കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിനു താഴെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവം: സൈബർ സെൽ അന്വേഷണം തുടങ്ങി

New Update

publive-image

Advertisment

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിനു താഴെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. ബാലികാദിനത്തിൽ സുരേന്ദ്രൻ മകൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ഇതിനു താഴെ അജ്നാസ് അജ്നാസ് എന്നൊരു അക്കൗണ്ടിൽനിന്നാണ് അശ്ലീല പരാമർശമുണ്ടായത്. സംഭവം വിവാദമായതോടെ ബിജെപി പ്രവർത്തകർ പേരാമ്പ്ര സ്വദേശിയായ അജ്നാസിനെതിരെ പരാതി നൽകുകയും വീട്ടിലേക്കു മാർച്ച് നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് സംഭവത്തില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കി അജ്‌നാസ് രംഗത്തെത്തിയിരുന്നു. ‘അജ്നാസ് ആഷാസ് അജ്നാസ് എന്നതാണ് യഥാർഥ അക്കൗണ്ട്. എന്നാൽ അശ്ലീല കമന്റ് വന്നത് അജ്നാസ് അജ്നാസ് എന്ന അക്കൗണ്ടിൽനിന്നാണ്. പടം തന്റേതു തന്നെയാണ്. അങ്ങനെ ഒരു അക്കൗണ്ട് തനിക്കില്ല.

അക്കൗണ്ട് തുറക്കാൻ അബുദാബിയിൽനിന്ന് ആരോ ശ്രമിക്കുന്നതായി ജനുവരി 13ന് മെസേജ് വന്നതിനെ തുടർന്ന് പാസ്‍വേഡ് മാറ്റി. എന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് വ്യാജ ഐഡിയുണ്ടാക്കിയാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ ലിങ്ക് കിരൺദാസ് എന്നയാളുടേതാണ്. ഇന്ത്യൻ എംബസിയിലും ഖത്തർ പൊലീസിലും നാട്ടിലെ പൊലീസിലും പരാതി നൽകും’– അജ്നാസ് പറഞ്ഞു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ജനുവരി 5ന് തന്നെ ഫറോക്ക് സ്വദേശിയായ ടി.പി.കിരൺദാസ് ഫറോക്ക് സ്റ്റേഷനിൽ ഇമെയിൽ മുഖേനെ പരാതി നൽകിയിരുന്നു. സുരേന്ദ്രന്റെ മകൾക്ക് എതിരെ അശ്ലീല പരാമർശം ഉണ്ടാകുന്നതിനു മുൻപാണ് കിരൺദാസ് പരാതി നൽകിയത്. നടപടിയുണ്ടാകാത്തതിനെ തുടർന്ന് 9ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിക്കും ഫറോക്ക് സിഐക്കും പരാതി നൽകി.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഐഡി ‌ഹാക്ക് ചെയ്തെന്നും അത് ഉപയോഗിച്ചു നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സൃഹൃത്തുക്കൾക്കും മറ്റുള്ളവർക്കും അശ്ലീല കമന്റുകൾ അയച്ചിട്ടുണ്ടെന്നും കിരൺദാസ് പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Advertisment