റിയാദ് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗദി അറേബ്യ എര്പെടുത്തിയ താല്‍കാലിക വിമാന വിലക്ക് മൂലം പ്രതിസന്ധിയിലായ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സൗദിയില്‍ എത്താന്‍ വഴി തെളിയുന്നു ദുബൈ വഴിയുള്ള പ്രവേശനം താത്ക്കാലികമായി മുടങ്ങിയെങ്കിലും ഒമാൻ വഴി സൗദിയിലേക്ക് ഇന്ത്യക്കാർ ഇപ്പോഴും പ്രവേശിക്കുന്നതായി ട്രാവൽ മേഖലയിലുള്ളവർ അറിയിച്ചു.
ഇന്നും കഴിഞ്ഞ ദിവസങ്ങളിലുമെല്ലാം ഒമാനിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ചതായി ട്രാവല്‍ എജന്‍സികള്‍ വക്തമാക്കി. ഇന്ത്യയിൽ നിന്നും യു എ ഇയിൽ നിന്നും സൗദിയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഒമാൻ വഴി ഇന്ത്യക്കാർക്ക് യാത്ര സാധ്യമാകുമോ എന്ന ആശങ്കക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
സാധാരണക്കാരായ പ്രവാസികളെ കൂടി പരിഗണിച്ച് അനുയോജ്യമായ കുറഞ്ഞ പാക്കേജുകൾ ട്രാവൽ ഏജന്റുമാർ ഒരുക്കിയാൽ അത് ആയിരക്കണക്കിനാളുകൾക്ക് ഗുണകരമായേക്കും. മൂന്ന് തരം പാക്കേജ് ആണ് ട്രാവല്‍ ഉടമകള്‍ ഒരുക്കിയിട്ടുള്ളത് തനിച്ച് താമസിക്കാന്‍ , രണ്ടു പേര്‍ ചേര്‍ന്ന് താമസിക്കാനും , മൂന്ന് പേര്‍ക്ക് താമസിക്കുന്ന മുറികള്‍ അതും ഫോര്‍ സ്റ്റാര്‍ സൗകര്യമാണ് ഓഫര്‍ ചെയ്യുന്നത്.
ഇന്ത്യ,ദുബായ് അടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഈ മാസാദ്യം അറിയിച്ചിരുന്നു. ഇന്ത്യ, അർജന്റീന, യു.എ.ഇ, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, അയർലന്റ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, ബ്രിട്ടൻ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, ഫ്രാൻസ്, ലബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതാണ് താൽക്കാലികമായി പൂർണമായും വിലക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും സൗദി പൗരന്മാർക്കും വിലക്ക് ബാധകമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈ വിഭാഗത്തില്‍ പെടാത്ത സാധാരണക്കാരായ ആയിരകണക്കിന് മലയാളികളാണ് ദുബായില്‍ കുടുങ്ങി കിടക്കുന്നത് ,കുറെ പേര്‍ നാട്ടിലേക്കു തിരികെ പോയി ഉള്ളതെല്ലാം വിറ്റ് പെറുക്കി എങ്ങനെയെങ്കിലും സൗദിയില്‍ എത്തി ജോലിയില്‍ പ്രവേശിക്കാന്‍ കാത്ത് നിന്ന നിരവധി പാവങ്ങള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഉടന്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് ഇവരുടെ ആവിശ്യം.