ഒ.രാജഗോപാല്‍ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയോ എന്ന് അമിത് ഷായ്ക്ക് സംശയം! രാജഗോപാല്‍ ബി.ജെ.പിയില്‍ നിന്ന് പുറത്തേക്ക്;? കേന്ദ്രത്തെ ധിക്കരിച്ചതിന് നടപടിയുണ്ടാവും;

New Update

ന്യുഡല്‍ഹി/ തിരുവനന്തപുരം:  കാര്‍ഷിക നിയമം  കേന്ദ്രത്തിനെത്തിരായ പ്രമേയത്തെ അനുകൂലിച്ച ഒ.രാജഗോപാലിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയേക്കും?. മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിന് എതിരായ നിയമസഭാ പ്രമേയത്തെ അനുകൂലിച്ച് സഭയ്ക്കുള്ളിലും പുറത്തും നിലപാട് സ്വീകരിച്ച പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായെന്നാണ് കരുതുന്നത്.

Advertisment

publive-image

സി.പി.എമ്മുമായി രാജഗോപാല്‍ ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയോ എന്ന് കേന്ദ്രനേതൃത്വം സംശയിക്കുന്നു. നിയമസഭാ പ്രസംഗത്തില്‍ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ രാജഗോപാല്‍ തയ്യാറാകാതിരുന്നതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ രാജഗോപാലിനോടും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടും വിശദീകരണം തേടുമെന്നും അറിയുന്നു. രണ്ടും കല്‍പ്പിച്ചുള്ള രാജഗോപാലിന്റെ നിലപാടും പിന്നീടുള്ള മറുപടികളും പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിക്കുകയും ചെയ്യുന്നു.

കര്‍ഷകസമരം കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും രാജേഗാപാലിന്റെ നിലപാട് കടുത്ത വെല്ലുവിളിയും നാണക്കേടുമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള നിയമസഭയിലെ ഏക പാര്‍ട്ടി അംഗമായ രാജഗോപാല്‍ മുമ്പ് പല തവണ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരായി നിയമസഭയില്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയത്തെയും അദ്ദേഹം അനുകൂലിച്ചിരുന്നു. സഭയുടെ പൊതുവികാരത്തെ താന്‍ മാനിച്ചുവെന്ന രാജഗോപാലിന്റെ നിലപാട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രമമയം പാസാക്കുന്നതിനു മുമ്പായി വോട്ടിംഗ് ആവശ്യപ്പെടാതിരുന്നത് ഗുരുതരമായ അച്ചടക്കലംഘനമായാണ് ബി.ജെ.പി വിലയിരുത്തുന്നത്. രാജ്യസഭ അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഒരു മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരമൊരു പിഴവ് വന്നതില്‍ കടുത്ത അമര്‍ഷമാണ് കേന്ദ്ര നേതൃതവത്തിനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പരസ്യമായി അപമാനിക്കുന്നതിന് തുല്യമായ നടപടിയാണ് രാജഗോപാലിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഒരു മാസമായി നടക്കുന്ന കര്‍ഷക സമരത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ദേശീയ തലത്തില്‍ തന്നെ നാണക്കേടായിരിക്കുകയാണ് രാജഗോപാലിന്റെ നിലപാട്.

പ്രമേയത്തോടുള്ള തന്റെ പിന്തുണ പാര്‍ട്ടി വിരുദ്ധമാണെങ്കിലും പ്രശ്‌നമില്ലെന്ന രാജഗോപാലിന്റെ തുറന്നു പറച്ചില്‍ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിനെ വെല്ലുവിളിക്കുന്ന സമീപനത്തോട് കേന്ദ്ര നേതൃത്വം പൊറുക്കുമെന്ന് തോന്നുന്നില്ല. പാര്‍ട്ടിക്കുള്ളിലെ നേരിയ എതിര്‍പ്പുകള്‍ പോലും അടിച്ചൊതുക്കുന്ന മോദിയും അമിത്ഷായും രാജഗോപാലിനോട് മൃദുസമീപനം സ്വീകരിക്കുമെന്ന് ആരും കരുതുന്നില്ല.

സഭയിലെ പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട രാജഗോപാല്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധമാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. സഭയിലെ പൊതുനിലപാടിനൊപ്പം താന്‍ നിന്നതെന്ന് പറയുന്നത് തന്നെ ബി.ജെ.പിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അതിലുപരി തന്റെ നിലപാട് പാര്‍ട്ടി വരുദ്ധമാണെങ്കിലും അതില്‍ പ്രശ്‌നമില്ലെന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിന് പിന്നില്‍ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്നാണ് ബി.ജെ.പിക്കുള്ളിലെ അടക്കം പറച്ചില്‍.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ പിണറായി സര്‍ക്കാരിനെ നിയമസഭയില്‍ തുറന്നെതിര്‍ക്കാനോ പാര്‍ട്ടിയുടെ നയം ഉറക്കെ പ്രഖ്യാപിക്കാനോ രാജഗോപാല്‍ ഇതേവരെയും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജനസംഘത്തിന്റെ കാലം മുതല്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന രാജഗോപാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വിശദീകരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ബി.ജെ.പിയുടെ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങള്‍.

സംസ്ഥാന ബി.ജെ.പിയില്‍ മാസങ്ങളായി തുടരുന്ന വിഭാഗീയതയുടെ പ്രതിഫലനമാണോ സംഭവത്തിനു പിന്നിലെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം സംശയിക്കുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനുമായി ഇടഞ്ഞ് നില്‍ക്കുന്ന രാജഗോപാലും കൂട്ടരും കേന്ദ്ര നേതൃത്വത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും കരുതപ്പെടുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ പരസ്യമായി രാജഗോപാല്‍ പിന്തുണച്ചിരുന്നു. പാര്‍ട്ടിയുടെ ഏക എം.എല്‍.എ കേന്ദ്ര സര്‍ക്കാരിനെ നാണം കെടുത്തിയെന്ന ആരോപണത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വമുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പിണറായി സര്‍ക്കാരിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയുള്ള രാജഗോപാലിന്റെ നിലപാട് കേന്ദ്ര നേതൃത്വത്തിന്കനത്ത തിരിച്ചടിയായിട്ടുണ്ട്.

Advertisment