മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, December 8, 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനാണ് ഇത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹിചര്യമില്ലെന്ന് സാങ്കേതിക സമിതി അംഗമായ ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസിവ് കൺട്രോളർ ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.

ഇന്ത്യയിൽ നിർമ്മിച്ച അംഗീകൃത സ്ഫോടക വസ്തുക്കൾ മാത്രമേ പൊളിക്കൽ ചുമതലയുള്ള കമ്പനികൾക്ക് ഉപയോഗിക്കാനാവുക. പൊളിക്കൽ ദിവസത്തെ കാലാവസ്ഥയും നിർണായകമാവും. ജനുവരി 11,12 തീയ്യതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനിച്ചിരിക്കുന്നത്

മരടിലെ ഫ്ലാറ്റിന് സമീപത്തെ വീടുകളിലുണ്ടായ വിള്ളൽ കണക്കിലെടുത്താണ് പൊളിക്കൽ ചുമതലയുള്ള കമ്പനികള്‍ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിന് പുറമേ എമർജൻസി പ്ലാൻ കൂടി തയ്യാറാക്കാൻ സാങ്കേതിക സമിതി തീരുമാനിച്ചത്. കമ്പനികൾ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിൽ തിരുത്തൽ വരുത്താനും സാങ്കേതിക സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഫ്ലാറ്റുകൾക്ക് സമീപമുള്ള പെട്രോളിയം പൈപ്പ് ലൈനിൽ പൊളിക്കൽ ദിവസം എണ്ണ സംഭരിക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.. ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസിവ് കൺട്രോളർ ഡോ.ആർ.വേണുഗോപാൽ പറഞ്ഞു.

×