ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയുന്നതു ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചു. മൂന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് വിധി പറയുന്നത് മാറ്റിയത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റീസ് സുരേഷ് കൈത്താണ് അവധി ദിവസം അടിയന്തര ഹര്‍ജി കേട്ടത്.
പ്രതികള്‍ വധശിക്ഷ നടപ്പാക്കുന്നതു മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ശിക്ഷ ഒരിക്കലും വൈകിപ്പിക്കരുതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടത്താന്‍ കാത്തിരിക്കേണ്ടതില്ലെന്നും ദയാഹര്‍ജി തള്ളപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാമെന്നും തുഷാര്‍ മേത്ത വാദിച്ചു. രാഷ്ട്രപതിക്ക് ഒരോ പ്രതിയുടേയും കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുക്കാന്‍ സാധിക്കും അതിനാല്‍ നാലുപേരുടേയും ശിക്ഷ ഒരുമിച്ച് നടത്തണമെന്ന വ്യവസ്ഥയെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, കേസില്‍ 13-ാം ദിവസമാണ് പ്രതികള് ഹര്‍ജികള്‍ നല്‍കിയത്. ശിക്ഷ വൈകിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ തന്ത്രമാണ് ഇത്. തെലങ്കാനയില്‍ ബലാത്സംഗ കേസിലെ പ്രതികളൈ ഏറ്റുമുട്ടലില്‍ വധിച്ചതും സോളിസി്‌റര്‍ ജനറല്‍ വാദത്തിനിടെ പരാമര്‍ശിച്ചു. പ്രതികള്‍ കൊല്ലപ്പെട്ടപ്പോള്‍ നീതി നടപ്പായതിന് ജനങ്ങള്‍ അത് ആഘോഷിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
എന്നാല്‍, ഈ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ എന്തിനാണ് സര്‍ക്കാരിന് ഇത്ര ധൃതിയെന്ന് പ്രതിഭാഗം വാദിച്ചു. വധശിക്ഷ നടപ്പാക്കാന്‍ ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നീതി നടപ്പാക്കുന്ന കാര്യത്തില്‍ ധൃതി കാണിക്കുന്നത് അതിനെ കുഴിച്ചുമൂടുന്നതിന് സമമാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ എ.പി.സിംഗ് വാദിച്ചു. ജയില്‍ ചട്ടംം 858 പ്രകാരം പ്രതികളെ ഒരുമിച്ച് മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുവെന്നും അദ്ദേഹം വാദിച്ചു.