Advertisment

കെ.ബി ഗണേശ് കുമാര്‍ നട്ടെല്ലുള്ളവനാണ്; ഗണേശന്‍ പറഞ്ഞതിനെ ആര്‍ക്കാണെതിര്‍ക്കാനാവുക ? അതുകൊണ്ടായിരിക്കാം സി.പി.ഐക്കാര്‍ കൈയ്യടിച്ചത് ! ഗണേശനെപ്പോലെ പൊട്ടിത്തെറിക്കാന്‍ കഴിയുന്നവര്‍ ഉള്ളതാണ് ഇടതുപക്ഷത്തിന്‍റെ ഭാഗ്യം; കോവിഡും കിറ്റും കിഫ്ബിയും മാത്രമല്ല ഭരണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കെ.ബി ഗണേശ് കുമാര്‍ നട്ടെല്ലുള്ളവനാണ്. രാഷ്ട്രീയത്തില്‍ വന്നത് അച്ഛന്‍റെ തണലിലാണെങ്കിലും മേല്‍വിലാസമുണ്ടാക്കിയത് അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ എതിര്‍ത്തുകൊണ്ടാണ്. ഇക്കാര്യത്തില്‍ ഗണേശനും കെ. മുരളീധരനുമാണ് കേമന്‍മാര്‍. മുരളിയും വന്നത് അച്ഛന്‍റെ തണലില്‍. രാഷ്ട്രീയക്കാരനെന്ന പേരെടുത്തത് എ.കെ ആന്‍റണി എന്ന മുഖ്യമന്ത്രിക്കൊപ്പം നിന്ന് അച്ഛന്‍ കെ. കരുണാകരനെ എതിര്‍ത്തപ്പോള്‍. കരുണാകരന്‍ തോറ്റത് മുരളിക്കു മുമ്പില്‍ മാത്രമായിരുന്നു. പിന്നെ വിധിക്കു മുമ്പിലും.

രാഷ്ട്രീയത്തില്‍ അച്ഛന്‍മാരുടെ തണലിലിറങ്ങിയ മിക്ക മക്കളും അച്ഛന്‍മാര്‍ ജീവിച്ചിരുന്നപ്പോള്‍ വെറും നിഴല്‍രൂപങ്ങള്‍ മാത്രമായിരുന്നു. അച്ഛന്‍മാര്‍ മരിച്ചശേഷമാണ് ജോസ് കെ. മാണി മുതല്‍ അനൂപ് ജേക്കബ് വരെയുള്ള കേരള കോണ്‍ഗ്രസുകാരും ഷിബു ബേബു ജോണും ശബരീനാഥും ഷൗക്കത്ത് ആര്യാടനുമൊക്കെ കാലുറപ്പിച്ചത്.


എം.എല്‍.എ മാരുടെ യോഗത്തില്‍ ഗണേശന്‍ പൊട്ടിത്തെറിച്ചു എന്ന വാര്‍ത്ത കണ്ടപ്പോഴാണിതെഴുതാന്‍ തോന്നിയത്. അതു മന്ത്രിസ്ഥാനം കിട്ടാതിരുന്നുള്ള കൊതിക്കെറുവിന്‍റെ അക്കൗണ്ടില്‍ പെടുത്തേണ്ട. ഇടതുപക്ഷത്തെ അവഗണനയും സി.പി.ഐയുടെ ഒളിപ്പോരുകളുമൊക്കെ ഉണ്ടെങ്കിലും ഗണേശന്‍ പറഞ്ഞതിനെ ആര്‍ക്കാണെതിര്‍ക്കാനാവുക ? അതുകൊണ്ടായിരിക്കാം സി.പി.ഐക്കാര്‍ കൈയ്യടിച്ചത്.


പിണറായിയുടെ അസാന്നിധ്യത്തിലായിരുന്നു പൊട്ടിത്തെറിക്കല്‍. പിണറായി ഉണ്ടായിരുന്നെങ്കില്‍ ഗണേശന്‍ ചീറ്റിപ്പോയേനേ എന്നു പറയുന്നവരുണ്ടാകാം. പിണറായി ഉണ്ടെങ്കിലും ഇല്ലെങ്കിലും മസിലുപിടിച്ചിരിക്കാനേ സി.പി.എംകാര്‍ക്കു കഴിയൂ. അവരുടെയൊക്കെ മനസുകളില്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടെങ്കിലും വല്ലപ്പോഴും ഗണേശനെപ്പോലെ പൊട്ടിത്തെറിക്കാന്‍ കഴിയുന്നവര്‍ ഉള്ളതാണ് ഇടതുപക്ഷത്തിന്‍റെ ഭാഗ്യം.

എം.എല്‍.എ.മാര്‍ക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല (ആലങ്കാരികം). ഭരണകക്ഷിക്കാര്‍ക്ക് നാലോ അഞ്ചോ പദ്ധതികളെങ്കിലും പ്രഖ്യാപിക്കണം (അപ്പോള്‍ അതാണു കാര്യം) പി.വി ശ്രീനിജനാണ് ഗണേശനെ പിന്തുണച്ച ഏക സി.പി.എം എം.എല്‍.എ. ശ്രീനിജനാണെങ്കില്‍ ഏതു പദ്ധതിയും സ്വന്തം മണ്ഡലത്തില്‍ ഒറ്റയ്ക്കു പരസഹായമില്ലാതെ നടപ്പാക്കാന്‍ ശേഷിയുള്ളത്ര സമ്പന്നനാണ്. കിറ്റെക്സിലെ സാബുവിനെ മൂക്കുകൊണ്ട് ക്ഷ, ങ്ങ, ജ്ജ വരപ്പിച്ചവന്‍. വീരശൂരന്‍ (മദ്രാസില്‍ നിന്ന് അമ്മായി അച്ഛന്‍റെ കരുണാകടാക്ഷങ്ങളാകെ പാണ്ടിലോറിയില്‍ കയറ്റിയാണ് വൈക്കത്തിറക്കിയതെന്ന് ശത്രുക്കള്‍ പറയുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ട.)

കിറ്റെക്സ് സാബു ആരാ ? പിണറായി എല്ലാ വര്‍ഷവും തിരുമ്മാന്‍ (സുഖചികിത്സ) പോയി കിടന്നിരുന്നത് സാബുവിന്‍റെ അച്ഛന്‍ ജേക്കബ്ബേട്ടന്‍റെ കിഴക്കമ്പലത്തെ വീട്ടിലാണ്. ഞാന്‍ ഓര്‍ത്തിരിക്കാന്‍ കാരണം ആദ്യമായി പിണറായി എന്നെ ഫോണില്‍ വിളിക്കുന്നത് അവിടെനിന്നാണ്. ഒരു വാര്‍ത്തയായിരുന്നു കാരണം. പിണറായി പിണറായിയിലെ ഗ്രാമത്തില്‍ വലിയ വീടു പണിയുന്നു എന്നതായിരുന്നു വാര്‍ത്ത. അതിനു ചുക്കാന്‍ പിടിക്കുന്നത് റബ്കോയുടെ അന്നത്തെ ചെയര്‍മാന്‍ അന്തരിച്ച നാരായണേട്ടനാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

കോണ്‍ക്രീറ്റ് പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിന്‍റെ ഫോട്ടോയും ഞാന്‍ അന്നു പ്രവര്‍ത്തിച്ച മംഗളം പത്രത്തില്‍ നല്‍കിയിരുന്നു. പിണറായി ആവശ്യപ്പെട്ടതനുസരിച്ച് നാരായണേട്ടന്‍റെ പേരില്‍ അടുത്ത ദിവസത്തെ പത്രത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തു. പത്തു ദിവസം ഡല്‍ഹിയില്‍ ഒരു മുറിയില്‍ ഞാനും നാരായണേട്ടനും ഒരുമിച്ചു താമസിച്ച പരിചയംവച്ച് നാരായണേട്ടന്‍ വിളിച്ച ശേഷമാണ് പിണറായി എന്നെ വിളിച്ചതും (വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സംഭവമാണ്). എല്ലാവരും കരുതിയത് സാബുവിനെ പിണറായി രക്ഷിക്കുമെന്നാണ്. ഒരു അധിക സഹായവും വഴിവിട്ട് പിണറായി നല്‍കിയില്ല എന്നതു സത്യം.


കിഫ്ബി പദ്ധതികള്‍ എം.എല്‍.എമാര്‍ക്ക് വാരിക്കോരി നല്‍കുന്നില്ല. വിദ്യാഭ്യാസമന്ത്രി നല്ലവനാണെങ്കിലും വകുപ്പിലൊന്നും നടക്കുന്നില്ല. മരാമത്ത് വകുപ്പിന്‍റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാകുന്നില്ല - ഇങ്ങനെ പോയത്രെ ഗണേശിന്‍റെ വിമര്‍ശനങ്ങള്‍.


ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആകെ വരുമാനത്തിന്‍റെ 85 ശതമാനവും ചെലവഴിക്കുന്ന കേരളത്തില്‍ വികസനത്തിനുള്ള കുറുക്കുവഴിയായിരുന്നു കിഫ്ബി. അതിന്‍റെ കഴുത്തില്‍ കേന്ദ്രം കയറിപിടിച്ചുകളഞ്ഞു. അവരുടെ കടവും സംസ്ഥാന കടത്തിന്‍റെ പരിധിയില്‍ വന്നതോടെ കുറുക്കുവഴി അടഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ കിഫ്ബി തകര്‍ന്നു തരിപ്പണമാകുന്ന മട്ടാണ്. 73908 കൊടിക്കുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. പൂര്‍ത്തിയാക്കിയത് 6201 കോടിയുടെ പദ്ധതികള്‍ മാത്രം. അനുവദിച്ചത് 993 പദ്ധതികള്‍. നടപ്പായത് 120 മാത്രം.

ഒരു കാര്യം വ്യക്തമാണ്. കോവിഡ് പോലെയുള്ള പ്രതിസന്ധി വന്നാല്‍ സര്‍ക്കാര്‍ സ്കോര്‍ ചെയ്യും. കുറഞ്ഞത് നിപ്പായെങ്കിലും വരണം. കൂടാതെ കിറ്റും കിഫ്ബിയുമായിരുന്നു ആശ്രയം. അതുരണ്ടും ഇനി പറഞ്ഞു മേനിനടിക്കാന്‍ പറ്റുമോ എന്നു സംശയം. കിറ്റു കൊടുക്കാന്‍ പണമില്ല. കിഫ്ബിക്കാണെങ്കില്‍ കേന്ദ്രത്തിന്‍റെ ക്ലിപ്പ്.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞതു കേട്ടപ്പോള്‍ ദേഹമാകെ കോരിത്തരിച്ചു. സെക്രട്ടറിയേറ്റില്‍ പത്രക്കാരെ കയറ്റാറില്ല. മന്ത്രിമാരുടെ ഓഫീസില്‍ നിന്നു വിളിച്ചു പറഞ്ഞാലേ കണ്‍ടോണ്‍മെന്‍റ് ഗേറ്റിലെ പോലീസ് അകത്തേക്കു കടത്തൂ. ക്യാമറയുണ്ടോ എന്നൊരു ചോദ്യവുമുണ്ട്. സ്വന്തം വീട്ടില്‍ കയറ്റാത്തവര്‍ക്ക് നാടാകെ സ്വാതന്ത്ര്യമെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണ് നയപ്രഖ്യാപനമേ ?

Advertisment