നിയമസഭയിലെ അക്രമം – സർക്കാരിന് പ്രഹരമേൽപ്പിച്ചത് പ്രതിപക്ഷനേതാവല്ല, രണ്ടു സാധാരണ പൊതുപ്രവർത്തകരാണ്

പ്രകാശ് നായര്‍ മേലില
Sunday, September 27, 2020

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പി ക്കുന്നത് തടസ്സപ്പെടുത്താൻ അന്നത്തെ പ്രതിപക്ഷം നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി നൽകിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കേരളസർക്കാരിന്റെ ആവശ്യം നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതും നീതിനി ർവ്വഹണത്തിന്റെ മുഖത്ത് അടിയ്ക്കുന്നതിനു തുല്യവുമാണെന്ന് തുറന്നു പറയുകയും ചെയ്തു.

പൊതുജനതാല്പര്യം മുൻനിർത്തി ഈ കേസ് പിൻവലിക്കുന്നുവെന്നായിരുന്നു സർക്കാർ വാദം.ഏതു പൊതുജനമാണ് ഈ ആവശ്യമുന്നയിച്ചത് ? ഏകദേശം രണ്ടരലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അന്ന് ഇടതുപക്ഷ സാമാജികർ തല്ലിത്തകർത്തത്. സത്യത്തിൽ കേസ് പിൻവലിക്കുന്നത്തിനെതിരേ പൊരുതാൻ ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന അന്നത്തെ ഭരണക്കാരും തയ്യറായില്ല. കേസിന്റെ ആദ്യഘട്ടങ്ങളിൽ പ്രതിപക്ഷനേതാവ് മാധ്യമ പ്രസ്താവനകളിലൂടെ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുണ്ടായില്ല.

കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് പ്രഹരമേല്പിച്ചതിനു പിന്നിൽ യഥാർത്ഥത്തിൽ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി അരയും തലയും മുറുക്കി ജനപക്ഷത്തുനിന്ന് പോരാടിയ രണ്ടേ രണ്ടു വ്യക്തികളാണ് National Campaign for People’s Right to Information (NCPR) എന്ന സംഘടനയുടെ ഭാരവാഹികളായ എം.ടി തോമസും പീറ്റർ മ്യാലിപ്പറമ്പിലും.

ഈ കേസുമായി ബന്ധപ്പെട്ട് ഇവരിരുവരും നടത്തിയ പ്രവർത്തനങ്ങൾ വളരെയധികം ശ്‌ളാഘനീയമാണ്‌. അന്നത്തെ ഭരണകക്ഷിയായിരുന്ന ഇന്നത്തെ പ്രതിപക്ഷം കേസ് നടത്തിപ്പിന്റെ ഒരു ഘട്ടത്തിലും വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. രാഷ്ട്രീയക്കാർ തമ്മിലുണ്ടെന്നു പറയപ്പെടുന്ന അന്തർധാരയുടെ പ്രതിഫ ലനമാകാം ഇത്.

കേസ് ദുർബലമാകുന്ന അവസ്ഥയിൽ എം.ടി തോമസും ,പീറ്റർ മാലിപ്പറമ്പിലും സ്വന്തം കയ്യിൽ നിന്നും പണം ചെലവാക്കി തുടർച്ചയായി തിരുവനന്തപുരം ,എറണാകുളം കോടതികളിൽപ്പോയി കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ നീതിപീഠം നൽകിയി രിക്കുന്ന ശക്തമായ ഈ വിധി.

തോമസ് കോട്ടയം പെരുവ – മുളക്കുളം സ്വദേശിയും ഫെഡറൽ ബാങ്കിൻ്റെ മുൻ റിജയണൽ മാനേജ രുമായിരുന്നു. കടുത്തുരുത്തി സ്വദേശിയായ .പീറ്റർ പൊതുപ്രവർത്തകനും കിലയുടെ മുൻ ഫാക്കൽ റ്റിയുമാണ്.ഇവരിരുവരും സംസ്ഥാനത്തുടനീളം വിവരാവകാശ നിയമത്തേപ്പറ്റി ബോധവൽക്കരണ പരി പാടികൾ സംഘടിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.

വാദിയായി സർക്കാരും പ്രതികളായി 6 എം.എൽ.എ മാരും ഉൾപ്പെട്ട ഈ കേസിൽ കക്ഷികളൊന്നുമല്ലാത്ത എം.ടി തോമസും പീറ്റർ മാലിപ്പറമ്പിലും , കേസ് ഒരു കാരണവശാലും അവസാനിപ്പിക്കാൻ പാടില്ലെന്നും പൊതുമുതൽ നശിപ്പിച്ച നിയമസഭാ സാമാജികർ ശിക്ഷിക്കപ്പെടേണ്ടതും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കേണ്ടതാണെന്നും കാണിച്ച് ഹൈക്കോടതിയിൽ ഫയൽ ചെയ്ത OP യിൽ ,interveners ( ഇടപെടലുകാർ ) ആയ ഇവർക്ക് ഈ കേസിൽ ഒരുതരത്തിലും ഇടപെടാൻ അധികാരമില്ലെന്ന പ്രോസി ക്യൂഷൻ വാദം അപ്പാടെ തള്ളിക്കൊണ്ടാണ് കേസ് തുടരാനും വിധിയുമായി മുന്നോട്ടുപോകാനും തിരുവനന്തപുരം സി .ജെ.എം കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

വിധിയിൽ സിജെഎം കോടതി നടത്തിയ താഴെപ്പറയുന്ന പരാമർശങ്ങൾ സാമാജികർക്കൊപ്പം ഓരോ പൗരനും ഉൾക്കൊള്ളേണ്ടതാണ്.

നിയമസഭയിൽ വോട്ട് ചെയ്യാനും, നിയമനിർമ്മാണത്തിൽ പങ്കാളിയാകാനും,ജനങ്ങൾക്കുവേണ്ടി സംസാരിയ്ക്കാനുമെന്നതിലുപരിയായ യാതൊരു പരിരക്ഷയും ഇന്ത്യൻ ഭരണഘടന സാമാജിക‌‌‌ർക്ക് അനുവദിയ്ക്കുന്നില്ല.

രണ്ട് ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടം ശരിയ്ക്കും സർക്കാരിനുണ്ടായ നഷ്ടമല്ല, മറിച്ച് കേരളത്തിലെ നികുതിദായകർക്ക് മൊത്തത്തിൽ ഉണ്ടായ നഷ്ടമാണ്.

പൊതുജനത്തിന്റെ സ്വത്തുക്കളും,പൊതുമുതലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.

പൊതുമുതൽ നശിപ്പിയ്ക്കുന്നവരെ സംരക്ഷിയ്ക്കുകയല്ല മറിച്ച് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ നൽകുക തന്നെ വേണം. ഇവയായിരുന്നു കോടതിവിധിയിൽ പ്രത്യേകമായി പരാമര്ശിക്കപ്പെട്ടിരുന്നത്.

×