Advertisment

മോട്ടോര്‍ വാഹന നിയമ നിലപാടില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍: വാഹനനിയമ ലംഘനത്തിനുള്ള പിഴത്തുക എത്രവേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം: പിഴയല്ല ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിന്‍ ഗഡ്കരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തില്‍ ഒടുവില്‍ നിലപാടില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. വാഹനനിയമ ലംഘനത്തിനുള്ള പിഴത്തുക എത്രവേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴയല്ല ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തിയത്.

Advertisment

publive-image

അതേസമയം മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയാരുന്നു. വന്‍ പിഴത്തുക ഈടാക്കുന്നത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി പരിശോധിച്ച ശേഷം സമാനമായ നിലപാടെടുക്കാന്‍ കഴിയുമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.

''വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല'', എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ ഗുജറാത്തില്‍ പുതിയ പിഴസംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നിലപാട് വ്യക്തമാക്കുന്നത്.

മോട്ടോര്‍ വാഹനഭേദഗതി കോണ്‍കറന്റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനും നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

''പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷയുള്ള റോഡുകളുണ്ടാവുക, അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴയാണോ ജീവനേക്കാള്‍ പ്രധാനം? നിങ്ങള്‍ നിയമം ലംഘിച്ചില്ലെങ്കില്‍ പിഴയീടാക്കേണ്ടി വരില്ലല്ലോ?'', ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേ നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്രനിയമം തിരുത്തുന്നതെങ്ങനെ?

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടില്ല.

കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം.

Advertisment