കേരളം

” അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു ” ! ശിവന്‍ കുട്ടിമാമന്റെ പ്രകടനം വിക്ടേഴ്‌സ് ചാനല്‍ വഴി സര്‍ക്കാര്‍ കാണുക്കുമോ ? ശിവന്‍കുട്ടി നിയമസഭയില്‍ കയറിയപോലെയെന്ന് പ്രയോഗം വരുമോ ? രണ്ടുദിവസമായി സഭയിലില്ലെങ്കിലും താരം നമ്മുടെ ശിവന്‍കുട്ടി തന്നെ. പുതിയ പ്രതിപക്ഷത്തിന്റെ ആദ്യ സഭാ ബഹിഷ്‌കരണവും ശിവന്‍കുട്ടിയുടെ പേരില്‍ തന്നെ ! തര്‍ക്കം തുടര്‍ന്നാല്‍ ആരൊക്കെ ‘എന്റെ സിവനേ’യെന്ന് വിളിക്കും. നിയമസഭയില്‍ ഇന്ന് നടന്നത് ഇങ്ങനെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 29, 2021

തിരുവനന്തപുരം: സഭയിലെ ഇന്നത്തെ തര്‍ക്കം 2015 മാര്‍ച്ച് 13 കറുത്തവെള്ളിയോ വെളുത്തവെള്ളിയോ എന്നായിരുന്നു. എന്തായാലും അന്നു അതു ഇരുകക്ഷികളും ചേര്‍ന്ന് ദുഖവെള്ളിയാക്കിയെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് ഒരു സംശയവുമുണ്ടാകില്ല. ഇന്നു ചോദ്യോത്തര വേള ശാന്തമായിരുന്നെങ്കിലും വരാനിരുന്ന കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു.

കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പിടി തോമസാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പതിവുപോലെ മുഖ്യമന്ത്രിയുടെ മറുപടിയും പ്രമേയാവതരണാനുമതിയും നിഷേധിക്കപ്പെട്ടു. പ്രക്ഷുബ്ദമായ രാഷ്ട്രീയ അന്തരീക്ഷം കഴിയുമ്പോള്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുമെന്നു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം.

എന്നാല്‍ പ്രമേയാവതരണത്തില്‍ പിടി തോമസ് കത്തിക്കയറി. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ എന്നതിന് പകരം, ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നുള്ളതാണ് പുതുമൊഴിയെന്ന് പിടി തോമസ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെട്ട നിയമസഭ കയ്യാങ്കളി കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

സാക്ഷര കേരളമെന്ന നാടിന്റെ യശസ്സ് ലോകത്തിന് മുന്നില്‍ സിപിഎം കളങ്കപ്പെടുത്തി. വിദ്യാഭ്യാസമന്ത്രിയും ബഹുമാന്യനായ മുന്‍ സ്പീക്കറും ചേര്‍ന്ന് സഭയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും പിടി തോമസ് പറഞ്ഞുവച്ചു. തെരുവ് ഗുണ്ടകളെ നാണിപ്പിക്കും വിധമാണ് സിപിഎമ്മുകാര്‍ സഭയില്‍ പെരുമാറിയതെന്നു പിടി പറഞ്ഞതോടെ ട്രഷറി ബെഞ്ച് ഇളകി മറിഞ്ഞെങ്കിലും പിടി കുലുങ്ങിയില്ല.

കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഉദ്ധരിച്ച് ”ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു” പിടി പറഞ്ഞപ്പോള്‍ ആ രംഗം മനസില്‍ കണ്ട മലയാളികളൊന്നടങ്കം അതു ശരിവച്ചു. ശിവന്‍കുട്ടിയുടെ പ്രകടനം വിക്ടേഴ്‌സ് ചാനലിലൂടെ കാട്ടിയാല്‍ കുട്ടികള്‍ ശിവന്‍കുട്ടി മാമനെ അനുകരിച്ചേക്കുമെന്നും പിടി പരിഹസിച്ചു.

ആശാനക്ഷരമൊന്ന് പിഴച്ചാല്‍ എന്ന ചൊല്ല് പിണറായിയും ശിവന്‍കുട്ടിയെയും പറ്റിയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ മാതൃകയാക്കാന്‍ കഴിയുമോയെന്നും പിടി ചോദിച്ചു. എന്നാല്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി രാജിയാവശ്യം പാടെ തള്ളി.

ബിഹാര്‍ നിയമസഭയിലെ ലാത്തിച്ചാര്‍ജും മറ്റുനിയമസഭകളിലെ തല്ലുമൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാമോയിലിന്‍ കേസ് പിന്‍വലിച്ചതൊക്കെ മുഖ്യമന്ത്രി സഭയില്‍ കൊണ്ടുവന്നു. മുഖ്യമന്ത്രിക്ക് ഉരുളയ്ക്ക് ഉപ്പേരിയെന്ന നിലയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സഭാ നടപടികള്‍ ബഹിഷ്‌കരിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

എന്തായാലും നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് നന്നായെന്നു തന്നെയാണ് സര്‍ക്കാരിന്റെ തോന്നല്‍. വരും ദിവസങ്ങളിലും ശിവന്‍കുട്ടി തന്നെയാകും സഭയിലെ താരം.

×