Advertisment

പൂര്‍വ്വകാല ധനമന്ത്രിമാര്‍ക്കിടയില്‍ ബാലഗോപാല്‍ വ്യത്യസ്തനാകുന്നത് യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിയാണ്; പത്തിരുപതു കൊല്ലത്തിനിടയിലെ കേരള സാമ്പത്തിക ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ഏക ബജറ്റ് ഇത് മാത്രമാണ്‌ ! ബാക്കിയൊക്കെ സുഖിപ്പിക്കല്‍ ബജറ്റുകളായിരുന്നു, വല്ലവന്‍റെ പന്തിയിലെ വിളമ്പലുകളായിരുന്നു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

എണ്ണവില കുറക്കും എന്നു പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാല്‍ പിന്നെ ഇലക്ട്രിക് വാഹനം വാങ്ങാം എന്നുവച്ചാല്‍ അതിന്‍റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറണ്ട് ചാര്‍ജും കൂട്ടി. വീട്ടില്‍ വെറുതേ ഇരിക്കാം എന്നു വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി. വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ അടച്ചിട്ട വീടിന് പ്രത്യേക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ ന്യായവില 20 ശതമാനം കൂട്ടി. ഇതൊക്കെ മറക്കാന്‍ രണ്ടെണ്ണം അടിക്കാമെന്നു വച്ചാല്‍ അതിനും കൂട്ടി.

സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നതാണ് ഈ പോസ്റ്റ്. എനിക്കയച്ചുതന്നത് മനോജ് നൂറനാട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ എതിര്‍ത്തുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഒന്നാണിത്. പത്രമാധ്യമങ്ങളും നിരീക്ഷകരും ബാലഗോപാലിനെ കടിച്ചു കീറുകയാണ്. പ്രതിരോധിക്കേണ്ടവര്‍ മിണ്ടുന്നുമില്ല.


ബാലഗോപാലിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല. എന്നാല്‍ പത്തിരുപതു കൊല്ലത്തിനിടെ കേരള സാമ്പത്തിക ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ഏക ബജറ്റ് ഇതാണെന്ന് ഞാന്‍ പറയുന്നു.


ബാക്കിയൊക്കെ സുഖിപ്പിക്കല്‍ ബജറ്റുകളായിരുന്നു. വല്ലവന്‍റെ പന്തിയിലെ വിളമ്പലുകളായിരുന്നു. ഇവിടെ കടം കൂടിയാലെന്താ, കുളംതോണ്ടിയാലെന്താ എന്‍റെ കോണകം പുരപ്പുറത്തുതന്നെ കിടക്കണമെന്നു ചിന്തിച്ച പൂര്‍വ്വകാല ധനമന്ത്രിമാര്‍ക്കിടയില്‍ ബാലഗോപാല്‍ വ്യത്യസ്തനാകുന്നത് യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിയാണ്.

കേരളം കടക്കെണിയിലാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര ബി.ജെ.പി. സര്‍ക്കാര്‍ പിടലിക്ക് ക്ലിപ്പിട്ടതോടെ ശ്വാസംമുട്ടലുമായി. കാലുപിടിച്ചു ജീവന്‍ നിലനിര്‍ത്തണോ അതോ സ്വന്തം കാലില്‍ നില്‍ക്കാന്‍ നോക്കണോ ? അതായിരുന്നു ബാലഗോപാലിന്‍റെ മുമ്പിലെ വഴികള്‍. രണ്ടാമത്തെ മാര്‍ഗം മന്ത്രി തെരഞ്ഞെടുത്തു.

സ്വന്തം വീടു വിറ്റ് ഖജനാവിലിട്ടാല്‍ തീരുന്നതല്ലല്ലോ നമ്മുട പ്രശ്നം. അതിനാല്‍ പ്രശ്നങ്ങളെ സത്യസന്ധമായി നേരിടുക. അതിനു പണം വേണം. 15 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കായും വരുമാനത്തിന്‍റെ 85 ശതമാനം ശമ്പളത്തിനും പെന്‍ഷനുമായും ചെലവാക്കുന്ന ഒരു വിഢി സംസ്ഥാനമാണു കേരളം. പിന്നെ എങ്ങനെ വികസനം നടക്കും ?

കിഫ്ബിയായിരുന്നു കുറുക്കുവഴി. കെ.എം. എബ്രഹാം എന്ന മുന്‍ ചീഫ് സെക്രട്ടറിയാണ് അതിന്‍റെ സൂത്രധാരന്‍. ഐഡിയ ഈസ് ഗുഡ്; ബട്ട് ലെഗ് ഈസ് മൈന്‍ എന്ന നിലയിലായി, കേന്ദ്രം അതും സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍പ്പെടുത്തിയതോടെ കിഫ്ബിയുടെ കാറ്റും പോയി.

നമ്മുടെ പെന്‍ഷന്‍കാര്‍ കിട്ടിയ പണം ബാങ്കുകളില്‍ നിക്ഷേപിച്ച് ചെറിയ പലിശ വാങ്ങി വന്‍ ലാഭമുണ്ടാക്കാന്‍ ബാങ്കുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഒരിക്കല്‍ ഞാന്‍ മന്ത്രി ബാലഗോപാലിനോടു ചോദിച്ചു. ട്രഷറി നിക്ഷേപങ്ങള്‍ കൂടുതലും സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേതാണ്. ആവശ്യം വരുമ്പോള്‍ സര്‍ക്കാര്‍ 10 ശതമാനത്തിനു വരെ പണം പൊതു കമ്പോളത്തില്‍ നിന്നെടുക്കാറുണ്ട്. ഈ പലിശ ഈ പെന്‍ഷന്‍കാര്‍ക്കു കൊടുത്തുകൂടേ ? കുറെ നാളിനുശേഷം മറുപടിയായി ബാലഗോപാല്‍ പറഞ്ഞു. നല്ല ആശയമായിരുന്നു. കിട്ടുന്ന അധിക പലിശ അവര്‍ (പെന്‍ഷന്‍കാര്‍) ഇവിടെ ചെലവാക്കുമല്ലോ. പക്ഷേ അതും കേന്ദ്രം സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ പെടുത്തിക്കളഞ്ഞു.


എന്നും കടംവാങ്ങി തിന്നു മുടിക്കുന്ന കാരണവരാകരുതല്ലോ കേരള ധനമന്ത്രി. അതിനാല്‍ ഇക്കുറി നികുതി കൂട്ടി. അല്ലാതെന്താ മാര്‍ഗം ? കലഞ്ഞൂരെ കുടുംബഭൂമി വിറ്റു കൊണ്ടുവന്ന് കേരള ഖജനാവില്‍ ഇടണോ ? അങ്ങനെ ചെയ്താല്‍ പിള്ളേര്‍ തെണ്ടും. നന്ദിവാക്കുപോലും ഒരുത്തനും പറയില്ല. അഞ്ഞൂറു രൂപയുടെ മദ്യം വാങ്ങാന്‍ നൂറു രൂപ ഓട്ടോറിക്ഷക്കു മുടക്കുന്ന കുടിയന്‍മാരുള്ള നാടാണിത്. ഇനി ബസില്‍ പോയി കള്ളു വാങ്ങിയാല്‍ മതി. അല്ലെങ്കില്‍ കുടി നിര്‍ത്ത്.


ഭൂമിയുടെ ന്യായവില. കള്ളവിലവച്ചു ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരല്ലേ കൂടുതല്‍. യഥാര്‍ത്ഥ വിലക്കു കാണിച്ചാല്‍ ആദായനികുതിക്കാര്‍ കയറി മേയും. അതിനാല്‍ അധികം കിട്ടുന്നതിന്‍റെ പങ്ക് സര്‍ക്കാരിനു നല്‍കണം. 50 മുതല്‍ 100 ലക്ഷം വരെ കൊടുത്തു ഫ്ലാറ്റു വാങ്ങുന്നവര്‍ 5 ലക്ഷം സര്‍ക്കാരിനു നല്‍കണം. അതു വലിയ അപരാധമാണോ ?

പണ്ട് കെ. കരുണാകരന്‍ ബജറ്റിനെക്കുറിച്ചുള്ള ഒരു രഹസ്യം പറഞ്ഞു. നികുതി കൂട്ടേണ്ടതൊക്കെ കൂട്ടുക. പ്രതിപക്ഷത്തിനും പത്രങ്ങള്‍ക്കും കടിക്കാന്‍ ചില ഇറച്ചിക്കഷണങ്ങള്‍ കൂടി ഇട്ടേക്കണം. ഉപ്പിന്‍റെ വില ഇരട്ടിയാക്കുക. വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കുക. കളിപ്പാട്ടങ്ങള്‍ക്കു നികുതി ഇടുക, അങ്ങനെ. ചര്‍ച്ച അതിന്‍റെ വഴിയേ പോകും. ഒടുവില്‍ ഇതൊക്കെ പിന്‍വലിക്കുക. അതോടെ കനത്ത നികുതിയൊക്ക നടപ്പാക്കാനാകും. ആ ബുദ്ധിയിലാണോ ബാലഗോപാല്‍ പെട്രോളിനു വില കൂട്ടിയതെന്നറിയില്ല.

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കുകയും ആളില്ലാ വീടുകള്‍ക്കുള്ള നികുതി ഒഴിവാക്കുകയും വാഹനങ്ങളുടെ ഒറ്റത്തവണ സെസ് പകുതിയാക്കുകയും ചെയ്താല്‍ ബാക്കിയെല്ലാം പാസാക്കിയെടുക്കാം.

മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞ ഒരുദാഹരണമുണ്ട്. കേരളത്തില്‍ മൂന്നര കോടി ജനം - 1000 രൂപ വച്ച് അവര്‍ക്കു നല്‍കുക. ചെലവ് 3500 കോടി. ഒരു സിനിമ കണ്ട്, കുടുംബത്തോടെ ഹോട്ടലില്‍ പോയി ആഹാരം കഴിച്ച് ഗൃഹനാഥന്‍ ഒരു പയന്‍റ് ബ്രാണ്ടി വാങ്ങുന്നതിലൂടെ 1000 രൂപ തീരും. പക്ഷേ ആ 3500 കോടി എം.എ യൂസഫലിയെ ഏല്‍പ്പിച്ചാലോ പണം പോവുകയുമില്ല, നൂറുകണക്കിനാള്‍ക്കാര്‍ക്ക് സ്ഥിരം ജോലി ലഭിക്കുകയും ചെയ്യും. ഇതാണ് ധനകാര്യ മാനേജ്മെന്‍റ്. എന്തുകൊണ്ടാണ് ബാലഗോപാലിന്‍റെ നികുതികളോട് ജനങ്ങള്‍ക്കിത്ര എതിര്‍പ്പ് ?

മന്ത്രിമാരുടെയും സര്‍ക്കാരിന്‍റെയും ധൂര്‍ത്താണു കാരണം. കെ.വി തോമസ് മുതല്‍ ചിന്ത ജെറോം വരെ പ്രതിപട്ടികയിലുണ്ട്. ക്ലിഫ് ഹൗസിലെ തൊഴുത്തു മുതല്‍ സഹകരണ സംഘങ്ങളില്‍ സഖാക്കള്‍ നടത്തിയ കൊള്ളകള്‍ വരെയുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലും വാട്ടര്‍ അതോറിട്ടിയിലും ട്രഷറിയിലുമൊക്കെ കോടികള്‍ അടിച്ചു മാറ്റിയ കഥകളേറെയുണ്ട്.

ഇ.എം.എസ് 1957 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു. അതുകൊണ്ട് നാട് രക്ഷപെടില്ലെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതൊരു മാതൃകയായിരുന്നു. എത്ര മാതൃകകളാണ്‌ നാം സൃഷ്ടിക്കുന്നത് മന്ത്രിമാരേ ?

Advertisment