/sathyam/media/post_attachments/126FaRm4CGt89O9j7enw.jpg)
കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മൃഗസ്‌നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ പരിഹസിച്ചു. മേഖലയില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ രംഗത്തുവന്നിരുന്നു. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം. പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us