ന്യൂഡല്‍ഹി: നികുതിദായകരായ ഇടത്തരക്കാരെ 'സോപ്പിട്ട' ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 15 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനക്കാര്‍ക്ക് ആദായനികുതിയില്‍ ഗണ്യമായ ഇളവുനല്‍കി. ഇളവു പ്രതീക്ഷിച്ചിരുന്നെങ്കിലും വരുമാന പ്രതിസന്ധിയില്‍ ഉഴലുന്ന കേന്ദ്രസര്‍ക്കാര്‍ നികുതിദായകരെ കയ്യൊഴിയുമോ എന്ന ശങ്കയുമുണ്ടായിരുന്നു.
പുതിയ നിരക്കുകള്‍ സ്വീകരിക്കുകയോ പഴയപടി തുടരുകയോ ചെയ്യാമെന്ന് ധനമന്ത്രി പറയുന്നു. നികുതിദായകന് നിലവിലുള്ള നികുതി സ്ലാബില്‍ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം. കുറഞ്ഞ പുതിയ നിരക്കുകള്‍ സ്വീകരിക്കുന്നവര്‍ക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളില്‍ 70 ലഭിക്കില്ല. നഷ്ടമാകുന്ന ഇളവുകള്‍ ഏതൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദായനികുതി സ്ലാബുകളും മാറ്റി.
2.5 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതിയില്ല. 2.5 മുതല്‍ അഞ്ചു ലക്ഷം രൂപ വിഭാഗത്തില്‍ അഞ്ചു ശതമാനം നികുതി തുടരും. അഞ്ചു മുതല്‍ 7.5 ലക്ഷം വരെയുള്ള വരുമാനക്കാര്‍ക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 5-10 ലക്ഷം വരുമാന വിഭാഗത്തില്‍ പെട്ടിരുന്നതിനാല്‍ 20 ശതമാനമായിരുന്നു നികുതി.
7.5ലക്ഷം മുതല്‍ 10 വരെയുള്ള വരുമാന വിഭാഗത്തില്‍ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ ഇത് 20% ആയിരുന്നു. പത്തു മുതല്‍ 12.5 ലക്ഷം വരെയുള്ള വരുമാന വിഭാഗത്തില്‍ 20 ശതമാനമാണ് നിരക്ക്. നേരത്തേ ഈ വിഭാഗത്തിന് 30 ശതമാനമായിരുന്നു. 12.5 മുതല്‍ 15 ലക്ഷം വരെയുള്ള വിഭാഗത്തില്‍ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനം. 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനം. 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ള വര്‍ക്ക് ബാധകമായി സെസും സര്‍ച്ചാര്‍ജും തുടരും.
പൂര്‍ണ തോതില്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകര്‍ക്ക് ആദ്യ വിലയിരുത്തലില്‍ പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നേട്ടമുണ്ടാകുമെന്ന്് ബജറ്റില്‍ പറയുന്നു. 15 ലക്ഷം വരുമാനമുള്ളയാള്‍ക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തില്‍ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു.
ഇളവുകളിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും ഇളവുകള്‍ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.