‘അയാള്‍ ഞാനല്ല’: ആരോപണം നേരിടുന്നത് പരമഹംസ നിത്യാനന്ദ, താന്‍ നിത്യാനന്ദ പരമശിവം

ഉല്ലാസ് ചന്ദ്രൻ
Sunday, February 2, 2020

വിവാദ സന്യാസി നിത്യാനന്ദ ഫെയ്‌സ്ബുക്കില്‍ ‘ലൈവ്’ തന്നെ. ശനിയാഴ്ചയും നിത്യാനന്ദ പുതിയ വീഡിയോ ഷെയര്‍ ചെയ്തു. അടുത്തിടെ പുറത്തുവിട്ട വിഡിയോയില്‍ വിചിത്രമായ മറ്റൊരു വാദവും നിത്യാനന്ദ ഉന്നയിക്കുന്നു. ഇതെല്ലാം ചെയ്തതും ഈ ആരോപണങ്ങളൊക്കെ നേരിടുന്നതും പരമഹംസ നിത്യാനന്ദയാണ്.

ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. ഇത്തരത്തില്‍ മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജില്‍ വന്നുകാെണ്ടിരിക്കുന്നത്. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയില്‍ നിത്യാനന്ദ ക്ഷീണിതനായി കാണപ്പെട്ടു.

ഫെയ്‌സ്ബുക്ക് പേജില്‍ നിത്യാനന്ദയെ പിന്തുടരുന്നവരുടെ എണ്ണം പത്തുലക്ഷമാണ്. അതേ പേജില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നു. അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും ഇതേ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ലോകം തേടുന്ന നിത്യാനന്ദ ഒളിവിലിരുന്ന് ഇവിടുത്തെ നിയമത്തെയും നിമയപാലകരെയും വെല്ലുവിളിക്കുമ്പോള്‍ അയാളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പുകയാണ് പൊലീസ്.

നിത്യാനന്ദ ആശ്രമത്തെ അപ്പാടെ മുക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്ന അദ്ദേഹത്തിന്റെ അനുയായികള്‍ ഉന്നയിക്കുന്നത്. ഇക്കൂട്ടത്തില്‍ തന്റെ പെണ്‍മക്കളെ നിത്യാനന്ദ തടവില്‍വച്ചിരിക്കുന്നു എന്ന പരാതി ഏറെ ഗൗരവമുള്ളതായിരുന്നു. വര്‍ഷങ്ങളോളം നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന പിതാവാണ് ഇത്തരത്തില്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് നിത്യാനന്ദ സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഡിയോകള്‍ പങ്കുവച്ചാണ് മറുപടി നല്‍കിയത്.

അദ്ദേഹത്തിന്റെ മകള്‍ തന്നെ ലൈവിലെത്തി അച്ഛന്‍ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ടു. ആറുവര്‍ഷം ആശ്രമത്തില്‍ നിന്നു നേടാനുള്ളതെല്ലാം നേടിയ ശേഷം വ്യാജമായ ആരോപണങ്ങളുമായി അച്ഛന്‍ രംഗത്തെത്തുന്നു എന്നാണ് മകള്‍ വിഡിയോയില്‍ പറയുന്നത്.

അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞ കള്ളത്തരങ്ങള്‍ കേട്ട് തന്റെ ചോര തിളച്ചെന്നും മകള്‍ തുറന്നടിച്ചു. എന്നാല്‍ മകളെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തില്‍ പറയിപ്പിച്ചതെന്ന് വിഡിയോയില്‍ നിന്നുതന്നെ വ്യക്തമാകുമെന്നു പിതാവ് പറഞ്ഞു. പോക്‌സോ അടക്കമുള്ള ആരോപണങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ പിതാവ് ആരോപിക്കുന്നത്.

ഇതേ പിതാവു തന്നെ നിത്യാനന്ദയെ കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ചും ആശ്രമം ആരോപണങ്ങളെ തടയാന്‍ ശ്രമിക്കുന്നു. ഗുരുതരമായി ഹൃദയരോഗത്തില്‍ നിന്നു തന്നെ രക്ഷിച്ചത് നിത്യാനന്ദയാണെന്നും രോഗം ഭേദമായി സ്‌കാന്‍ ചെയ്തപ്പോള്‍ ഹൃദയത്തില്‍ നീലവെളിച്ചം കണ്ടെന്നും അതില്‍ നിത്യാനന്ദയുടെ മുഖമുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്ന വിഡിയോ നിത്യാനന്ദയുടെ അനുയായികള്‍ പുറത്തുവിട്ടു.

×