ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; മന്ത്രിസ്ഥാനം തെറിക്കും

author-image
Charlie
Updated On
New Update

publive-image

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ നഖ്‌വി കേന്ദ്ര മന്ത്രിസഭയില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായി.

Advertisment

റാംപൂരില്‍ ഘനശ്യാം ലോധിയെയും അസംഗഢില്‍ ദിനേശ് ലാല്‍ യാദവിനെയുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. യു.പിയില്‍ എസ്.പിയുടെ അഖിലേഷ് യാദവും അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവു വന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നു.

ഘനശ്യാം ലോധി മുന്‍ എസ്.പി നേതാവാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും അഴിമതി ആരോപണവും നടത്തിയായിരുന്നു ഘനശ്യാം പാര്‍ട്ടി വിട്ടത്. ദിനേശ് ലാല്‍ യാദവ് ബോജ്പുരി നടന്‍ കൂടിയാണ്. നിരാഹുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ തവണയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ബി.ജെ.പി മത്സരിപ്പിച്ചിരുന്നതും ദിനേശിനെയായിരുന്നു.

അതേസമയം, മുക്താര്‍ അബ്ബാസ് നഖ്‌വിയെ റാംപൂരില്‍നിന്ന് മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. മൂന്നു തവണ രാജ്യസഭാ അംഗമായി സേവനമനുഷ്ഠിച്ച നഖ്‌വി അടുത്തിടെയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ അടക്കമുള്ള നേതാക്കന്മാര്‍ക്ക് ഒരിക്കല്‍കൂടി ബി.ജെ.പി രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും നഖ്‌വിയെ പരിഗണിച്ചിരുന്നില്ല. പകരം രാംപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്‌ പാര്‍ലമെന്റില്‍ എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും അദ്ദേഹം പുറത്തായതോടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇതോടൊപ്പം, വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ബി.ജെ.പി മാറ്റിയിരുന്നു. നിയമസഭാ അംഗമല്ലാത്ത മാണിക് സാഹയെയാണ് പകരം നിയമിച്ചത്. ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ടൗണ്‍ ബോര്‍ഡോവാലി മണ്ഡലത്തിലാണ് മണിക് സാഹയെ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം അഗര്‍ത്തലയില്‍ അശോക് സിന്‍ഹ, സുര്‍മയില്‍ സ്വപ്‌ന ദാസ് പോള്‍, ജുബരാജ് നഗറില്‍ മലീല ദേബ്‌നാഥ്, ആന്ധ്രപ്രദേശിലെ ആത്മികൂറില്‍ ഭരത് കുമാര്‍ യാദവ്, ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ രാജേഷ് ഭാട്ടിയ, ജാര്‍ഖണ്ഡിലെ മന്ദറില്‍ ഗംഗോത്രി കുജൂര്‍ എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment