ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വധശിക്ഷ നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. പ്രതികള്‍ ശിക്ഷയ്ക്ക് കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു.
നാലുപേരുടെയും ശിക്ഷ ഒന്നിച്ചു നടത്തണമെന്നില്ല. ജയില്‍ചട്ടത്തിലെ ഈ വ്യവസ്ഥയെ എതിര്‍ക്കുന്നു. ദയാഹര്‍ജി തള്ളിക്കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കാം. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. കഴിഞ്ഞ ദിവസമാണു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നു കോടതി അവധിയായിരുന്നെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിംഗ് നടത്തി വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് ഉത്തരവിടുകയായിരുന്നു.
കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിംഗിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. പവന്‍ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി.