി.ആര്‍. ഇന്ദുഗോപന്‍ അതു നന്നായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്). പ്രതിഷ്ഠയേക്കാള്‍ വലുതായ പടിപ്പുര ഇടിച്ചുനിരത്തണം എന്നാണു പ്രമാണം.

കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് റെയ്‌ഡിന്‍റെ വിവരങ്ങള്‍ അവര്‍ക്കു കേരള പോലീസ് ചോര്‍ത്തി നല്‍കിയെന്ന വിവാദം കത്തിപ്പടരുന്നതാണ് ഇത്രയും എഴുതാന്‍ കാരണം. കേന്ദ്രം ശക്തമായാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആ‍ഞ്ഞടിച്ചതും തുടര്‍ന്ന് നിരോധിച്ചതും. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും ക്യാമ്പുകളിലും നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്തിന് കൃഷിതോട്ടങ്ങളില്‍ വരെ എന്‍.ഐ.എക്കാര്‍ വേഷം മാറി ഒരു വര്‍ഷം ജീവിച്ചു തെളിവുകള്‍ ശേഖരിച്ച ശേഷമാണത്രെ റെയ്‌ഡും നിരോധനവും ഒക്കെ ഉണ്ടായത്. അതും കേരള പോലീസ് അറിയാതെ.

ഇക്കുറി കേരള പോലീസിനെ അറിയിച്ചശേഷമായിരുന്നു റെയ്‌ഡ്. അതിന്‍റെ ഫലമുണ്ടായി. ഫ്രണ്ടുകാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടി. അതിന്‍റെ ഫലമായി തെളിവുകള്‍ അവര്‍ മുക്കിക്കാണും. ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ തന്നെ അവരോടൊപ്പമുള്ള രാഷ്ട്രീയകക്ഷിയായ എസ്.ഡി.പി.ഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നോര്‍ക്കണം. കാരണം എല്ലാം തന്ത്രജ്ഞതയോടെയായിരുന്നു.

കേരള പോലീസ് മേധാവി അനില്‍കാന്തിനെ കേന്ദ്രം ഡല്‍ഹിക്കു വിളിപ്പിച്ചെന്നുവരെ വാര്‍ത്ത പരക്കുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ്. നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല. അതിന് കേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സംസ്ഥാനങ്ങളുടെ ജോലി. ജയിലില്‍ സൗകര്യം ഒരുക്കുക, നിയമസഹായം ലഭ്യമാക്കുക, അനന്തമായി ജയിലില്‍ കിടത്തുന്നതൊഴിവാക്കുക തുടങ്ങിയ മനുഷ്യാവകാശ കാര്യങ്ങള്‍ ചെയ്യണം. പക്ഷെ ഇരിക്കുന്ന കൊമ്പു മുറിക്കരുത്. അതില്‍ ഭരണകൂടവും സങ്കുചിത രാഷ്ട്രീയം കാണരുത്.


ഇതൊക്കെ ചെയ്താല്‍ കുറെ വോട്ടു കൂടുതല്‍ കിട്ടുമെന്നാരെങ്കിലും ഉപദേശിച്ചാല്‍ ഓര്‍ക്കണം അവന്‍ ശത്രുവാണെന്ന്. ബൂര്‍ഷ്വാ പത്രങ്ങള്‍ നല്ലതെഴുതിയാല്‍ വിചാരിച്ചോളണം നിങ്ങള്‍ അപകടത്തിലാണെന്ന് - ഇ.എം.എസിന്‍റെ വിഖ്യാതമായ പ്രസംഗം ഓര്‍മ്മയുണ്ടല്ലോ. ഇല്ലെങ്കില്‍ ഓര്‍ക്കണം.


കേരളാ പോലീസിലെ മതാന്ധന്‍മാരെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തലപ്പത്തെ കസേര ഒഴിച്ചിടുന്നതാണ് നല്ലത്. അതില്‍ വല്ല പട്ടിയോ പൂച്ചയോ കയറി ഇരുന്നോട്ടെ. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി ഓഫീസിലുണ്ടായിരിക്കെ ഏതോ ഭ്രാന്തന്‍ കയറിയിരുന്ന നാടാണിത്. ഒന്നും അത്ഭുതപ്പെടുത്തില്ല, ആരേയും.

Advertisment