/sathyam/media/post_attachments/31gJEIJwAP70Qo805sgI.jpg)
ടെക്‌സസ്: 150 വര്‍ഷത്തിനിടെയിലെ കൊടുംശൈത്യത്തില്‍ വലഞ്ഞ് യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ടെക്‌സസിലാണ് സ്ഥിതി രൂക്ഷം. കൊടുംശൈത്യത്തില്‍ വിവിധ പ്രദേശങ്ങളിലായി ഇരുപതിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ വിജനമാണ്. വ്യാപാരസ്ഥാപനങ്ങളും അടച്ചു. ഡാലസില്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് താപനില. ബുധനാഴ്ച പുലര്‍ച്ചെ ഇത് മൈനസ് ആറു ഡിഗ്രിയായിരുന്നു.
വിവിധ നഗരങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചത് ജനജീവിതം താറുമാറാക്കി. ഹൂസ്റ്റണിലെ 13 ലക്ഷത്തിലധികം നഗരവാസികള്‍ക്കും വൈദ്യുതിയില്ലെന്നാണ് റിപ്പോര്‍ട്ട്. 28 ലക്ഷം ടെക്‌സസ് നിവാസികള്‍ക്കും വൈദ്യുതി മുടങ്ങി. ടെക്‌സസിലെ കൂറ്റന്‍ കാറ്റാടിയന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞത് വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയായി.
/sathyam/media/post_attachments/lIRH7itSHHJ41HbZrSPS.jpg)
വെര്‍ജീനിയ, മിസിസിപ്പി തുടങ്ങിയ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ സ്ഥിതി മോശമായേക്കാമെന്നും അതിശൈത്യം ഈ ആഴ്ച അവസാനം വരെ തുടരുമെന്നുമാണ് മുന്നറിയിപ്പ്. യുഎസില്‍ സാധാരണ നിലയില്‍ അതിശൈത്യം അനുഭവപ്പെടാറുള്ള പ്രദേശങ്ങളല്ലാത്തതിനാല്‍ തന്നെ ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങളില്ലാത്തതും തിരിച്ചടിയായി.
അതിശൈത്യം വാക്‌സിന്‍ വിതരണത്തിനടക്കം തടസം സൃഷ്ടിക്കുകയാണ്. ആവശ്യത്തിന് വെള്ളമില്ലെന്ന പരാതി ആശുപത്രികളില്‍ നിന്നും ഉയരുന്നുണ്ട്. ഗതാഗതങ്ങളടക്കം നിലച്ചതോടെ പലരും ഒറ്റപ്പെട്ട നിലയിലാണ്.
മലയാളികളടക്കം നിരവധി പേരാണ് ഈ പ്രതികൂലഘട്ടത്തിലൂടെ കടന്നുപോകുന്നത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം ഐസെടുത്ത് ഉരുക്കിയാണ് പലരും ആവശ്യങ്ങള്‍ക്കുള്ള വെള്ളം കണ്ടെത്തുന്നത്. അതിശൈത്യം ഇനിയും തുടര്‍ന്നാല്‍ എങ്ങനെ അതിജീവിക്കാനാകുമെന്നാണ് ഇവരുടെ ആശങ്ക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us