കേരളത്തിൽ ഒൻപത് പേരുടെ ജീവനെടുത്ത് കൊറോണ, ചികിത്സയിലുളളത് 577 പേർ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 30, 2020

ആലപ്പുഴ: കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി. ഇന്നലെ രാത്രി മരിച്ച ആലപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. മെയ് 27ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ പാണ്ടനാട് തെക്കേ കപ്ലാശ്ശേരിൽ ടി.ജെ. സ്കറിയ-മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് ജോയിയാണ്​ (39) മരിച്ചത്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നു. ആറ് മാസം മുമ്പാണ് ജോസ് ജോയ് വീണ്ടും ഗൾഫിലേക്ക് പോയത്.

അബുദാബിയിൽനിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ഹരിപ്പാ​ട്ടെ ഒരു ലോഡ്​ജിൽ ക്വാറൻറീനിലായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ സ്രവം പരിശോധനക്ക്​ അയച്ചെങ്കിലും വൈകീട്ട്​ മൂന്നോടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. ഷാർജയിൽ ജോലി ചെയ്തിരുന്ന ജോഷി മാത്യു മെയ് 11നാണ് നാട്ടിലെത്തിയത്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പത്തനംതിട്ടയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇയാൾക്ക് ​ഗുരുതരമായ പ്രമേഹ രോ​ഗവുമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇരുവരുടെയും സംസ്കാര ചടങ്ങുകൾ.

കേരളത്തിൽ ഇന്നലെ 62 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം കണ്ടെത്തിയത് 1,150 പേർക്കാണ്. ഇതിൽ 577 പേരാണ് നിലവിൽ വിവിധ ജില്ലകളിലായി ചികിത്സയിലുളളത്.

×