നഴ്സുമാരുടെ അവകാശ നിഷേധത്തിനെതിരെ യു എൻ എ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 12, 2020

ന്യൂഡല്‍ഹി: കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായി PSC അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന യോഗ്യതകളിൽ ഒന്ന് പ്ലസ് ടു സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കുക എന്നതും മറ്റൊന്ന് കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുക എന്നതുമാണ്.

എന്നാൽ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ എവിടെയും ജനറൽ നഴ്സിംഗ് കോഴ്സ് പഠിക്കാൻ പ്ലസ് ടു സയൻസ് നിർബന്ധമില്ല. ആയതിനാൽ ധാരാളം കുട്ടികൾ പ്ലസ്ടുവിന് സയൻസ് ഇത്തരവിഷയങ്ങൾ പഠിച്ച് പിന്നീട് ജനറൽ നഴ്സിംഗ് പഠിച്ചവരായി ഉണ്ട്. കേരളത്തിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ പഠിച്ചവരും ഇത്തരത്തിൽ ധാരാളം പേർ ഉണ്ട്. എന്നാൽ ഇവർക്കാർക്കും കേരള സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.

സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ ബയോളജി വേണമെന്ന് നിർബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. കാരണം കമ്പ്യൂട്ടർ സയൻസ് പഠിച്ചവരെ PSC അംഗീകരിക്കുന്നുണ്ട്. കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ഇല്ലാത്ത എന്ത് അയോഗ്യതയാണ് മറ്റ് ഗ്രൂപ്പുകൾ പഠിച്ചവർക്ക് ഉള്ളതെന്നത് ആശ്ചര്യകരമാണ്…

അതുപോലെ തന്നെ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്താൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യാം എന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിന് അപേക്ഷിക്കാൻ കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ വേണം എന്ന നിബന്ധന. ഇതുമൂലം ആയിരക്കണക്കിന് പേർക്കാണ് അപേക്ഷിക്കാൻ കഴിയാതെ പോകുന്നത്…

കേരളത്തിൽ 2007 ന് മുൻപ് വരെ സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു സയൻസ് നിർബന്ധമല്ലായിരുന്നു. കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമില്ലായിരുന്നു. പ്ലസ് ടു സയൻസ് പഠിക്കാത്ത നിരവധി പേർ 2007 ന് മുൻപ് സർവീസിൽ കയറി സുസ്ത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നുണ്ട്. കൂടാതെ ലോകത്ത് ഒരിടത്തും കേന്ദ്രത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്ലസ് ടുവിന് സയൻസ് പഠിച്ചിരിക്കണം എന്നൊരു നിബന്ധന സ്റ്റാഫ്‌ നഴ്‌സ്‌ ജോലിക്ക് അപേക്ഷിക്കാനായി ആവശ്യമില്ല.. കേരളത്തിൽ തന്നെ ESI, ശ്രീചിത്ര, RCC എന്നിവിടങ്ങളിലും ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ടിലും അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ പ്ലസ് ടു സയൻസ് പഠിക്കാത്ത ധാരാളം നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.

ആയതിനാൽ മേൽപ്പറഞ്ഞ നിബന്ധനകൾ വിവേചനവും ഭരണഘടനാ വിരുദ്ധവുമാണ് എന്നും അടിയന്തിരമായി ഇവ പിൻവലിച്ച് എല്ലാ വിഭാഗം പ്ലസ് ടു കഴിഞ്ഞവർക്കും ഏത് സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നും യു എൻ എ ആവശ്യപ്പെട്ടു . ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു എൻ എ കേരളാ മുഖ്യമന്ത്രിക്ക് കത്തയക്കും.

×