/sathyam/media/post_attachments/YIQeZ5q9kDNc2sg7c0gq.jpg)
'None Of The Above' അതാണ് നോട്ട (NOTA). തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീനിൽ മറ്റുള്ളവയെപ്പോലെ പ്രമുഖമായ സ്ഥാനമലങ്കരിക്കുന്ന ഈ ബട്ടണിൽ വിരലമർത്തുന്ന വോട്ടർമാരുടെ വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കുകയില്ല.
നോട്ടയിൽ വോട്ടു രേഖപ്പെടുത്തുന്ന വ്യക്തിക്ക് അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയിലും താൽപ്പര്യമില്ല എന്നതാണർത്ഥം.
ആര്‍ടിഐ പോലെതന്നെ വളരെക്കാലമായി രാജ്യത്തുയർന്നുവന്ന പൊതുജനാഭിപ്രായത്തിന്റെ ഭാഗമായി 2013 സെപ്റ്റംബർ 27 ന് സുപ്രീം കോടതിയാണ് നോട്ട എന്ന ഈ അവകാശം പൗരന്മാർക്ക് നൽകിയത്.
ഇതോടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ ആദ്യ രണ്ടുകൊല്ലക്കാലത്തെ പ്രകടനം നിലവാരത്തിനൊത്തുയരുന്നില്ലെന്ന് പൗരൻന്മാർക്ക് ബോദ്ധ്യമായാൽ അയാളെ മടക്കിവിളിക്കാൻ അധികാരം നൽകുന്ന Right To Recall (RTR) നിയമവും രാജ്യത്ത് നടപ്പിൽ വരുത്താനുള്ള ആവശ്യവും വളരെ ശക്തമാണ്.
മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആര്‍ടിആര്‍ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
നോട്ടയിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ ഏറ്റവും കൂടുതലായാൽപ്പോലും അത് വിധിനിർണ്ണയത്തെ ബാധിക്കുന്നില്ല എങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളിൽ ഇതും ചേർക്കപ്പെടുന്നു.
നോട്ട ഒരു പ്രതിഫലനമാണ്, പ്രതിഷേധമാണ്. കൂടുതൽ ആളുകളെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കാൻ നോട്ടയ്ക്ക് കഴിയുന്നുണ്ട് എന്നത് വസ്തുതയാണ്.
2014 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പല സ്ഥാനാർത്ഥികളുടെയും ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് നേടാനായത് വലിയൊരു സൂചനയാണ്. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെ സംഭവിച്ചു. പരസ്പ്പരം മത്സരിക്കുന്ന രണ്ടു മുന്നണികൾ എന്ന രീതിക്ക് NOTA ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നു.
2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 118 മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസ്സും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് നോട്ടയ്ക്കായിരുന്നു. 2018 ലെ കർണ്ണാടക തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളായ സിപിഎം, ബിഎസ്‌പി എന്നിവയെക്കാൾ കൂടുതൽ വോട്ടുനേടിയതും നോട്ട തന്നെയാണ്.
2018 ലെ മദ്ധ്യപ്രദേശ് തീരഞ്ഞെടുപ്പിൽ ബിജെപി യും കോൺഗ്രസ്സും തമ്മിലുള്ള വോട്ടുകളുടെ അന്തരം 0.1% ആയിരുന്നപ്പോൾ അവിടെ നോട്ട ക്ക് ലഭിച്ചത് 1.4 % വോട്ടുകളാണ്.
ഉദാഹരണത്തിന് ഗ്വാളിയാറിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന നാരായൺ സിംഗ് ഖുശ്വാഹ തോറ്റത് വെറും 121 വോട്ടുകൾക്കാണ്. അവിടെ നോട്ട നേടിയത് 1550 വോട്ടുകൾ. അതിൽ ഭൂരിഭാഗവും സിറ്റിംഗ് എംഎല്‍എയ്ക്ക് ലഭിക്കേണ്ടതായിരുന്നു.
2014 ൽ 2ജി സ്പെക്ട്രം അഴിമതി ആരോപിതനായിരുന്ന എ രാജ തോറ്റപ്പോൾ അവിടെ മൂന്നാമത്തെ ശക്തിയായി നോട്ട മാറിയിരുന്നു. അഴിമതിക്കെതിരെയുള്ള ജനരോഷമായാണ് അത് കണക്കാക്കപ്പെടുന്നത്.
2019 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 1.04 % വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. ഈ വോട്ടുകൾ പല സ്ഥാനാർത്ഥികളുടെയും പരാജയത്തിന് കാരണമായി എന്നത് യാഥാർഥ്യമാണ്. ബീഹാറിലും ആസ്സാമിലും ഇത് 2.08 % ആയി മാറി.
2018 ൽ മഹാരഷ്ട്രയിൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ജയിച്ച സ്ഥാനാർഥി യെക്കാൾ കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിക്കുകയുണ്ടായി.
നോട്ടയിൽ ഇനിയും താഴെപ്പറയുന്ന പല മാറ്റങ്ങളും വരുത്തേണ്ടതാണെന്ന ചർച്ചകളും സജീവമാണ് :-
1. ആകെ പോൾ ചെയ്ത വോട്ടുകളിൽ നോട്ടയ്ക്ക് ഭൂരിപക്ഷം വന്നാൽ പുതിയ സ്ഥാനാർത്ഥികളെ നിർത്തി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക അല്ലെങ്കിൽ ആ മണ്ഡലത്തിൽ ഗവർണ്ണർ ഭരണം ഏർപ്പെടുത്തുക.
2. വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ടിവന്നാൽ അതിനുള്ള മുഴുവൻ ചെലവും രാഷ്ട്രീയ പാർട്ടികളിൽ നിന്നോ മത്സരിച്ചവരിൽ നിന്നോ ഈടാക്കണം.
3. നോട്ടയുമായി മത്സരിച്ചു തോൽക്കുന്ന സ്ഥാനാർത്ഥികളെ അടുത്ത 6 വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ നിന്നും വിലക്കണം.
4. നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത മണ്ഡലങ്ങളിലും നോട്ട യെക്കാൾ കുറവ് വോട്ടു ലഭിക്കുന്ന സ്ഥാനാർത്ഥി കൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തണം.
രാഷ്ട്രീയത്തിലെ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും കുതിരക്കച്ചവടങ്ങളും അധികാര വടംവലികളും ജാതി മത പ്രീണനകളും ഒക്കെ ജനം വീക്ഷിക്കുകയും ഓരോരുത്തരെയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ജനങ്ങളെയൊന്നാകെ ഏതെങ്കിലും പുകമറ സൃഷ്ടിച്ചു വരുതിയിലാക്കാം എന്ന വ്യാമോഹം അധികനാൾ നടക്കുമെന്നു തോന്നുന്നില്ല. വിദ്യാസമ്പന്നരായ വളർന്നുവരുന്ന യുവതലമുറയെ കബളിപ്പിക്കാനാകുമെന്ന തോന്നൽപോലും മൗഢ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us