Advertisment

കേരളത്തിലെ നീതിമാനായ ഭരണാധികാരിയായിരുന്ന മഹാബലിയെ ദേവന്മാരുടെ ഏജൻ്റായ വാമനൻ ചവിട്ടി താഴ്ത്തിയത് ശരിയാണോ..? വാമനജയന്തിയുടെ ആഘോഷം തന്നെയാണോ ഓണം..? സി പി കുട്ടനാടൻ എഴുതുന്നു

author-image
admin
Aug 29, 2020 17:23 IST
New Update

മലയാളികളുടെ ഗൃഹാതുരത തുളുമ്പുന്ന ആഘോഷമാണ് ഓണം. ദുരിതമായ കർക്കിടകം അവസാനിച്ചു പുതിയ മലയാള വർഷത്തിലേക്ക് കടക്കുന്ന കേരളീയ കർഷക സമൂഹത്തിൻ്റെ ചിങ്ങമാസത്തിലെ അത്തം മുതൽ പത്താം ദിവസം തിരുവോണവും പിന്നെ രണ്ടു ദിവസം കൂടെയുമാണ് ഓണം.

Advertisment

മാത്രമല്ല ഇതേ ചിങ്ങത്തിലാണ് അഷ്ടമി രോഹിണിയും. ഉത്രാടം തുടങ്ങി 57ആം ദിനം 57ആം ഓണം എന്ന് ആഘോഷിക്കുന്ന സമ്പ്രദായവും കേരളത്തിൽ ഉണ്ടായിരുന്നു. പ്രായവും പക്വതയും തെളിയിക്കാനായി 'നിന്നെക്കാൾ ഇത്ര ഓണം കൂടുതൽ ഉണ്ടവനാടാ ഞാൻ' എന്നൊക്കെയുള്ള പ്രയോഗവും മലയാളികൾക്കിടയിലുണ്ട്.

publive-image

എന്നാൽ അന്തരീക്ഷത്തിലെ വായുവിന് പോലും വ്യക്തമായ രാഷ്ട്രീയം ഉള്ള ജനാധിപത്യ ഇന്ത്യയിൽ കുറച്ചു കാലങ്ങളായുള്ള തർക്കം മറ്റൊന്നാണ്. രാഷ്ട്രീയ തർക്കങ്ങൾ സുലഭമായ കേരളത്തിൽ ഓണവും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഒരു അത്ഭുത സംഭവമൊന്നുമല്ല.

എന്ത് പറഞ്ഞാലും അതിലെ വസ്തുത നോക്കിക്കാണേണ്ടതുണ്ടല്ലോ. ഒരു വ്യാഖ്യാനത്തിനും മുതിരില്ല ഇവിടെ, ഗ്രന്ഥത്തിൽ എന്താണോ പറഞ്ഞിരിയ്ക്കുന്നത് അത് മാത്രം പരാമർശിയ്ക്കും.

പലരും പല സംശയങ്ങളുമായി നടക്കുന്നു. വേണ്ടത്ര പുരാണ പരിചയം ഇല്ലാത്തവരെ ചില കഥകളൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും. ആ പുസ്തകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിലൂടെ ചിന്താകുഴപ്പത്തിലാക്കിയും, തങ്ങളുടെ ലക്‌ഷ്യം നേടുക എന്ന അധാർമിക പ്രവർത്തനത്തിൽ പലരും മനസ്സറിയാതെ പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. അതിന് ഒരു പരിഹാരം കാണുക എന്നതാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്.

publive-image

1, കേരളത്തിലെ നീതിമാനായ ഭരണാധികാരിയായിരുന്ന മഹാബലിയെ ദേവന്മാരുടെ ഏജൻ്റയ വാമനൻ ചവിട്ടി താഴ്ത്തിയത് ശരിയാണോ..?

2, യഥാർത്ഥത്തിൽ വാമനനെ നമ്മൾ ആദരിക്കുന്നത് ശരിയാണോ..?

3, അസുരൻ എന്ന ദേവൻ എന്നീ കുലങ്ങളുടെ മഹിമയ്ക്കാണോ അതോ കർമ്മങ്ങൾക്കാണോ പ്രാധാന്യം കൊടുക്കേണ്ടത്..?

ഇതിനെല്ലാം ചേർത്ത് സമഗ്രമായ ഒരു മറുപടി നൽകുവാനാണ്‌ ശ്രമിയ്ക്കുന്നത്. 

മഹാബലിയുടെ ചരിത്രം ഭഗവതത്തിലാണ് പറഞ്ഞിട്ടുള്ളത്. അതിൽ അഷ്ടമസ്കന്ദത്തിൽ വാമനാവതാരം എന്ന ഭാഗത്താണ് മഹാബലി കടന്നു വരുന്നത്. ആരാണ് ദേവന്മാരെന്നും അസുരന്മാരെന്നും മനസ്സിലാക്കിയെങ്കിൽ മാത്രമേ ഇതിന് തുടക്കം കുറിയ്ക്കാൻ സാധിയ്ക്കൂ. ബ്രഹ്മാവിൻ്റെ മകനായ കശ്യപ മഹർഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.

ദിതിയുടെ പുത്രന്മാരാണ് അസുരന്മാർ അദിതിയുടെ പുത്രന്മാരാണ് ദേവന്മാർ. അതായത് ഒരേ അച്ഛൻ്റെ രണ്ടു ഭാര്യമാരുടെ മക്കളാണ് ദേവന്മാരും അസുരന്മാരും. അപ്പോൾ കുലം ഒന്നു തന്നെ എന്ന് തീരുമാനമായി. ഇനി മഹിമ എന്നത് കർമ്മാനുസാരമാണെന്ന് മനസിലാക്കുക.

ഇനി മഹാബലിയെക്കുറിച്ച് ചിന്തിയ്ക്കാം. നരസിംഹ മൂർത്തിയെ തൂണിൽ നിന്നും പ്രത്യക്ഷപ്പെടുത്തിയ ഭക്തപ്രഹ്ളാദൻ്റെ പൗത്രനാണ് മഹാബലി, അതായത് പേരക്കുട്ടി. മഹാബലി ചക്രവർത്തി ദേവന്മാരോട് പലപ്പോഴും യുദ്ധം ചെയ്തിരുന്നു. ധർമ്മിഷ്ഠനായിരുന്നു മഹാബലി എന്ന് ഭാഗവതത്തിൽ തന്നെ പലയിടത്തും പരാമർശമുണ്ട്. അതെ സമയം തന്നെ അദ്ദേഹത്തിൻ്റെ ആസുരികമായ കർമ്മങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

എന്നാൽ ഓണത്തെക്കുറിച്ചു കേരളത്തിലെ വിവക്ഷ പോലെയല്ല അത്. കേരളത്തിൽ അവതരിപ്പിയ്ക്കപ്പെട്ട മഹാബലി സങ്കല്പം 'സഹോദരൻ അയ്യപ്പൻ' എന്ന നിരീശ്വരവാദിയായ വിപ്ലവകാരിയുടെ സിദ്ധാന്തമാണെന്നാണ് എൻ്റെ നിരീക്ഷണം.

publive-image

"മാവേലി നാട് വാണീടും കാലം.." എന്ന കവിത അദ്ദേഹത്തിൻ്റെയാണ്. അതിൽ അക്കാലത്തെ നമ്പൂരാരുടെ പ്രവൃത്തികളെ നിശിതമായി വിമർശിയ്ക്കുന്നുണ്ട് അദ്ദേഹം. അതിൽ തെറ്റ് പറയാൻ പറ്റില്ല.

ബുദ്ധിമുട്ട് അനുഭവിച്ചവന് മാത്രമേ അതിൻ്റെ നോവ് അറിയാൻ പറ്റൂ. എന്നാൽ എന്തു കൊണ്ടാണ് പ്രമാണികതയില്ലാതെ ഒരു കഥാപാത്രത്തിൻ്റെ സ്വഭാവസൃഷ്ടി അദ്ദേഹം നടത്തിയത് എന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് കരുതുകയേ നിവൃത്തിയുള്ളൂ.

ഇനി കഥാ സന്ദർഭത്തിലേക്ക് വരാം, മഹാബലി തമ്പുരാനോട്, മുമ്പ് യുദ്ധം ചെയ്തിരുന്ന ദേവകൾക്ക് കലശലായ ശത്രുതയുണ്ടായിരുന്നു. ദേവമാതാവ് അദിതിയുടെ മകനായി, ദേവേന്ദ്രൻ്റെ അനുജനായി വാമനസ്വാമി അവതരിച്ചു.

അങ്ങനെയിരിയ്ക്കുമ്പോൾ ശുക്രാചാര്യരുടെ കാർമികത്വത്തിൽ ഗുജറാത്തിലെ നർമ്മദാ തീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ യാഗഭൂമിയിൽ അശ്വമേധയാഗം നടത്തിയിരുന്ന മഹാബലിയോട് മൂന്നടി മണ്ണ് യാചിച്ചു. 'വാമനസ്വാമിയെ ഒഴിവാക്കി വിടൂ' എന്ന കുലഗുരു ശുക്രാചാര്യരുടെ നിർദ്ദേശം ലംഘിച്ച മഹാബലിയെ ശുക്രാചാര്യർ ശപിയ്ക്കുകയും ചെയ്തു.

publive-image

2X7=14 ലോകങ്ങളും മൂന്നടിയായി അളന്ന വാമനസ്വാമി ധർമ്മിഷ്ഠനായ മഹാബലിയെ കാൽപ്പാദം ശരസ്സിൽ വച്ച് അനുഗ്രഹിച്ചു‌ (ഇങ്ങനെത്തന്നെയാണ് ഭാഗവതത്തിൽ പറയുന്നത്).

ശേഷം മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വർഗ്ഗത്തെക്കാൾ സുന്ദരമായ സുതലത്തിൽ സകല സുഖത്തോടുംകൂടി വസിക്കാൻ അനുവദിച്ചു വെന്നും മറ്റെല്ലാ പ്രശ്നങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു ഭഗവാൻ മഹാവിഷ്ണു സുതലദ്വാരത്തിൽ കയ്യിൽ ഗദയും ധരിച്ചു കാവൽക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതത്തിൽ പറയുന്നു.

വിമർശകർ ഭാഗവതമാണോ അതോ സഹോദരൻ അയ്യപ്പൻ്റെ കവിതയാണോ റഫറൻസ് ആക്കിയതെന്ന് അറിഞ്ഞുകൂടാ (എന്തായാലും അറിവില്ലായ്മയെ അവലംബമാക്കിയിട്ടുണ്ട്). ഭാഗവതമാണെങ്കിൽ ഇതാണ് സംഗതി.

ലോകങ്ങളെ അളക്കുന്നതിനു മുമ്പ് വാമനസ്വാമിയും മഹാബലി തമ്പുരാനും തമ്മിലെ സംഭാഷണം വളരെ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. അതെല്ലാം വിശദീകരിയ്ക്കാൻ വയ്യ. എന്തായാലും ഗുജറാത്തിൽ നടന്ന സംഭവമാണ് മഹാബലിയുടെയും വാമനൻ്റെയും കഥ എന്ന് പുരാണങ്ങൾ പറയുന്നു. മഹാബലി കേരളം ഭരിച്ചിരുന്ന രാജാവായത് എപ്പോഴാണെന്ന് എനിയ്ക്കിതു വരെ മനസ്സിലായിട്ടില്ല.

publive-image

എന്തായാലും ഓണത്തിന് തൃക്കാക്കരയപ്പനെ ആരാധിയ്ക്കുന്ന ഒരു പുരാതന ആചാരം മലയാളത്തിനുണ്ട്. തൃക്കാക്കരയപ്പൻ വാമനസ്വാമിയാണ്. ഓണത്തപ്പൻ എന്നതും തൃക്കാക്കരയപ്പനാണ്. ഇതൊക്കെ കേൾക്കാൻ തയ്യാറാവാതെ ശബ്ദമുയർത്തിപ്പറഞ്ഞു യഥാർത്ഥ ചരിത്രം മാറ്റി പുതിയ ചരിത്രം സൃഷ്ടിയ്ക്കാൻ ശ്രമിയ്ക്കുന്നവരോട് എന്ത് മറുപടി പറയണം എന്ന് മനസ്സിലാകുന്നില്ല.

ഇനി മഹാബലി ഒരു മുസ്ലിം സുൽത്താനായിരുന്നു എന്ന് മാത്രം പറയാതിരുന്നാൽ മതിയായിരുന്നു. സുൽത്താനായിരുന്ന മഹാബലിയെ ഹിന്ദുവായ വാമനൻ ചവിട്ടിത്താഴ്ത്തിയതിലെ പക തീർക്കാനായിരുന്നു 1921ൽ മാപ്പിള കലാപം നടത്തിയതെന്നുകൂടെ അടിച്ചു വിട്ടാൽ കേരളത്തിൽ നല്ല പ്രചാരണം കിട്ടും. എന്തായാലും എല്ലാവരും നന്നായി ഓണമാഘോഷിയ്ക്കുക. നമ്മുടെ കാർഷിക സംസ്കാരത്തിൻ്റെ ഭാഗമാണ് ഓണം. അത് അതെ അർത്ഥത്തിൽ തന്നെ പോകട്ടെ. നമസ്തേ

#onam
Advertisment