അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കും: അമിത് ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ദില്ലി: അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂ.

രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ റജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാൻ പൂർവോദയ 2019’ എന്ന സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയർന്നതിനെത്തുടർന്ന്, അസം ബിജെപി വിഷയത്തിൽ നിയമനിർമാണത്തിനൊരുങ്ങുകയാണ്.

ഇതിനിടയിലും ആ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി ഉപേക്ഷിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം.

 

×