രാവിലെ ആദ്യം ഉണരുന്നത് നിതിനയാണ്, ‘ബിന്ദുക്കുട്ടീ, കാപ്പി റെഡി’... കാപ്പി ഇട്ട ഉടൻ തന്നെ വിളിക്കുന്നത് ഇങ്ങനെയായിരുന്നു; ആ നിമിഷങ്ങൾ ഇനി ബിന്ദുവിനു കൂട്ടിനില്ല, ജോലി കിട്ടിക്കഴിഞ്ഞ് എല്ലാം നോക്കിക്കൊള്ളാമെന്നു ദേവു എപ്പോഴും പറയുമായിരുന്നു, കടബാധ്യതകൾക്ക് ഇടയിലും ബിന്ദുവിന്റെ പ്രതീക്ഷ മകളുടെ ഈ ആത്മവിശ്വാസമായിരുന്നു; അവസാന യാത്രയ്ക്ക് നിതിന എത്തുന്നത് തന്റെ കല്യാണം നടത്തണമെന്ന്  അവൾ ആഗ്രഹിച്ച ബന്ധുവീടിന്റെ മുറ്റത്തേയ്ക്ക്‌ തന്നെ 

New Update

കോട്ടയം:   ‘ബിന്ദുക്കുട്ടീ, കാപ്പി റെഡി’... രാവിലെ ആദ്യം ഉണരുന്നത് നിതിനയാണ്. കാപ്പി ഇട്ട ഉടൻ തന്നെ വിളിക്കുന്നത് ഇങ്ങനെയായിരുന്നു. ആ നിമിഷങ്ങൾ ഇനി ബിന്ദുവിനു കൂട്ടിനില്ല. ബിന്ദു ഇനി തനിച്ചാണ്. നിതിന ചെറുപ്പത്തിൽ വളർന്നതു ബിന്ദുവിന്റെ പിതൃസഹോദരന്റെ മകനായ കുന്നേപ്പടിക്കൽ പൊന്നപ്പന്റെ വീട്ടിലാണ്. തന്റെ കല്യാണം ഈ മുറ്റത്ത് നടത്തണമെന്നു ബന്ധുക്കളോടു അവൾ പറയുമായിരുന്നു. അവസാന യാത്രയ്ക്ക് നിതിന എത്തുന്നതും ഇങ്ങോട്ടു തന്നെ.

Advertisment

publive-image

ജോലി കിട്ടിക്കഴിഞ്ഞ് എല്ലാം നോക്കിക്കൊള്ളാമെന്നു ദേവു എപ്പോഴും പറയുമായിരുന്നു. കടബാധ്യതകൾക്ക് ഇടയിലും അമ്മ ബിന്ദുവിന്റെ പ്രതീക്ഷ മകളുടെ ഈ ആത്മ വിശ്വാസമായിരുന്നു.

ഇന്നലെ രാവിലെ ഒന്നിച്ചാണ് സ്കൂട്ടറിൽ ഇരുവരും കുറുന്തറയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. കോട്ടയം മെഡിക്കൽ കോളജിൽ താൽക്കാലിക ജോലിയിൽ പ്രവേശിക്കാൻ ഇന്നലെ ബിന്ദുവിനു പോകേണ്ടിയിരുന്നു. ഒപ്പം വീടിരിക്കുന്ന സ്ഥലത്തിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ടു ബാങ്കിലും പോകണം. അമ്മയെ ബസ് സ്റ്റോപ്പിലിറക്കി നിതിന പാലായിലേക്കു പോയി.

കുറുന്തറയിൽ സ്ഥലം വാങ്ങിയപ്പോൾ പറ്റിയ അബദ്ധമാണ് ബാങ്കിലെ കടബാധ്യതയിലേക്കു നയിച്ചത്. സ്ഥലത്തിനു വായ്പയുണ്ടെന്ന് അറിയാതെയാണു വാങ്ങിയത്. 2018ൽ വീടുവച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക സേവന പദ്ധതിയുടെ സഹായത്തിലാണു വീടു പണിതത്.

കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ തുന്നി വിറ്റ് ഇരുവരും ജീവിതം തുന്നിച്ചേർക്കാൻ ശ്രമിച്ചു. ഓണാവധിക്കു കോളജ് അടയ്ക്കുമ്പോൾ നിതിന വൈക്കത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കു പോകാൻ തുടങ്ങി. ഓണത്തിനു ശേഷവും ജോലി തുടർന്നു. ജോലി തന്നെയാണു നിതിന കണ്ട ഏറ്റവും വലിയ സ്വപ്നം.

പഠിക്കുന്നത് ഫുഡ് പ്രോസസിങ് ടെക്നോളജി അയതിനാൽ ചെറിയ തോതിൽ കേക്കുകൾ ഉണ്ടാക്കി വിറ്റു പണം ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞാൽ കിട്ടുന്ന ഏതെങ്കിലും പണിക്കു പോകണം, ജീവിത സാഹചര്യം മാറ്റണം, അമ്മയ്ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം... ഇവയൊക്കെയാണ് മകളുടെ സ്വപ്നങ്ങൾ– ബിന്ദു പറഞ്ഞു.

nithina mol
Advertisment