കെ.എസ്.ആര്‍.ടി.സി കേരളത്തിന്റെ മുടിയനായ പുത്രനാണ്; എയര്‍ ഇന്ത്യയും അങ്ങനെയായിരുന്നു; ഒടുവില്‍ കേന്ദ്രം അത് ടാറ്റയ്ക്ക് വിറ്റ് തലയൂരി ! വികസന മുന്നേറ്റം കാണണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരകള്‍ സന്ദര്‍ശിച്ചാല്‍ മതി; കോവിഡ് കാലത്ത് എത്ര ബസുകളാണ് നശിച്ചതെന്നും കണക്കുണ്ടോ ? വണ്ടികളൊക്കെ തൂക്കി വിറ്റിട്ട് നിലവിലുള്ള തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി കേരളത്തെ രക്ഷിക്കൂ-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കെ.എസ്.ആര്‍.ടി.സി കേരളത്തിന്‍റെ മുടിയനായ പുത്രനാണ്. ആരു വിചാരിച്ചിട്ടും നന്നാകാത്ത മുടിയന്‍. എയര്‍ ഇന്ത്യ അങ്ങനെയായിരുന്നു. ഒരിക്കലും നന്നാകാത്ത ഇന്ത്യാ ഗവണ്‍മെന്‍റ് സ്ഥാപനം. ഒടുവില്‍ കേന്ദ്രം അതിനെ ടാറ്റക്കു വിറ്റു തലയൂരി. കിട്ടിയതു മിച്ചം. അത്യാഹിതമോ, അത്യാവശ്യമോ, യുദ്ധമോ വന്നാല്‍ ഇന്ത്യയിലെ ഏതു വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനവും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ നിയമമുണ്ട്. കോവിഡ് വന്നപ്പോള്‍ അങ്ങിനെ എത്രയെത്ര വിവാഹ മണ്ഡപങ്ങളാണ് ഇവിടെ ഏറ്റെടുത്തത്. ആ രീതി കെ.എസ്.ആര്‍.ടി.സിയിലും പിന്തുടര്‍ന്നുകൂടേ ?.

പണ്ടൊക്കെ വന്‍ വ്യവസായത്തിനു മുതലിറക്കാന്‍ ആളുകളില്ലായിരുന്നു. അതുകൊണ്ടാണ് നെഹ‍്റു നവരത്നങ്ങളൊക്കെ തുറന്നത്. ഒടുവില്‍ ആ പണി സര്‍ക്കാരിനു പറ്റിയതല്ലെന്നു മനസിലാക്കി ആദ്യം കോണ്‍ഗ്രസും ഇപ്പോള്‍ ബി.ജെ.പിയും ഒക്കെ വില്‍ക്കുകയാണ്. അതാണു ബുദ്ധി. നികുതി വാങ്ങി സര്‍ക്കാര്‍ നടത്താം. ഒരു മുടക്കുമുതല്‍ വേണ്ടാത്തതും നഷ്ടം സംഭവിക്കാത്തതതും കിട്ടുന്നതൊക്കെ ലാഭം മാത്രവുമുള്ള ഏക വ്യവസായമാണ് നികുതി ശേഖരണം.


പട്ടിണിപാവങ്ങളുടെ കഥപറഞ്ഞാണല്ലോ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടികളെത്തുന്നത്. ആ പട്ടിണിക്കാരന്‍റെ വയറ്റത്തടിക്കുകയാണ് നഷ്ടത്തിലോടുന്ന ഈ വ്യവസായങ്ങളിലൂടെ. നികുതിപണമാണല്ലോ ഇവിടേക്കൊഴുക്കി കളയുന്നത്.


കഴിഞ്ഞ രണ്ടു വര്‍ഷമായി ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഖജനാവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്കു നല്‍കിയത് 4000 കോടി രൂപ. എന്നിട്ടു നന്നായോ ? ഇല്ല. ഇപ്പോഴും കടക്കെണിയില്‍ തന്നെ. 2021 - 22 ല്‍ 2124 കോടി നല്‍കി. 2022 - 23 ല്‍ 1005.69 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. പക്ഷെ നല്‍കിയത് 2000 കോടിക്കധികം. 2022 ല്‍ 8 മാസത്തെ വരവ് 1477.92 കോടി. ചെലവ് 2240.32 കോടി. പിന്നെങ്ങനെ ഇതു നേരെയാകും. നിലവിലുള്ള പെന്‍ഷന്‍കാരെ നിലനിര്‍ത്തുക. ജോലിക്കാരെ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നല്ല നഷ്ടപരിഹാരം നല്‍കി പിരിച്ചയക്കുക. അതിനുള്ള പണം കെ.ടി.ഡി.എഫ്.സി നല്‍കണം.

പകരം അവര്‍ക്ക് കോര്‍പ്പറേഷന്‍ സ്വത്തു നല്‍കുക. സബ് ഡിപ്പോകള്‍ സ്വകാര്യ ബസുകള്‍ക്കു കയറാന്‍ നന്നായി നിര്‍മ്മിക്കുക - ടോള്‍ പിരിക്കുക. നല്ല ലാഭം കിട്ടും. ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കുക. അതു തിരുവനന്തപുരം തമ്പാനൂര്‍ മോഡലിലാകരുത്. സര്‍ക്കാര്‍ മേഖലയിലെ വൃത്തികെട്ട നിര്‍മ്മിതിക്കുള്ള അവാര്‍ഡ് അതിനാണു നല്‍കേണ്ടത്. പൊട്ടിയൊലിച്ച് ചിലന്തിവല പിടിച്ച് സിമന്‍റിളകി ചെറുപ്പത്തില്‍ വാര്‍ധക്യം ബാധിച്ച കെട്ടിടം നിര്‍മ്മിച്ചവനെ പിടിച്ചു വേലുത്തമ്പി ദളവക്കിട്ടുകൊടുക്കണം.


റെയില്‍വേ സ്റ്റേഷനുകള്‍ വിമാനതാവള മാതൃകയില്‍ വികസിപ്പിച്ചു മോഡി കൈയ്യടിനേടുമ്പോഴാണ് നമ്മുടെ തമ്പാനൂര്‍ മാതൃക. വികസന മുന്നേറ്റം കാണണമെങ്കില്‍ കെ.എസ്‍.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരകള്‍ സന്ദര്‍ശിച്ചാല്‍ മതി. ആന്‍റണി രാജുവൊന്നും മൂക്കുകൊണ്ട് 'ക്ഷ' വരച്ചിട്ടു കാര്യമില്ല. അത്രകണ്ട് ക്യാന്‍സര്‍ പിടിച്ചതാണാ സ്ഥാപനം.


കോവിഡ് കാലത്ത് കൃത്യമായി ശമ്പളവും പെന്‍ഷനും കിട്ടിയ വിഭാഗമാണല്ലോ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ രണ്ടര വര്‍ഷം തൂക്കുകയും തുടക്കുകയും സ്റ്റാര്‍ട്ടാക്കുകയും ചെയ്യാതെ കിടന്ന ബസുകള്‍ എത്രയെണ്ണമാണു നശിച്ചതെന്നു കണക്കുണ്ടോ ? അതൊക്കെ അവിടെ കിടന്നു പുഴുത്തു ചത്തു. ഇനി പുതിയതിറക്കിക്കൊണ്ടിരിക്കുകയാ. പന്ത്രണ്ടിന് ഒന്നു ഫ്രീയാണെന്നാണു കേള്‍വി. അതെങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. എന്തായാലും കോര്‍പ്പറേഷനിലേക്കല്ല.

സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പ്രബല യൂണിയനുകളാണവിടെ ഭരിക്കുന്നത്. ചില അധികാരങ്ങള്‍ അവര്‍ എം.ഡിക്കനുവദിച്ചു കൊടുത്തിട്ടുണ്ട്. അതനുസരിച്ചു നന്നായി ഭരിച്ചില്ലെങ്കില്‍ തെറിക്കും. ബിജു പ്രഭാകരനാണെങ്കില്‍ നല്ല മെയ്‌വഴക്കമുള്ള ഓഫീസറാണ്. എന്തായാലും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്‍റെ രക്തമല്ലേ. കുറെയൊക്കെ കിട്ടാതിരിക്കുമോ ? ഇത്രയേറെ കോടികള്‍ വാരിക്കോരി നല്‍കുന്നത് മന്ത്രിമാരുടെ കീശയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ അല്ലല്ലോ.

ഖജനാവെന്നാല്‍ പൊതുജനത്തിന്‍റെ പണം. ആ തുക വീടില്ലാത്തവനു വീട് വെക്കാനോ പാവങ്ങള്‍ക്കു ചികിത്സക്കോ കൊടുത്തിരുന്നെങ്കില്‍ പിണറായിക്കു പുണ്യം കിട്ടിയേനേ. തൊഴുത്തു കെട്ടുന്നതിനേക്കാളും പശു വളര്‍ത്തലിനേക്കാളും പുണ്യം.

എന്നിട്ടു യൂണിയന്‍കാര്‍ തൃപ്തരാണോ ? അവര്‍ മന്ത്രിമാരെ മുതല്‍ നേതാക്കളെ വരെ തന്തക്കു വിളിക്കുകയാണ്. നിങ്ങല്‍ തരേണ്ടതു തരണം. ഞങ്ങള്‍ ചെയ്യേണ്ടത് (ജോലി) ചെയ്യില്ല. അതാണല്ലോ നമ്മുടെ ലൈന്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ പഠിപ്പിച്ചുവിട്ടതിന്‍റെയൊക്കെ പലിശയും ചേര്‍ത്തു കിട്ടിക്കൊണ്ടിരിക്കയാ. പണ്ടൊക്കെ പിന്നെ പിന്നെയായിരുന്നു ഫലം. ഇപ്പോഴൊക്കെ ഇപ്പോള്‍ തന്നെയാ. തുടര്‍ഭരണമായപ്പോള്‍ ഗ്യാപ്പും കിട്ടിയില്ല.

വണ്ടികളൊക്കെ തൂക്കി വിറ്റിട്ട് നിലവിലുള്ള തൊഴിലാളികള്‍ക്കൊക്കെ നല്ല നഷ്ടപരിഹാരം നല്‍കി കേരളത്തെ രക്ഷിക്കൂ. അല്ലെങ്കില്‍ അതു കേരളത്തെ വിഴുങ്ങും തീര്‍ച്ച.

Advertisment