ദേശീയം

സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്നു; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 24, 2021

ഡല്‍ഹി: സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ചെലവു ചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മാസത്തിലാണ് ധനമന്ത്രാലയം ചെലവുചുരുക്കല്‍ നടപടി സ്വീകരിച്ചത്. ചെലവുചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 20 ശതമാനത്തിന് അകത്ത് നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അന്ന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതാണ് പിന്‍വലിച്ചത്. പതിവുപോലെ മാസംതോറും ചെലവഴിക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം അനുമതി നല്‍കി.

×