ട്രംപ് കൊവിഡ് 19 കൈകാര്യം ചെയ്യുന്ന രീതി കുഴപ്പം നിറഞ്ഞതെന്ന് ഒബാമ; തിരഞ്ഞെടുപ്പില്‍ ജോ ബിഡനെ പിന്തുണക്കണമെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌

New Update

publive-image

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് 19 കൈകാര്യം ചെയ്യുന്ന രീതി ഏറെ കുഴപ്പം നിറഞ്ഞതാണെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ.

Advertisment

തന്റെ ഭരണകാലത്തെ ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ഒബാമ വിമര്‍ശിച്ചത്.

നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബിഡനെ പിന്തുണക്കണമെന്ന് വെള്ളിയാഴ്ച ഒബാമ അലുംനി അസോസിയേഷനിലെ 3000 അംഗങ്ങളുമായി നടത്തിയ കോണ്‍ഫറന്‍സില്‍ ഒബാമ ആവശ്യപ്പെട്ടു.

ജോ ബിഡനു വേണ്ടി പ്രചാരണത്തിനായി താനിറങ്ങുമെന്ന് ഒബാമ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ അമേരിക്കയില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവില്‍ ട്രംപ് മുന്‍ ഒബാമ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.

അതേസമയം, അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പുതുതായി 18039 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1365348 ആയി ഉയര്‍ന്നു. 80178 പേരാണ് മരണപ്പെട്ടത്.

Advertisment