അന്തര്‍ദേശീയം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കാനൊരുങ്ങുന്ന നോവവാക്സ് വാക്സീന് 90% ഫലപ്രാപ്തി; വകഭേദങ്ങൾക്കെതിരെയും ഫലപ്രദം

ന്യൂസ് ബ്യൂറോ, യു എസ്
Tuesday, June 15, 2021

വാഷിങ്ടൻ: കോവിഡിനെതിരായ യുഎസ് വാക്സീൻ നോവവാക്സ് 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കമ്പനി നടത്തിയ പഠനം. മിതമായ, ഗുരുതരമായ രോഗത്തിനെതിരെ 100% ഫലപ്രദമാണെന്നും ആകെ രോഗത്തിനെതിരെ 90.4% പ്രതിരോധമുണ്ടെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വൈറസ് വകഭേദങ്ങൾക്കെതിരെയും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലാണ് നോവവാക്‌സിന്റെ വാക്‌സിൻ സംബന്ധിച്ച് പഠനം നടന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സിന്റെ വാക്‌സിൻ സ്റ്റോർ ചെയ്യുന്നതും, വിതരണം ചെയ്യുന്നതും താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ പ്രതിസന്ധിക്ക് നോവവാക്‌സ് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേര്‍ പങ്കാളികളായെന്നും നോവവാക്‌സ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു.

അംഗീകാരം ലഭിച്ചാൽ മാസം 100 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനാകും ശ്രമിക്കുക. ഈ വർഷം അവസാനത്തോടെ 150 മില്യൺ ‍ഡോസുകൾ മാസംതോറും ഉത്പാദിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു. 2 – 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും.

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോവവാക്സ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനായി പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

×