ഒളിമ്പിക്‌സ്; ഹോക്കിയില്‍ ജപ്പാനെ 5-3 ന് കീഴടക്കി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡസ്ക്
Friday, July 30, 2021

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂള്‍ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാന്‍ മുട്ടുമടക്കിയത്.

കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. 13ആം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി രണ്ടാം മിനിട്ടില്‍ ഗുര്‍ജത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി.

സിമ്രന്‍ജീത് സിംഗിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം ജപ്പാന്‍ തിരിച്ചടിച്ചു. പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് കെന്ററ്റനാകയാണ് ജപ്പാന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

മൂന്നാം ക്വാര്‍ട്ടറിന് മൂന്ന് മിനിട്ട് പ്രായമായപ്പോള്‍ ജപ്പാന്‍ ഇന്ത്യക്ക് ഒപ്പമെത്തി. 33ആം മിനിട്ടില്‍ കോട്ട വടനബെയാണ് ആതിഥേയരുടെ സമനില ഗോള്‍ കണ്ടെത്തിയത്. അടുത്ത മിനിട്ടില്‍ ഇന്ത്യ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. ഷംസെര്‍ സിംഗ് ആണ് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചത്. അവസാന ക്വാര്‍ട്ടറില്‍, 50ആം മിനിട്ടില്‍ ശ്രീജേഷിന്റെ ഇരട്ട സേവുകള്‍ ഇന്ത്യയുടെ ലീഡ് സംരക്ഷിച്ചുനിര്‍ത്തി.

തൊട്ടടുത്ത മിനിട്ടില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. നീലകണ്ഠ ശര്‍മ്മയാണ് ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്. 56ആം മിനിട്ടില്‍ ഇന്ത്യ അഞ്ചാം ഗോളും കണ്ടെത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജന്ത് സിംഗ് നേടിയ ഗോളില്‍ ഇന്ത്യ 5-2നു മുന്നിലെത്തി. കളി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കിനില്‍ക്കെ കസുമ മുറാട്ട ജപ്പാനു വേണ്ടി ഇന്ത്യന്‍ ഗോള്‍വലയം ഭേദിച്ചു. കെന്റ റ്റനാകയുടെ ഗംഭീര അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

×