തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് ‘തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
/sathyam/media/post_attachments/jg65bBvYJyAsDc1swTb7.jpg)
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്.
കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് ക്ഷേത്രങ്ങളിലേക്കാണ് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us