നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കേരളത്തില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 3, 2021

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കേരളത്തില്‍.

തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി നേതൃത്വത്തോട് ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ തിരികെകൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകും.

സംസ്ഥാന നേതൃത്വത്തോട് തെറ്റി നില്‍ക്കുന്ന ശോഭാ സുരേന്ദന്‍ നാളെ തൃശൂരില്‍ നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും, എന്‍ ഡി എ മുന്നണി യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ദേശീയ അധ്യക്ഷന്, സംസ്ഥാന ബി ജെ പി സ്വീകരണം ഒരുക്കും.

×