വൃദ്ധ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, ഒളിവിലായിരുന്ന ബംഗ്ലാദേശിത്തൊഴിലാളികളെ പിടികൂടി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, November 13, 2019

ചെങ്ങന്നൂര്‍: വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് ബംഗ്ലാദേശിത്തൊഴിലാളികളെ ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടി.കേരള പോലീസ് കൈമാറിയ ലുക്ക് ഔട്ട്‌ നോട്ടീസ് അനുസരിച്ച്‌ ആര്‍.പി.എഫും റെയില്‍വേ പോലീസുമാണ് ലബലു, ജുവല്‍ എന്നിവരെ കുടുക്കിയത്.

വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി (68) എന്നിവരാണ് മരിച്ചത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്ബിപ്പാര കിടപ്പുണ്ടായിരുന്നു.

മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.

×